
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്റെ ഭാഗമായ ഖത്തര്‍ അക്കാഡമി സിദ്ര(ക്യുഎഎസ്)യില്‍ രണ്ടാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. എജ്യൂക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്ററില്‍(മുല്തഖ) നടന്ന ക്ലാസ് 2019 ബിരുദദാനചടങ്ങില്‍ 18 വിദ്യാര്‍ഥികള്‍ ബിരുദം നേടി പുറത്തിറങ്ങി.
ഖത്തര്‍ ഫൗണ്ടേഷന് പ്രീ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ പ്രസിഡന്റ് ബുഥൈന അലി അല്‍നുഐമി, ക്യുഎഎസ് ബോര്‍ഡംഗങ്ങള്‍, ഫാക്വല്‍റ്റി, ബിരുദധാരികളുടെ കുടുംബാംഗങ്ങള്‍,സുഹൃത്തുക്കള്‍ പങ്കെടുത്തു. ലോകനൂതനാരോഗ്യ ഉച്ചകോടി(വൈസ്) റിസര്‍ച്ച് ആന്റ് കണ്ടന്റ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഡോ.അസ്മ അല്ഫദലാ മുഖ്യപ്രഭാഷണം നടത്തി. ക്യുഎഎസ് ബോര്‍ഡംഗവും ഗ്രേഡ് 12 വിദ്യാര്‍ഥിയുടെ രക്ഷിതാവുമെന്ന നിലയില്‍ ബിരുദധാരികളെ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു.

മികവിനുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ക്യുഎഎസ് സമൂഹത്തിലുളവാക്കുന്ന ഗുണഫലങ്ങളെക്കുറിച്ചും ക്യുഎഫിന്റെ ലക്ഷ്യങ്ങളെയും ദൗത്യത്തെയുംകുറിച്ചും പ്രീയൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍, ക്യുഎഫ് സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്എന്നിവയുടെ പ്രതിബദ്ധതയെക്കുറിച്ചും ചടങ്ങില്‍ വിശദീകരിക്കപ്പെട്ടു. ക്യുഎഎസ് ഉപദേശക ബോര്‍ഡ് ചെയര്മാന് ഡോ.അബ്ദുല്ല അല്‍കാബി, ഡയറക്ടര്‍ കിം ഗ്രീന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ നേട്ടങ്ങളെയും മികവിനെയും അവര്‍ അഭിനന്ദിച്ചു.
കഴിഞ്ഞവര്‍ഷമായിരുന്നു ആദ്യബാച്ച് പുറത്തിറങ്ങിയത്. കരീം ഇമാറ, തുയ്രിയ അല്‍മുല്ല, അഫ്നാന് ഫറാഹ് എന്നിവരായിരുന്നു ആദ്യ ബാച്ചിലെ ബിരുദധാരികള്‍. ഇതോടെ ക്യുഎസിലെ ആകെ ബിരുദധാരികളുടെ എണ്ണം 21 ആയിട്ടുണ്ട്. 2012ലാണ് ഖത്തര്‍ അക്കാഡമി സിദ്രയ്ക്ക് തുടക്കംകുറിച്ചത്. 53 വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്കൂളില്‍ നിലവില്‍ 600ലധികം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.