in

ക്ഷുഭിത യൗവ്വനങ്ങളെ ഓര്‍ത്തെടുത്ത് അവര്‍ നടന്നുപോയത് കലാലയ മുറ്റങ്ങളിലേക്ക്

അശ്‌റഫ് തൂണേരി 

ക്ഷുഭിത യൗവ്വനങ്ങളിലെ ത്രസിപ്പിക്കുന്ന അനുഭവങ്ങളും ആവേശപ്പോരാട്ടങ്ങളും ഓര്‍ത്തെടുത്ത് അവരൊത്ത് ചേര്‍ന്നപ്പോള്‍ ഒരുവേള പഴയ കലാലയ മുറ്റങ്ങളിലേക്ക് അവര്‍ തിരിച്ചുപോയി. ആടിയും പാടിയും രാഷ്ട്രീയം പറഞ്ഞും വസന്തമായി പെയ്ത പോയകാലത്തെ അവര്‍ നെഞ്ചോട് ചേര്‍ത്തു. ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി തുമാമ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച ‘ഓര്‍മ്മയിലൊരു എം എസ് എഫ് കാലം’  പതിവ് ചടങ്ങുകളുടെ ഔപചാരികതയ്ക്കപ്പുറം വേറിട്ടു നിന്നു. ചടങ്ങ് തീര്‍ന്നിട്ടും അത് പെയ്തുകൊണ്ടിരുന്നു, മനസ്സിലെ മരങ്ങളില്‍ നിന്നുള്ള ഓര്‍മ്മപ്പെയ്ത്…. കാസര്‍ക്കോട് ഗവണ്‍മെന്റു കോളെജില്‍ നിന്ന് എ ബി വി പിക്കാരായ ആക്രമി സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തില്‍ തലപൊട്ടി ചോരയൊലിച്ച് ആശുപത്രിയില്‍ കിടക്കേണ്ടി വന്ന എം എസ് എഫ് കാലം ഇന്നും ഞെട്ടലുളവാക്കുന്നുവെന്നാണ്  എസ് എ എം ബഷീര്‍ എന്ന പഴയ വിദ്യാര്‍ത്ഥി നേതാവ് വ്യക്തമാക്കിയതെങ്കില്‍ അറുപതുകളിലെ ഫാറൂഖ് കോളെജ് എം എസ് എഫ് കാലത്തെ പ്രവര്‍ത്തന മികവ് വെളിപ്പെടുത്തിയാണ്  എഴുത്തുകാരനായ മുഹമ്മദ് പാറക്കടവ് സംസാരിച്ചത്. വിദ്യാര്‍ത്ഥി ജീവിത കാലത്ത് റിപ്പോര്‍ട്ടിംഗില്‍ താത്പര്യം മൂത്ത് തന്റെ നാട്ടില്‍ നിന്ന് ചന്ദ്രിക ദിനപത്രത്തിലേക്ക് വാര്‍ത്ത അയച്ചതും അത് ആ ഏരിയയിലെ ലേഖകനെ വിഷമിപ്പിച്ചതും അദ്ദേഹം വിശദീകരിച്ചു. മുസ്ലിം പെണ്‍കുട്ടികള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം നേടുന്നത് പോലും വാര്‍ത്തകളില്‍ ഇടം നേടിയ കാലമായിരുന്നുവെന്നും മുഹമ്മദ് ചൂണ്ടിക്കാട്ടി. കാസര്‍ക്കോട് കോളെജിലെ ആര്‍ എസ് എസ് ആക്രമണത്തില്‍ പരുക്കേറ്റ്  ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തന്നെ മഹാനായ സി എച്ഛ് മുഹമ്മദ് കോയയും ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും കാണാനെത്തിയതും ധന്യാനുഭവമായി വിശദീകരിച്ച എസ് എ എം ബഷീര്‍ തനിക്ക് മര്‍ദ്ദനമേല്‍ക്കാന്‍ കാരണക്കാരനായ കെ എസ് യു നേതാവിനെക്കാണാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരും വരാതിരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഹൃദയത്തില്‍ മുറിവായി ഏറ്റുവാങ്ങി ആ നേതാവ് പിന്നീട് എം എസ് എഫ് ആയ കഥയും വിവരിച്ചത് സദസ്സ് സാകൂതം കേട്ടു. ഹബീബിയന്‍ ഇറ (എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹബീബുര്‍റഹ്മാന്റെ കാലഘട്ടം)യുടെ ആവേശം തന്റെ തലമുറയെപ്പോലും ഊര്‍ജ്ജം കൊള്ളിച്ച അനുഭവമാണ് ഉജ്ജ്വലമായ എം എസ് എഫ് കാലം വിദ്യാര്‍ത്ഥി സമൂഹത്തിന് പകര്‍ന്നുനല്‍കിയ മുന്‍ സംസ്ഥാന എം എസ് എഫ് പ്രസിഡന്റ് ടി ടി ഇസ്മാഈല്‍ പറഞ്ഞത്. ഈയ്യിടെ മാത്രം എല്‍ എല്‍ ബി പൂര്‍ത്തിയാക്കിയ താന്‍ എന്നും വിദ്യാര്‍ത്ഥിത്വം കാത്തുസൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സന്തത സഹചാരിയായ മുന്‍ എം എസ് എഫ് സംസ്ഥാന നേതാവ് അഡ്വ. ടി പി വി ഖാസിമിന് പൊടുന്നനെയുണ്ടായ ശാാരീരിക അവശതയില്‍ മനംനൊന്ത് പ്രാര്‍ത്ഥിക്കാന്‍ സദസ്സിനെ ആഹ്വാനം ചെയ്ത ടി ടി ഇസ്മാഈല്‍ സി എച്ച് മുഹമ്മദ് കോയ സാഹിബും, സീതിസാഹിബും നല്‍കിയ ധിഷണ ബോധമാണ് നമ്മുടെ എംഎസ്എഫ് കാലത്തെ ഓര്‍ക്കാന്‍ മാത്രം വിഭവസമൃദ്ധമാക്കിയതെന്നും പറഞ്ഞുവെച്ചു.  