
ദോഹ: പ്രാദേശിക പച്ചക്കറികളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പ്രതികരണം. പ്രാദേശിക പച്ചക്കറികളുടെ ആവശ്യകതയില്‍ കാര്യമായ വര്‍ധനവ് സൃഷ്ടിക്കാന്‍ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. ഖത്തരി പച്ചക്കറികള്‍ക്ക് ജനപ്രീതിയുമേറുന്നു.
ഖത്തര്‍ ഫാംസ് പ്രോഗ്രാം, പീമിയം വെജിറ്റബിള്‍സ് പ്രോഗ്രാം എന്നിവയിലൂടെയാണ് പ്രധാനമായും പ്രാദേശിക പച്ചക്കറികള്‍ തദ്ദേശവിപണിയില്‍ വിറ്റഴിക്കുന്നത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ ഫാംസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. തദ്ദേശീയയ ഉത്പന്നങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫ്രഷും ഇറക്കുമതി ചെയ്യുന്നവയേക്കാള്‍ മികച്ച ഗുണനിലവാരമുള്ളവയുമാണ് തദ്ദേശീയ ഉത്പന്നങ്ങള്‍. അല്‍മീര, കാരിഫോര്‍, ലുലു, ഫാമിലി ഫുഡ്‌സെന്റര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. തക്കാളി, വെള്ളരി, സ്‌ക്വാഷ്, കുരുമുളക്, എഗ്പ്ലാന്റ്്, ക്യാബേജ്, ബ്രോക്കളി, ഇലകള്‍ തുടങ്ങിയ പ്രാദേശിക പച്ചക്കറികള്‍ ഈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. പ്രാദേശിക ഉത്പന്നങ്ങളുടെ ലഭ്യത കാരണം വിലയിലും കുറവുണ്ടാകുന്നുണ്ട്. പ്രാദേശിക ഉത്പാദന സീസണ്‍ പന്ത്രണ്ട് മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഖത്തരി പച്ചക്കറികളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉപഭോക്തൃ കോംപ്ലക്‌സുകളില്‍ ഖത്തരി പച്ചക്കറികളുടെ വിപണം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പദ്ധതിക്ക് തുടക്കംകുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഖത്തരി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉന്നത ഗുണനിലവാരമുള്ള പച്ചക്കറികള്‍ വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു. കോംപ്ലക്‌സുകളില്‍ ഖത്തരി പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കര്‍ശനമായ നിര്‍ദേശവും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.