
ദോഹ: ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തിന്റെ ഒന്നാംഘട്ട വികസനത്തിലെ പ്ലോട്ടുകളുടെ വില്‍പ്പന സിറ്റിസ്‌കേപ്പ് 2019ല്‍ നടക്കും. പദ്ധതിയുടെ ഭാഗമായ വിവിധോദ്ദേശ്യ, റസിഡന്‍ഷ്യല്‍ പ്ലോട്ടുകളാണ്(ടവറുകളും വില്ലകളും) ദേശീയ, രാജ്യാന്തര നിക്ഷേപകര്‍ക്കായി സിറ്റിസ്‌കേപ്പ് എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നത്. ഖതൈഫാന്‍ ദ്വീപിന്റെ വികസനത്തിനും നടത്തിപ്പിനുമായി കത്താറ ഹോസ്പിറ്റാലിറ്റി രൂപീകരിച്ച പുതിയ കമ്പനിയായ ഖതൈഫാന്‍ പ്രൊജക്ടസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര വസ്തുക്കച്ചവട വികസന, നിക്ഷേപക പരിപാടിയായ സിറ്റിസ്‌കേപ് ഖത്തര്‍ 2019 ഒക്ടോബര്‍ 22 മുതല്‍ 24വരെ ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ്.
ലുസൈല്‍ സിറ്റിക്ക് അരികെയാണ് ഖതൈഫാന്‍ ദ്വീപ്. ഖതൈഫാന്‍ ഐലന്‍ഡ് സൗത്തിന്റെ വികസനവും നടത്തിപ്പുചുമതലയും ലുസൈല്‍ റിയല്‍ എയസ്റ്റേറ്റ് കമ്പനിയ്ക്കായിരുന്നു. നൂതനവും ആകര്‍ഷകവുമായ തൂക്കുപാലം മുഖേന രണ്ട് ദ്വീപുകളെയും ലുസൈലുമായി ബന്ധിപ്പിക്കും. ഖതൈഫാന്‍ ദ്വീപ് നോര്‍ത്ത് പദ്ധതി 2021 നവംബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഖതൈഫാന്‍ പ്രൊജക്റ്റ്‌സ് മാനേജിങ് ഡയറക്ടറും കത്താറ ഹോസ്പിറ്റാലിറ്റി വൈസ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഖത്തര്‍ ട്രിബ്യൂണിനോടു പ്രതികരിച്ചു. വാട്ടര്‍പാര്‍ക്ക്, ഹോട്ടലുകള്‍, ഗ്രീന്‍ ലീനിയര്‍ പാര്‍ക്ക്, ബീ്ച്ച് ക്ലബ്ബ്, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, പെന്റ്ഹൗസുകള്‍, റീട്ടെയ്ല്‍ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒന്നാംഘട്ടത്തിന്റെ ഭാഗമാണ്.
ഇവയെല്ലാം 2021 അനസാനത്തിനുള്ളില്‍ സജ്ജമാകും. ദ്വീപില്‍ ഫാന്‍സോണ്‍ സജ്ജമാക്കുന്നതിനായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമായി കരാറിലെത്തിയിട്ടുണ്ട്. ഫാന്‍സോണില്‍ 5000 പേരെ ഉള്‍ക്കൊള്ളാനാകും. പദ്ധതിയിലെ ബീച്ച് ക്ലബ്ബ് 2020ന്റെ ആദ്യപാദത്തില്‍ പൂര്‍ത്തിയാകും. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ ഖതൈഫാന്‍ വടക്കന്‍ ദ്വീപില്‍ 15,000 താമസക്കാരെ ഉള്‍ക്കൊള്ളാനാകും. ഇതിനുപുറമെ പ്രതിദിനം 15,000 അതിഥികളെയും സന്ദര്‍ശകരെയും ഉള്‍ക്കൊള്ളുന്നതിനും സൗകര്യമുണ്ടാകും.
കെജി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളുള്ള രാജ്യാന്തര സ്‌കൂള്‍, മെഡിക്കല്‍ സെന്റര്‍ എന്നിവയുമുണ്ടാകും. അക്വാപാര്‍ക്, 400 മുറികളുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍, ഏകദേശം 3.5 ലക്ഷം ചതുരശ്ര മീറ്റര്‍ വരുന്ന അടിസ്ഥാന സൗകര്യ വികസനം എന്നിവ പദ്ധതിയുടെ ഭാഗമാണ്. ലിനിയര്‍ പാര്‍ക്, മിശ്രോപയോഗ താമസ സമുച്ഛയം, റീട്ടെയില്‍ പ്ലാസ, സൂഖ്, ജീവനക്കാരുടെ താമസസ്ഥലം, തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
ലുസൈല്‍ സിറ്റി വികസന പദ്ധതിയിലെ പ്രധാന ഘടകമാണ് ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്. ഇതില്‍ ആഡംബര സ്വഭാവമുള്ള വാട്ടര്‍ പാര്‍ക്, ആഡംബര ഹോട്ടലുകള്‍, മികവുറ്റതും മനോഹരവുമായ താമസകേന്ദ്രം, ലോകോത്തര ആഡംബര താമസസൗകര്യങ്ങള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലുസൈല്‍ സിറ്റി വിപുലീകരണ പദ്ധതിയിലെ നിര്‍ണായക ഘടകമാണ് ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്ത്. ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ വാട്ടര്‍ പാര്‍ക്ക് റൈഡുകളും സ്ഥാപിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍പാര്‍ക്കായിരിക്കും ലുസൈലില്‍ സ്ഥാപിക്കുന്നത്.