in

ഖത്തര്‍ എയര്‍വേയ്‌സ് എട്ടു കേന്ദ്രങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നു

ഉപരോധം ബാധിക്കാതെ ഖത്തര്‍ എയര്‍വേയ്‌സ് വളരുന്നതായി അല്‍ബാകിര്‍
ഉപരോധത്തിനിടയിലും 2021-2022 സാമ്പത്തിവര്‍ഷത്തില്‍ ലാഭപ്രതീക്ഷ

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഈ വര്‍ഷം എട്ടുകേന്ദ്രങ്ങളിലേക്കു കൂടി സര്‍വീസ് തുടങ്ങും. ഗ്രീസിലെ സാന്റോറിനി, ക്രൊയേഷ്യയിലെ ഡബ്രോവിനിക്ക്, ജപ്പാനിലെ ഒസാക എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ എട്ടുകേന്ദ്രങ്ങളിലേക്കു കൂടി സര്‍വീസ് തുടങ്ങുന്നത്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം 177 ആയി ഉയരുമെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. കുവൈത്ത് എയര്‍ഷോയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ലോകത്തെ ഏറ്റവുമധികം ബന്ധിപ്പിക്കുന്ന എയര്‍ലൈനുകളില്‍ ഒന്നായി ഖത്തര്‍ എയര്‍വേയ്‌സ് മാറുകയാണ്. യാത്രക്കാര്‍ക്ക് അവരുടെ ബിസിനസ്, ഒഴിവുസമയ യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കൂടുതല്‍ സാധ്യതകളും വഴക്കവും നല്‍കുന്നത് തുടരാനാകുമെന്ന് ഉറപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 30 മുതല്‍ കസാകിസ്താനിലെ നൂര്‍ സുല്‍ത്താന്‍, ഏപ്രില്‍ ഒന്ന മുതല്‍ അല്‍മാട്ടി, ഏപ്രില്‍ എട്ടു മുതല്‍ ഫിലിപ്പൈന്‍സിലെ സെബു, ഏപ്രില്‍ 15 മുതല്‍ ഘാനയിലെ അക്ര, മെയ് 20 മുതല്‍ തുര്‍ക്കിയിലെ ട്രബ്‌സോണ്‍, ജൂണ്‍ 23 മുതല്‍ ഫ്രാന്‍സിലെ ലിയോണ്‍, ഒക്ടോബര്‍ 14 മുതല്‍ അംഗോളയിലെ ലുവാണ്ട, നവംബര്‍ 16 മുതല്‍ കമ്പോഡിയയിലെ സീം റീപ്പ് എന്നിവിടങ്ങളിലേക്കാണ് പുതിയതായി സര്‍വീസ് തുടങ്ങുന്നത്. കഴിഞ്ഞവര്‍ഷം നിരവധി നേട്ടങ്ങളും പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേയ്‌സിന് നേടാനായി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിലെ യാത്രക്കാരുടെ എണ്ണം 29 മില്യണിലേക്കെത്തി. ഖത്തറിനെതിരായ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഖത്തര്‍ എയര്‍വേയ്സിന് ഉപരോധത്തിന്റെ ആഘാതം പൂജ്യമാണെന്നായിരുന്നു മറുപടി. ഉപരോധം ബാധിക്കാതെ വളരുകയും കര്‍മ്മപദ്ധതി നടപ്പാക്കുകയും ചെയ്തതായി അല്‍ബാകിര്‍ പറഞ്ഞു. സാമ്പത്തിക നഷ്ടം പോലും ഉപരോധത്തിന്റെ ഫലമല്ല, മറിച്ച് വിമാനങ്ങള്‍ വര്‍ധിച്ചതിന്റെ ഫലമായി പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതിനാലാണ്. സാധാരണയായി എയര്‍ലൈന്‍സുകള്‍ക്ക് 3% മുതല്‍ 8% വരെ നഷ്ടത്തിന്റെ മാര്‍ജിന്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും, ഖത്തര്‍ എയര്‍വെയ്സിന്റെ നഷ്ടം പ്രതീക്ഷിച്ചതിലും പകുതിയില്‍ താഴെയാണ്. വരുമാനത്തില്‍ 20ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനായിട്ടുണ്ട്. ഉപരോധത്തിനിടയിലും 2021- 2022 സാമ്പത്തികവര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് ലാഭം നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഖത്തര്‍ എയര്‍വേയ്സ് അതിന്റെ വരുമാനത്തെയും മറ്റ് എയര്‍ലൈനുകളിലും ഹോട്ടലുകളിലുമുള്ള നിക്ഷേപത്തിന്റെ വരുമാനത്തെയും മാത്രമാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രയ്‌നിയന്‍ വിമാനദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഖത്തര്‍ എയര്‍വേയ്‌സിന്റെ സുരക്ഷാ റെക്കോര്‍ഡ് വളരെ ശക്തമാണെന്നും ഈ ദാരുണമായ അപകടത്തെത്തുടര്‍ന്നും എയര്‍ലൈനിന്റെ ഒരു റിസര്‍വേഷനും റദ്ദാക്ക്‌പ്പെട്ടിട്ടില്ലെന്നും ഇത് ഖത്തര്‍ എയര്‍വേയ്‌സിലുള്ള യാത്രക്കാരുടെ വിശ്വാസം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി. ഇറാന്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന രാജ്യമാണ്. അയല്‍രാജ്യമാണ്. ഇറാനിയന്‍ യാത്രക്കാര്‍ക്ക് തുടര്‍ന്നു സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നു- മറ്റൊരു ചോദ്യത്തിന് അല്‍ബാകിര്‍ മറുപടി നല്‍കി. ഖത്തര്‍ എയര്‍വേയ്‌സ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള എയര്‍ബസ് എ350-1000, ഖത്തര്‍ എക്‌സിക്യുട്ടീവിന്റെ ഗള്‍ഫ്‌സ്ട്രീം ജി500 എന്നിവ കുവൈത്ത് എയര്‍ഷോയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സര്‍ക്കാര്‍, പൊതുമേഖലയിലെ ജീവനക്കാര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി

ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍: ഖത്തറിനു വിജയത്തുടക്കം