in ,

ഖത്തര്‍- ഇന്ത്യ മത്സരം: ഇന്ത്യന്‍ ആസ്വാദകര്‍ക്കുള്ള ടിക്കറ്റ് വിറ്റുപോയി

അല്‍സദ്ദ് സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറിനുമുന്നില്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്ന ഇന്ത്യന്‍ ആസ്വാദകര്‍

ദോഹ: 2022 ഫിഫ ലോകകപ്പ്, 2023 ഏഷ്യന്‍കപ്പ് യോഗ്യത രണ്ടാംറൗണ്ടിലെ രണ്ടാംമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇന്ന് ഇന്ത്യയെ നേരിടും. അല്‍സദ്ദിലെജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി ദോഹ സമയം എഴരക്കാണ് മത്സരം.

ഇരുടീമുകളും കഴിഞ്ഞദിവസം അല്‍സദ്ദ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇരു ടീമുകളും ഇന്നലെ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു. മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലെ പ്രധാന കവാടത്തിനരികിലെ കൗണ്ടര്‍ മുഖേനയാണ്.

ഇന്നു കിക്കോഫിനു രണ്ടു മണിക്കൂര്‍ മുമ്പും ടിക്കറ്റ് വില്‍പ്പനയുണ്ടാകും. വിഐപി ടിക്കറ്റിന് 50റിയാലും പ്രധാന സ്റ്റാന്റിന് എതിര്‍വശത്തുള്ള കാറ്റഗറി രണ്ട് ഗാലറിക്ക് 20 റിയാലും കാറ്റഗറി മൂന്നിന് പത്തുറിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം മത്സരത്തിലെ ഇന്ത്യന്‍ കാണികള്‍ക്കായുള്ള ടിക്കറ്റുകള്‍ മുഴുവന്‍ ആദ്യദിനം തന്നെ വിറ്റുപോയി.

സ്‌റ്റേഡിയത്തില്‍ സന്ദര്‍ശകരാജ്യത്തെ ആസ്വാദകര്‍ക്കായി നിശ്ചിതശതമാനം ടിക്കറ്റുകള്‍ നീക്കിവെക്കണമെന്ന് ഫിഫയുടെ നിര്‍ദേശമുണ്ട്. ഇതുപ്രകാരം ഇന്ത്യന്‍ ആസ്വാദകര്‍ക്കായി എട്ടു ശതമാനം ടിക്കറ്റുകളാണ് നീക്കിവെച്ചത്. ഇതു മുഴുവന്‍ ആദ്യദിനം തന്നെ വിറ്റുതീര്‍ന്നു. അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഖത്തരി ഫാന്‍സിനു മാത്രമാണ്.

ഇന്നലെ വൈകുന്നേരം ടിക്കറ്റ് സ്വന്തമാക്കാനായി നിരവധിപേരാണ് അല്‍സദ്ദ് സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലെത്തിയത്. മിക്കവര്‍ക്കും നിരാശയായിരുന്നു ഫലം. രണ്ടാംറൗണ്ടിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ആറുഗോളുകള്‍ക്കു തോല്‍പ്പിച്ചപ്പോള്‍ ഇന്ത്യ ഒമാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.

ആതിഥേയരെന്ന നിലയില്‍ 2022 ലോകകപ്പിന് ഖത്തര്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ടെങ്കിലും മത്സരങ്ങള്‍ കുറച്ചുകാണില്ലെന്നും യോഗ്യതാ പോരാട്ടങ്ങളില്‍ വിജയിക്കുകയാണ് ലക്ഷ്യമെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫുട്‌ബോളില്‍ എന്തും സാധ്യമാണ്: ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്

എച്ച്എംസിയുടെ പുതിയ ട്രോമാ, അത്യാഹിത കേന്ദ്രം അമീര്‍ ഉദ്ഘാടനം ചെയ്തു