in ,

ഖത്തരി പൗരന്റെയും മകന്റെയും തിരോധാനം രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമെന്ന് ഖത്തര്‍

ഡോ. മുഹമ്മദ് സെയ്ഫ് അല്‍കുവാരി

ദോഹ: ഖത്തരി പൗരന്റെയും മകന്റെയും സഊദി അറേബ്യയിലെ നിര്‍ബന്ധിത തിരോധാനം എല്ലാ രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍. ഖത്തറിനും ഖത്തരികള്‍ക്കുമെതിരെ സഊദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് രാജ്യങ്ങളുടെ അന്യായ ഉപരോധം തുടരുകയാണ്.

ഒരിക്കലും നീതീകരിക്കാനാകാത്ത കാര്യമാണ് 2018 ജൂലൈ മുതല്‍ നടക്കുന്നതെന്നും യാതൊരു വിചാരണയില്ലാതെയാണ് ഖത്തരിയും മകനും സഊദിയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നതെന്നും ദേശീയ മനുഷ്യാവകാശ സമിതി (എന്‍എച്ച്ആര്‍സി) വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് സെയ്ഫ് അല്‍കുവാരി പറഞ്ഞു.

ഖത്തറിനോട് സഹതാപം പ്രകടിപ്പിക്കുന്നവരെ പോലും വേട്ടയാടുന്നു. ഗള്‍ഫ്പ്രതിസന്ധിക്ക് ശേഷമുള്ള നിര്‍ബന്ധിത തിരോധാനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്‍എച്ച്ആര്‍സിക്ക് കടുത്ത ഉത്കണ്ഠയുണ്ട്. സഊദിയില്‍ ഉള്‍പ്പടെ നിരവധി ഖത്തരി പൗരന്‍മാര്‍ സമാനമായ സാഹചര്യങ്ങള്‍ നേരിടുന്നു.

ഒരു ഖത്തരി പൗരനും അദ്ദേഹത്തിന്റെ മകനെയും സഊദിയില്‍ നിന്ന് കാണാതായിരിക്കുന്നു. അധികൃതരുടെ ഇടപെടല്‍ മൂലമുള്ള നിര്‍ബന്ധിത തിരോധാനമാണ് ഉണ്ടായിരിക്കുന്നത്.

ഖത്തരി പൗരന്‍മാരുടെ സഊദിയിലെ കാണാതാകല്‍ യുദ്ധസാഹചര്യങ്ങള്‍ക്കിടയാക്കിയിട്ടില്ലെന്നും ഡോ.അല്‍കുവാരി ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സാഹചര്യം സൃഷ്ടിച്ചിട്ടില്ലെന്നും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം പോലുള്ള സാഹചര്യങ്ങള്‍ ഇതിന്റെ ഫലമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള യുദ്ധഭീഷണിയും ഇല്ല. ആഭ്യന്തരമായ രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. നിര്‍ബന്ധിത കാണാതാകലിന്റെ ഇരകളുടെ രാജ്യാന്തര ദിനാചരണത്തിന്റൈ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

70 വയസുള്ള ഖത്തരി പൗരന്‍ അലി നാസര്‍ അലി ജാറല്ലാഹും 17 വയസുള്ള മകന്‍ അബ്ദുല്‍ഹാദിയും ഫാമിലി പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് 15നാണ് സഊദിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരുവരെയും കാണാതായതിനെക്കുറിച്ച് വിശ്വസനീയ വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം എന്‍എച്ച്ആര്‍സി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഈ ആഗസ്റ്റ് 18ന് ഉച്ചക്ക് ഒന്നു മുതല്‍ സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഇവരെ ബലമായി കാണാതായെന്നാണ് ലഭിച്ച വിവരങ്ങള്‍. അവരെ അധികൃതര്‍ അറസ്റ്റ്‌ചെയ്യുകയും വെളിപ്പെടുത്താത്ത സ്ഥലത്ത് താമസിപ്പിച്ചിരിക്കുകയുമാണെന്നാണ് സൂചനകള്‍.

എല്ലാ രാജ്യാന്തര, മേഖലാ ഉടമ്പടികളുടെയും ലംഘനമാണിത്. പ്രത്യേകിച്ചും സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള രാജ്യാന്തര ഉടമ്പടിയുടെ ഒമ്പതാം വകുപ്പിന്റെയും മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് ചാര്‍ട്ടറിലെ പതിനാലാം വകുപ്പിന്റെയും ലംഘനമാണിത്.

ഖത്തരി പൗരന്‍മാരുടെ ജീവിതം, ശാരീരിക ആരോഗ്യ സുരക്ഷ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം സഊദിക്കായിരിക്കുമെന്നും സമിതി വ്യക്തമാക്കി. ഇരുവരുടെയും നിലവിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തുകയും അവരെ ഉടന്‍ വിട്ടയക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഖത്തരി പൗരന്‍മാര്‍ക്കെതിരായ ആസൂത്രിതവും കടുത്തതുമായ ലംഘനങ്ങള്‍ ഉടന്‍ തടയുന്നതിനായി മനുഷ്യാവകാശ കൗണ്‍സില്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍, നിര്‍ബന്ധിത സ്വമേധയാ തിരോധാനം സംബന്ധിച്ച യുഎന്‍ വര്‍ക്കിങ് ഗ്രൂപ്പ് എന്നിവയുടെ ഇടപെടലുണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്റ്റാര്‍സ് ലീഗ്: അല്‍ഖോറിന് വിജയം, ദുഹൈലിന് സമനില

ഐസിസിയില്‍ സംഗീത ഷോ ആകര്‍ഷകമായി