in ,

ഖത്തരി ഫാംസ് പദ്ധതി: പച്ചക്കറി വില്‍പ്പനയില്‍ 318 ശതമാനം വര്‍ധന

ദോഹ: പ്രാദേശിക പച്ചക്കറികളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആവിഷ്‌കരിച്ച ഖത്തര്‍ ഫാംസ് പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വില്‍പ്പനയില്‍ 318 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ആദ്യസീസണില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച 1969 ടണ്‍ പച്ചക്കറികളാണ് വില്‍പ്പന നടത്തിയതെങ്കില്‍ രണ്ടാം സീസണില്‍ 8226 ടണ്‍ പച്ചക്കറികള്‍ വിറ്റുപോയി.

318 ശതമാനം വര്‍ധന. ഇടത്തരക്കാരുടെ ഇടപെടലില്ലാതെ പച്ചക്കറികള്‍ വിപണനം നടത്തുന്നതിനുള്ള അവസരമാണ് കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ലഭിക്കുന്നത്. താങ്ങാവുന്ന വിലയ്ക്ക് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മന്ത്രാലയം ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ ഫാംസ് പദ്ധതി.

തദ്ദേശീയ ഉത്പന്നങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ലക്ഷ്യം. പ്രാദേശിക പച്ചക്കറികളുടെ വിപണനത്തിനായുള്ള ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് ഈ പദ്ധതി. പത്തിലധികം വാണിജ്യ കോംപ്ലക്‌സുകള്‍ രണ്ടാം സീസണിന്റെ ഭാഗമായിട്ടുണ്ട്. രാജ്യത്തെ 140 പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഫ്രഷ് പച്ചക്കറികള്‍ സുപ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.

ഫ്രഷാണെന്നതിനു പുറമെ ഇറക്കുമതി ചെയ്യുന്നവയേക്കാള്‍ മികച്ച ഗുണനിലവാരമുള്ളവയുമാണ് തദ്ദേശീയ ഉത്പന്നങ്ങള്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ആദ്യ സീസണ്‍. ആ ഘട്ടത്തില്‍ അല്‍മീര, കാരിഫോര്‍, ലുലു, ഫാമിലി ഫുഡ്‌സെന്റര്‍ എന്നീ നാലു സൂപ്പര്‍മാര്‍ക്കറ്റുകളാണ് പദ്ധതിയുമായി സഹകരിച്ചത്. തക്കാളി, വെള്ളരി, സ്‌ക്വാഷ്, കുരുമുളക്, എഗ്പ്ലാന്റ്, ക്യാബേജ്, ബ്രോക്കളി, ഇലകള്‍ തുടങ്ങിയ പ്രാദേശിക പച്ചക്കറികള്‍ ഈ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വില്‍പ്പന നടത്തി.

രാജ്യത്തെ ആകെ പ്രാദേശിക പച്ചക്കറി വില്‍പ്പനയുടെ ഏകദേശം 20 ശതമാനവും ഖത്തരി ഫാംസ് പദ്ധതി മുഖേനയാണ്. രണ്ടാം സീസണില്‍ വില്‍പ്പനയുടെ 56ശതമാനവും അല്‍മീര മുഖേനയായിരുന്നു. ലുലുവില്‍ 19ശതമാനവും കാരിഫോറില്‍ 15 ശതമാനവും ഫാമിലി ഫുഡ്‌സെന്ററില്‍ ഏഴു ശതമാനും വീതമായിരുന്നു വിറ്റുപോയത്. പ്രാദേശിക ഉത്പന്നങ്ങളുടെ ലഭ്യത കാരണം വിലയിലും കുറവുണ്ടാകുന്നുണ്ട്. ഖത്തരി പച്ചക്കറികളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഉപഭോക്തൃ കോംപ്ലക്‌സുകളില്‍ ഖത്തരി പച്ചക്കറികളുടെ വിപണം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഖത്തരി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉന്നത ഗുണനിലവാരമുള്ള പച്ചക്കറികള്‍ വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു. കോംപ്ലക്‌സുകളില്‍ ഖത്തരി പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കര്‍ശനമായ നിര്‍ദേശവും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രാദേശിക പച്ചക്കറികളുടെ ആവശ്യകതയില്‍ കാര്യമായ വര്‍ധനവ് സൃഷ്ടിക്കാന്‍ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. ഖത്തരി പച്ചക്കറികള്‍ക്ക് ജനപ്രീതിയുമേറുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബലദ്‌ന റമദാന്‍ ടെന്റുകളില്‍ 10,000 ലിറ്റര്‍ ലോങ്‌ലൈഫ് പാല്‍ വിതരണം ചെയ്തു

ഗസക്ക് സഹായം: ക്യുആര്‍സിഎസ് ക്യാമ്പയിന് പിന്തുണയുമായി ക്യുഎഫ്‌സി