
ദോഹ: ആദ്യ റഫാല്‍ സേനാവിഭാഗത്തിനും റഫാല്‍ യുദ്ധവിമാനത്തിനും ഖത്തറില്‍ ആവേശകരമായ സ്വീകരണം. ദുഖാന്‍ എയര്‍ബേസില്‍ നടന്ന സ്വീകരണചടങ്ങില്‍ സായുധ സേന കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

ഖത്തരി അമീരി വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധ വിമാന സേനാവിഭാഗത്തിലെ ഓഫീസര്‍മാര്‍, നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, സേനാവിഭാഗത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്കും ഖത്തര്‍ സ്വീകരിച്ച ആദ്യ റഫാല്‍ യുദ്ധവിമാനത്തിനുമാണ് ദുഖാന്‍ എയര്‍ബേസില്‍ സ്വീകരണമൊരുക്കിയിരുന്നത്.

അല്‍അദിയാത് എന്നാണ് ഖത്തരി റാഫാല്‍ ഫൈറ്റര്‍ സ്‌ക്വാഡ്രണിന് നാമകരണം ചെയ്തിരിക്കുന്നത്. ഫ്രഞ്ച് കമ്പനി ദസ്സാള്‍ട്ട് ഏവിയേഷന്‍ എസ്എയുമായി 2015 മെയില്‍ പൂര്‍ത്തീകരിച്ച കരാര്‍ പ്രകാരമാണ് ഖത്തറിന് റഫാല്‍ യുദ്ധവിമാനം കൈമാറിയത്. ഒപ്പം ഖത്തരി പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള സേനാവിഭാഗത്തിന് വിദഗ്ദ്ധപരിശീലനവും ലഭ്യമാക്കിയിരുന്നു.

ഈ വര്‍ഷം ആദ്യംതെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ മെരിഗ്നാകില്‍ നടന്ന ചടങ്ങിലാണ് ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷനില്‍നിന്ന് ആദ്യ റഫാല്‍ വിമാനം ഖത്തര്‍ സ്വീകരിച്ചത്. യോഗ്യരായ ഖത്തരി പൈലറ്റുമാരായിരിക്കും ഖത്തരി റഫാല്‍ പറത്തുക. പൈലറ്റുമാരോടെയാണ് റാഫേല്‍ യുദ്ധവിമാനം ഖത്തറിലെത്തിയത്. ഖത്തരി റാഫേല്‍ സ്‌ക്വാഡ്രണ്‍(ക്യുആര്‍എസ്) പദ്ധതിയുടെ ഭാഗമായി ഏകദേശം 200ഓളം ഖത്തരി പൈലറ്റുമാര്‍, ടടെക്‌നീഷ്യന്‍സ്, മെക്കാനിക്‌സ് തുടങ്ങിയവക്കായിരുന്നു ഫ്രാന്‍സില്‍ പരിശീലനം നല്‍കിയത്.

ഖത്തര്‍ അമീരി വ്യോമസേനാ പൈലറ്റുമാര്‍ റഫാല്‍ എയര്‍ക്രാഫ്റ്റില്‍ നടത്തിയ തല്‍സമയ വ്യോമാഭ്യാസ പ്രകടനങ്ങളും അമീര്‍ വീക്ഷിച്ചു. ദുഖാന്‍ എയര്‍ബേസിലും സന്ദര്‍ശനം നടത്തിയ അമീര്‍ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ബേസിലെത്തിയ പൈലറ്റുമാരെ സ്വാഗതം ചെയ്തു.
അല്‍അദിയാത് സേനാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, ഖത്തരി സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍(പൈലറ്റ്) ഗാനിം ബിന്‍ ഷഹീന്‍ അല്‍ഗാനിം, അമീരി വ്യോമസേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍(പൈലറ്റ്) സലേം ഹമദ് അല്‍നാബിത്, ദുഖാന്‍ എയര്‍ബേസ് കമാന്‍ഡറും റഫാല്‍ എയര്‍ക്രാഫ്റ്റ് പ്രൊജക്റ്റ് ഓഫീസറുമായ ബ്രിഗേഡിയര്‍ ജനറല്‍ സലീം അബ്ദുല്ല അല്‍ദോസരി എന്നിവര്‍ അമീറിനോടൊപ്പമുണ്ടായിരുന്നു.
ബേസിന്റ പ്രവര്‍ത്തനം, അല്‍അദിയാത് സ്‌ക്വാഡ്രണിന്റെ പ്രതിരോധ, പ്രത്യാക്രമണ ശേഷി എന്നിവയെക്കുറിച്ച് അമീറിനോടു വിശദീകരിച്ചു. സലേം ഹമദ് അല്‍നാബിതും സലീം അബ്ദുല്ല അല്‍ദോസരിയും ചടങ്ങില്‍ സംസാരിച്ചു.
ഖത്തര്‍ സായുധ സേനയിലെയും അമീരി വ്യോമ സേനയിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ഫ്രഞ്ച് കമ്പനി ദസ്സാള്‍ട്ടിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ എറിക് ട്രാപ്പിയര്‍, ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ജില്ലെറ്റ്, ഫ്രഞ്ച് കമ്പനി എംബിഡിഎയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ പ്രതിനിധി ജീന്‍ ലൂക് ലമോതെ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സുമായി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിന് ലഭിച്ചുതുടങ്ങുമെന്ന് നേരത്തെ ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
2015 മേയിലാണ് 24 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ ഓര്‍ഡര്‍ നല്‍കിയത്. പിന്നീട് പന്ത്രണ്ട് യുദ്ധവിമാനങ്ങള്‍ക്കു കൂടി ഓര്‍ഡര്‍ നല്‍കി.. ഇതു പ്രകാരമുള്ള 36 റാഫേല്‍ വിമാനങ്ങളും 2022നുള്ളില്‍ ഖത്തറിലെത്തും.
2004 മുതല്‍ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമാണ് ഇരട്ട എന്‍ജിനുകളുള്ള റഫാല്‍ യുദ്ധവിമാനം. അത്യാധുനിക സജ്ജീകരണങ്ങളും ക്രമീകരണങ്ങളുമാണ് ഖത്തര്‍ വാങ്ങുന്ന യുദ്ധ വിമാനത്തിലുള്ളത്. സൈനിക മേഖലയില്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ മികച്ച ബന്ധമാണുള്ളത്.
മിറാഷ് എഫ്1, ആല്‍ഫ ജെറ്റ്, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളും ഫ്രാന്‍സ് ഖത്തറിന് നല്‍കിയിട്ടുണ്ട്. ഖത്തറിലെ അല്‍ഉദൈദ് എയര്‍ബേസില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഫ്രഞ്ച് സൈനിക ട്രൂപ്പിന്റെ സാന്നിധ്യമുണ്ട്.