Friday, July 3ESTD 1934

ഖത്തരി സമ്പദ്ഘടനയ്ക്ക് കുതിപ്പേകി അല്‍വഖ്‌റ സ്റ്റേഡിയം

WAKHRA STADIUM

ദോഹ: ഖത്തരി സമ്പദ്ഘടനയ്ക്ക് കുതിപ്പേകുന്നതില്‍ അല്‍വഖ്‌റ സ്റ്റേഡിയം നിര്‍മാണപദ്ധതി വഹിച്ചത് സുപ്രധാനപങ്ക്. സ്‌റ്റേഡിയം നിര്‍മാണപദ്ധതിയുടെ ബജറ്റിന്റെ 50ശതമാനത്തിലധികവും ചെലവഴിച്ചത് പ്രാദേശികമായിട്ടാണ്. തദ്ദേശീയ കമ്പനികളും തദ്ദേശീയമായ ഉത്പന്നങ്ങളുമാണ് സ്റ്റേഡിയം നിര്‍മാണത്തില്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടത്.

2022 ഫിഫ ലോകകപ്പിനായി സജ്ജമായ രണ്ടാമത്തെ സ്റ്റേഡിയമാണ് വഖ്‌റയിലേത്. മെയ്16നാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. അന്നുതന്നെ അമീര്‍ കപ്പ് ഫൈനലും ഈ സ്റ്റേഡിയത്തില്‍ നടക്കും. നിരവധി ഖത്തരി കമ്പനികള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ പ്രത്യക്ഷത്തില്‍തന്നെ ഉള്‍പ്പെട്ടിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാര്‍ തന്നെ രണ്ടു ഖത്തരി കമ്പനികള്‍ ഉള്‍പ്പെട്ട സംയുക്ത സംരംഭമായിരുന്നു. മിഡ്മാകും പോര്‍ ഖത്തറും. ഈ സംരംഭത്തില്‍ ബള്‍ജിയന്‍ കമ്പനിയായ സിക്‌സ്‌കോയും പങ്കാളികളായി.

WAKHRA STADIUM

1960കളില്‍ ഖത്തറില്‍ സ്ഥാപിതമായതുമുതല്‍ നിരവധി വന്‍കിട അടിസ്ഥാനസൗകര്യവികസനപദ്ധതികളില്‍ മിഡ്മാക് പങ്കാളിയായിട്ടുണ്ട്. നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം വികസനം, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയുടെ നിര്‍മാണത്തിലും സംഭാവനകള്‍ നല്‍കിവരുന്നു. ഓസ്ട്രിയന്‍ കമ്പനിയായ പോറിന്റെ ഉപകമ്പനിയാണ് പോര്‍ ഖത്തര്‍. ദോഹ മെട്രോയുടെ ഗ്രീന്‍ലൈന്‍ ടണലിങ്, റെയില്‍വേ നിര്‍മാണത്തിലും പോര്‍ ഖത്തര്‍ പങ്കാളികളാണ്.

വഖ്‌റ സ്റ്റേഡിയത്തിന്റെ സീറ്റുകളുടെ നിര്‍മാണ വിതരണ ചുമതല ഖത്തര്‍ കമ്പനിയായ കോസ്റ്റല്‍ ഖത്തറിനായിരുന്നു. പ്രതിദിനം 500 സീറ്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് കമ്പനിയുടെ ദോഹയിലെ ഫാക്ടറി. അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയം, അല്‍റയ്യാന്‍ സ്റ്റേഡിയം എന്നിവയ്ക്കും സീറ്റുകള്‍ നിര്‍മിക്കുന്നത് കോസ്റ്റല്‍ ഖത്തറാണ്. ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ ഫൗണ്ടേഷന്‍, അശ്ഗാല്‍, ആസ്പയര്‍ലോജിസ്റ്റിക്‌സ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി എന്നിവയുടെ പദ്ധതികളിലും കോസ്റ്റല്‍ ഖത്തര്‍ സഹകരിച്ചിട്ടുണ്ട്. വഖ്‌റ സ്‌റ്റേഡിയത്തിന്റെ ഘടനാപരമായ സ്റ്റീല്‍ നിര്‍മിച്ചത് സോള്‍ബ്26 കമ്പനിയാണ്.

അല്‍ബയ്ത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലും കമ്പനി പങ്കാളികളാണ്. ഖത്തര്‍ നാഷണല്‍ ലൈബ്രറി, സിദ്ര മെഡിസിന്‍, അല്‍ശഖബ് ഇക്വസ്ട്രിയന്‍ അക്കാഡമി എന്നീ പദ്ധതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാദേശികമായി വികസിപ്പിച്ച പച്ചപ്പുല്ലാണ് സ്റ്റേഡിയത്തില്‍ വിരിച്ചിരിക്കുന്നത്. റെക്കോര്‍ഡ് സമയത്തില്‍ ഗ്രാസ്സ് ടര്‍ഫ് സജ്ജമാക്കാനായി.

അര്‍ബന്‍ കണ്‍സപ്റ്റിനായിരുന്നു ഉത്തരവാദിത്വം. വഖ്‌റ സ്റ്റേഡിയത്തിന്റെ 65,000 സ്‌ക്വയര്‍മീറ്റര്‍ മേല്‍ക്കൂര മുഖപ്പിന്റെ ഫാബ്രിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത് ഖത്തര്‍ നാഷണല്‍ അലുമിനിയം പാനല്‍ കമ്പനി(ക്യുഎന്‍എപി)യായിരുന്നു.

error: Content is protected !!