
ദോഹ: ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍ സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഖതൈഫാന്‍ പ്രൊജക്റ്റ്‌സും വാട്ടര്‍പാര്‍ക്ക്‌സ് വ്യവസായമേഖലയിലെ പ്രമുഖ കമ്പനിയായ വൈറ്റ് വാട്ടര്‍ വെസ്റ്റും കരാറില്‍ ഒപ്പുവച്ചു.
ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തിന്റെ വികസനത്തിനും നടത്തിപ്പിനുമായി കത്താറ ഹോസ്പിറ്റാലിറ്റി രൂപീകരിച്ച കമ്പനിയാണ് ഖതൈഫാന്‍ പ്രൊജക്ട്‌സ്. 11 ബില്യണ്‍ ഖത്തര്‍ റിയാലാണ് പുതിയ കമ്പനിയുടെ മൂല്യം. ആഗോള രംഗത്തെ മുന്‍നിര ഹോട്ടല്‍, ഡെവലപര്‍, ഓപറേറ്റര്‍ കമ്പനിയാണ് കത്താറ ഹോസ്പിറ്റാലിറ്റി. ഖതൈഫാന്‍ നോര്‍ത്ത് ഐലന്‍ഡില്‍ വാട്ടര്‍പാര്‍ക്ക് റൈഡുകളുടെ നിര്‍മാണം, ഷിപ്‌മെന്റ്, ഇന്‍സ്റ്റലേഷന്‍ എന്നിവയ്ക്കായാണ് കരാര്‍.
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍പാര്‍ക്കായിരിക്കും ലുസൈലില്‍ സ്ഥാപിക്കുന്നത്. വൈറ്റ് വാട്ടര്‍ വെസ്റ്റ് കമ്പനി ഏറ്റവും അവസാനം ഡിസൈന്‍ ചെയ്ത പ്രൊജക്റ്റിന്റെ രണ്ടിരട്ടി വലിപ്പം വരുന്നതാണ് ഖത്തറില്‍ നിര്‍മിക്കുന്ന പാര്‍ക്ക്. ഖതൈഫാന്‍ പ്രൊജക്റ്റ്‌സ് മാനേജിങ് ഡയറക്ടര്‍ ശൈഖ് നാസര്‍ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും വൈറ്റ് വാട്ടര്‍ വെസ്റ്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജെഫ് ചട്ടറുമാണ് കരാറില്‍ ഒപ്പുവച്ചത്.
ഉന്നതനിലവാരത്തിലുള്ള ടൂറിസം സൗകര്യങ്ങളുടെ വര്‍ധിച്ച ആവശ്യകത നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഖതൈഫാന്‍ പ്രൊജക്റ്റ്‌സ് സ്ഥാപിച്ചത്. വൈറ്റ് വാട്ടര്‍ വെസ്റ്റുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് നാസര്‍ പറഞ്ഞു. ദ്വീപിലെ ഏറ്റവും സുപ്രധാനമായ ഘടകമായി കണക്കാക്കുന്നത് വാട്ടര്‍പാര്‍ക്കാണ്.
സന്ദര്‍ശകരുടെ പ്രിയ ആകര്‍ഷകരകേന്ദ്രമായി ദ്വീപുകളും വാട്ടര്‍പാര്‍ക്കുകളും മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്ത് പൊതുവായും വാട്ടര്‍പാര്‍ക്ക് പ്രത്യേകമായും സന്ദര്‍ശകരുടെ പ്രിയകേന്ദ്രമായി മാറും.
2022 ഫിഫ ലോകകപ്പിലുള്‍പ്പടെ സന്ദര്‍ശകരുടെ ആകര്‍ഷക കേന്ദ്രമായി മാറും. ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്ത് ആദ്യഘട്ട വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ അറ്റ്കിന്‍സുമായി കത്താറ ഹോസ്പിറ്റാലിറ്റി കരാറിലെത്തിയിരുന്നു. ലുസൈല്‍ സിറ്റിക്ക് അരികെയാണ് ഖതൈഫാന്‍ ദ്വീപ്.
ഖതൈഫാന്‍ ഐലന്‍ഡ് സൗത്തിന്റെ വികസനവും നടത്തിപ്പുചുമതലയും ലുസൈല്‍ റിയല്‍ എയസ്റ്റേറ്റ് കമ്പനിയ്ക്കായിരുന്നു. നൂതനവും ആകര്‍ഷകവുമായ തൂക്കുപാലം മുഖേന രണ്ട് ദ്വീപുകളെയും ലുസൈലുമായി ബന്ധിപ്പിക്കും.
ഖതൈഫാന്‍ പദ്ധതികളുടെ ആദ്യഘട്ടം 2022ന്റെ ആദ്യപാദത്തില്‍ പൂര്‍ത്തിയാകും. അക്വാപാര്‍ക്, 400 മുറികളുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ഏകദേശം 3.5 ലക്ഷം ചതുരശ്ര മീറ്റര്‍ വരുന്ന അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാണിത്. ലിനിയര്‍ പാര്‍ക്, മിശ്രോപയോഗ താമസ സമുച്ഛയം, റീട്ടെയില്‍ പ്ലാസ, സൂഖ്, ജീവനക്കാരുടെ താമസസ്ഥലം, തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
ലുസൈല്‍ സിറ്റി വികസന പദ്ധതിയിലെ പ്രധാന ഘടകമാണ് ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്. ഇതില്‍ ആഡംബര സ്വഭാവമുള്ള വാട്ടര്‍ പാര്‍ക്, ആഡംബര ഹോട്ടലുകള്‍, മികവുറ്റതും മനോഹരവുമായ താമസകേന്ദ്രം, ലോകോത്തര ആഡംബര താമസസൗകര്യങ്ങള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലുസൈല്‍ സിറ്റി വിപുലീകരണ പദ്ധതിയിലെ നിര്‍ണായക ഘടകമാണ് ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്ത്.