
ദോഹ: ഇറാനില്‍നിന്നും പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ച് ക്വാറന്റൈന് വിധേയമാക്കിയവരില്‍ രോഗമുക്തരാണെന്ന് ഉറപ്പാക്കി ആദ്യബാച്ചിനെ വ്യാഴാഴ്ച വിട്ടയച്ചു. 121 പേരെയാണ് ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും വിട്ടയച്ചത്. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് അവസാനവട്ട പരിശോധനയിലും തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരുടെ മോചനം. ഖത്തറില്‍ നടപ്പാക്കിയിരിക്കുന്ന ഐസൊലേഷന്‍, നിയന്ത്രണ നടപടികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഖത്തറിലെ ഒരു ഹോട്ടലിലായിരുന്നു ഇവരെ ക്വാറന്റൈന് വിധേയമാക്കിയിരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായുള്ള പരിശോധനകളില്‍ വിജയിച്ചശേഷമാണ് ഇവരെ വിട്ടയച്ചതെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്(പിഎച്ച്സിസി) ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കി. വൈറസില്‍ നിന്നും മുക്തരാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് പൗരന്മാര് ഉള്‍പ്പടെയുള്ളവരെ വിട്ടയച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ ഡയറക്ടര്‍ ശൈഖ് ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി അറിയിച്ചു. വിട്ടയക്കപ്പെട്ടവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഒരാഴ്ചത്തേക്ക് ഐസൊലേഷനില്‍ തുടരണമെന്ന് മന്ത്രാലയം അവരോടു ഉപദേശിച്ചിട്ടുണ്ട്. ഇവരില്‍ അവസാനത്തെ കൊറേണ വൈറസ് പരിശോധന ബുധനാഴ്ചയാണ് നടത്തിയത്. റിപ്പോര്‍ട്ടുകള്‍ നെഗറ്റീവായിരുന്നു. ക്വാറന്റൈനുമായി സഹകരിച്ചതിന് അവരോടു ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചു.