വാഷിങ്ടണില്‍ ഒപ്പുവച്ചത് അഞ്ചു ബില്യണിലധികം ഡോളറിന്റെ കരാറുകള്‍

ദോഹ: ഖത്തര്‍ എയര്‍വേയ്സ് കഴിഞ്ഞദിവസം വാഷിങ്ടണില്‍ ഒപ്പുവച്ചത് അഞ്ചു ബില്യണിലധികം ഡോളറിന്റെ കരാറുകള്‍. ഇതിലേറ്റവും സുപ്രധാനം പതിനെട്ട് ഗള്ഫ്സ്ട്രീം എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായുള്ള കരാറാണ്.
ഒരു ബില്യണ്‍ ഡോളറാണ് കരാര്‍ മൂല്യം. കരാറിന്റെ ഭാഗമായി പതിനാല് ഗള്ഫ്സ്ട്രീം ജി650ഇആറിനും നാലു ഗള്ഫ്സ്ട്രീം ജി500 എയര്ക്രാഫ്റ്റുകള്ക്കുമാണ് ഖത്തര്‍ എയര്‍വേയ്സ് ഓര്‍ഡര്‍ നല്‍കിയത്. ഗള്ഫ്സ്ട്രീമുമായി ഈ സുപ്രധാാന കരാറിലേര്പ്പെടാനായതില് സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
2014 ഒക്ടോബര്‍ മുതല്‍ ഗള്‍ഫ്സ്ട്രീമിന്റെ ഉപഭോക്താവാണ് ഖത്തര്‍ എക്സിക്യുട്ടീവ്. ഖത്തര്‍ എയര്‍വേയ്സിന്റെ സ്വകാര്യ ജെറ്റ് ഡിവിഷനാണിത്. ഇതുവരെയായി ഗള്ഫ്സ്ട്രീം ആറു ജി650ഇആര്‍, നാലു ജി500 എയര്‍ക്രാഫ്റ്റുകള്‍ ഖത്തര്‍ എയര്‍വേയ്സിന് കൈമാറിയിട്ടുണ്ട്. ജി650ഇആറിന്റെ ലോകത്തിലെ ഏറ്റവും വിലയ ഉടമസ്ഥതാ- ഓപ്പറേറ്ററാണ് ഖത്തര്‍ എക്സിക്യുട്ടീവ്.
ജിഇ എന്‍ജിനുകള്‍ക്കായി ഖത്തര്‍ എയര്‍വേയ്സും ജിഇ ഏവിയേഷനും ഒന്നിലധികം കരാറുകളിലേര്‍പ്പെട്ടു. കരാറുകളുടെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ 30 പുതിയ ബോയിങ് 787-9 എയര്‍ക്രാഫ്റ്റുകള്‍ക്ക് ശക്തിപകരുന്നതിന് ജിഇഎന്‍എക്സ് എന്ജിന് തെരഞ്ഞെടുത്തു. ഇതോടൊപ്പം എന്ജിനികളുടെ അറ്റകുറ്റപ്പണി, റിപ്പയര്‍, പരിശോധന(എംആര്‍ഒ) എന്നിവയ്ക്കായി ട്രൂചോയ്സ് ടിഎം ഫ്ളൈറ്റ് അവര്‍ കരാറിലും ഒപ്പുവച്ചു.
60 ബോയിങ് 777എക്സ് എയര്‍ക്രാഫ്റ്റുകള്‍ക്ക് കരുത്തേകുന്ന ജിഇ9എക്സ് എന്‍ജിനുകളുടെ എംആര്‍ഒ സേവനങ്ങള്‍ക്കായുള്ള കരാറിലും ഖത്തര്‍ എയര്‍വേയ്സ് ഒപ്പുവച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും സാന്നിധ്യത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്ബാകിറാണ് കരാറുകളില്‍ ഒപ്പുവച്ചത്.
ഖത്തര്‍ എയര്‍വേയ്സിന് ഭാവിയിലേക്കുള്ള നിരവധി ആഗ്രഹ പദ്ധതികളുണ്ട്. ജിഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ബാകിര്‍ പറഞ്ഞു. ബോയിങ് 787-9, ബോയിങ് 777എക്സ് എയര്‍ക്രാഫ്റ്റുകള്‍ക്ക് കരുത്ത്പകരുന്ന ജിഇ എന്‍ജിനുകള്‍ക്കായുള്ള കരാറുകള്‍ ഖത്തര്‍ എയര്‍വേയ്സും ജിഇയും തമ്മിലുള്ള ശക്തമായ ബന്ധത്തെ കൂടുതല്‍ ഉറപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലോകത്ത് അതിവേഗം വളരുന്ന വിമാനകമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്സെന്ന് ജിഇ വൈസ്ചെയര്‍മാനും ജിഇ ഏവിയേഷന്‍ പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡേവിഡ് ജോയ്സ് പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സുമായി സഹകരിച്ച് അവരുടെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ബോയിങ് 777 ചരക്കുവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറും ഖത്തര്‍ എയര്‍വേയ്സും ബോയിങും അന്തിമമാക്കി.
1.8 ബില്യണ്‍ ഡോളറാണ് കരാര്‍ മൂല്യം. ജൂണില്‍ പാരിസ് എയര്‍ഷോയില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്തിമ കരാറിലേക്കെത്തിയത്. അഞ്ചു ബോയിങ് ചരക്കുവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച സുപ്രധാന കരാറിലൊപ്പിടാനാകുന്നതില് സന്തോഷമുണ്ടെന്ന് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ചരക്കു ഡിവിഷനായ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ വലിയ വളര്‍ച്ചയും പുരോഗതിയും കൈവരിച്ചിട്ടുണ്ട്. 2003ല്‍ മൂന്നു എയര്‍ബസ് 300-600 ചരക്കുവിമാനങ്ങളായിരുന്നു കാര്ഗോയ്ക്കുണ്ടായിരുന്നത്. 23 ചരക്കുവിമാനങ്ങളും 250ലധികം ബെല്ലി ഹോള്‍ഡ് കാര്‍ഗോ എയര്ക്രാഫ്റ്രുകളുമായി ലോകത്തെ മുന്‍നിര കാര്‍ഗോ കാരിയറായി മാറിയിട്ടുണ്ട്.