സുദര്‍ശന്‍ പത്മനാഭന്‍മാര്‍ ജീവിക്കുന്ന കാലത്ത് ഫാത്തിമാ ലതീഫുമാര്‍ നമ്മുടെ മനസ്സുകളെ വല്ലാതെ ഉലക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്നത്തെ ഇന്ത്യനവസ്ഥ വ്യക്തമാക്കിയതായിരുന്നു മിസ്ഹബ് കീഴരിയൂറിന്റെ പ്രഭാഷണം. ഇസ്തിരിയിട്ട  ചില പദപ്രയോഗം എന്ന അര്‍ത്ഥത്തിലല്ല ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയം എംഎസ്എഫ് ഏറ്റെടുത്തത്. ഗുജറാത്തിലെ ചോദ്യ പേപ്പറില്‍ ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന ചോദ്യം വന്നത് നമ്മള്‍ ജീവിക്കുന്ന 2019ല്‍ ലളിതമായ തമാശയാണ്.  എങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗാന്ധിജി ജനിച്ച നാട്ടിലെ ചോദ്യപേപ്പറില്‍ വന്ന ചോദ്യത്തെ ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാവുന്ന പരിവാര്‍ അജണ്ടയാണ് അതെന്ന തിരിച്ചറിവ് നല്‍കാന്‍ വിദ്യാര്‍ത്ഥിസമൂഹത്തെ പര്യാപ്തമാക്കുക എന്ന തിരിച്ചറിവിലാണ് ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തിന്റെ പ്രസക്തി. നമ്മുടെ ബഹുസ്വരതയുടെയും മതസൗഹാര്‍ദത്തിന്റയും ജനാധിപത്യത്തിന്റെയും  സൗന്ദര്യം നിലനിര്‍ത്താന്‍ ജാതിമതഭേദമന്യേയുള്ള സമന്വയ വിദ്യാഭ്യാസ സംസ്‌കാരങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പുതിയ കാല ഫാഷിസ്റ്റ് ഭീതിയെ നാം ചങ്കുറപ്പോടെയാണ് നേരിടേണ്ടത്. ഭരണകൂട ഭീകരതക്ക് മുന്നില്‍ തലകുനിച്ചു വിധേയത്വത്തിന്റെ ഭാഷയില്‍ പിറു പിറുക്കേണ്ടവരല്ല വിദ്യാര്‍ഥികള്‍ മറിച്ച് തലയുയര്‍ത്തി മുദ്രാവാക്യം വിളിക്കാന്‍ ശീലിക്കേണ്ടവരാണെന്നും മിസ്ഹബ് എടുത്തുപറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പഴയ കാല എം എസ് എഫ് പ്രവര്‍ത്തകരും നേതാക്കളുമടങ്ങുന്നവര്‍ പങ്കെടുത്ത പരിപാടിയില്‍ ടി ടി കുഞ്ഞമ്മദ്,  സലീം നാലകത്ത്,  ലത്തീഫ് ഫറോക്ക്, സലാല കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ ജാതിയേരി, റാഷിദ് പുളിങ്ങോം, കെഎം അംശദ് പൊന്നാനി ഉള്‍പ്പെടെ നിരവധി പേര്‍ പോയ കാല വിദ്യാര്‍ത്ഥി ജീവിതത്തെ അനുസ്മരിച്ചു സംസാരിച്ചു. സ്വാഗത പ്രഭാഷണത്തില്‍ തന്റെ എം എസ് എഫ് കാലത്തെ വീണ്ടെടുപ്പായിരുന്നു റഹീസ് പെരുമ്പ നടത്തിയത്. പി വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ച ചടങ്ങില്‍ കോയ കൊണ്ടോട്ടി എം എസ് എഫ് ചരിത്രം വിശദീകരിച്ചു.  ഒഎ കരീം അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, കാസര്‍കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, തിരുവമ്പാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ പി സുധീര്‍, കെ വി കെ അയ്യൂബ്, സുള്‍ഫിക്കര്‍ അലി കയ്യാര്‍, എം എച്ഛ് മുഹമ്മദ് കുഞ്ഞി, എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാമില്‍ തുടങ്ങിയവരും  മറ്റ് സംസ്ഥാന കെ എം സി സി  നേതാക്കളും സംബന്ധിച്ച ചടങ്ങില്‍ മുസ്തഫ എലത്തൂര്‍ നന്ദി പറഞ്ഞു.എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഹബീബ് സെന്റര്‍ നിര്‍മ്മാണത്തിനും, സിവില്‍ സര്‍വീസ് പരീക്ഷ പഠന പരിപാടിക്കും  സഹായം നല്‍കിയ ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റിക്ക് എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ചടങ്ങില്‍ മിസ്ഹബ് കൈമാറിയതും ശ്രദ്ധേയമായി

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗബ്രോണിലേക്ക് നേരിട്ട് സര്‍വീസുമായി ഖത്തര്‍ എയര്‍വെയ്‌സ്‌

പ്രമേഹത്തെ മറികടക്കാന്‍ കൂട്ടനടത്തം; പങ്കെടുത്തത് ആയിരങ്ങള്‍