in , , ,

ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്: ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പെണ്ണ ഉള്‍പ്പെട്ട സഖ്യം ക്വാര്‍ട്ടറില്‍. ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലെ മൂന്നാം കോര്‍ട്ടില്‍ ഇന്നലെ ഉച്ചക്കുശേഷം നടന്ന മത്സരത്തില്‍ ബൊപ്പെണ്ണയും ഹോളണ്ടിന്റെ വെസ്‌ലി കൂള്‍ഹോഫും ഉള്‍പ്പെട്ട സഖ്യം ആദ്യ മത്സരത്തില്‍ ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോ- ലോറന്‍സോ സൊനെഗോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു, സ്‌കോര്‍ 6-3, 6-2. ബ്രിട്ടണിന്റെ ലൂക്ക് ബാംബ്രിഡ്ജ്- മെക്‌സിക്കോയുടെ സാന്റിയാഗോ ഗോണ്‍സാലെസ് സഖ്യവും ക്രൊയേഷ്യയുടെ ഫ്രാങ്കോ കുഗോര്‍-ഫിന്‍ലന്‍ഡിന്റെ ഹെന്റി കോണ്ടിനെന്‍ സഖ്യവും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഫ്രാങ്കോ- ഹെന്റി സഖ്യം ആദ്യമത്സരത്തില്‍ ഖത്തറിന്റെ റാഷിദ് നവാഫും ടുണീഷ്യയുടെ മാലിക് ജസീരിയും ഉള്‍പ്പെട്ട സഖ്യത്തെയാണ് തോല്‍പ്പിച്ചത്. ഡബിള്‍സില്‍ ഇന്നു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം ദിവ്ജി ശരനും ന്യൂസിലന്റിന്റെ ആര്‍തെം സിതകും ഉള്‍പ്പെട്ട സഖ്യം ഫ്രാന്‍സിന്റെ ജെറിമി ചാര്‍ഡി- ഫാബ്രിസ് മാര്‍ട്ടിന്‍ സഖ്യത്തെ നേരിടും. സിംഗിള്‍സില്‍ ഖത്തറില്‍ താമസമാക്കിയ സ്‌പെയിനിന്റെ മുന്‍നിര താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ പ്രീക്വാര്‍ട്ടറിലെത്തി. സ്‌പെയിനിന്റെ തന്നെ പാബ്ലോ ആന്‍ദുജറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. കസാകിസ്താന്റെ അലക്‌സാണ്ടര്‍ ബുള്‍ബിക്ക്, ഫ്രാന്‍സിന്റെ കോറെന്റിന്‍ മൗറ്റെറ്റ് എന്നിവരും പ്രീക്വാര്‍ട്ടറിലെത്തി. സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്നും തുടരും. മുന്‍നിര താരങ്ങളായ സ്വിറ്റ്‌സര്‍ലിന്റെ സ്റ്റാന്‍ വാവ്‌റിങ്ക, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ എന്നിവര്‍ക്ക് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. ഇരുവരും കഴിഞ്ഞദിവസം ഖത്തര്‍ ദേശീയ മ്യൂസിയം സന്ദര്‍ശിച്ചു. മ്യൂസിയത്തിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ കോര്‍ട്ടില്‍ ഫാല്‍ക്കണ്‍ കിരീടത്തെ സാക്ഷിയാക്കി സൗഹൃദ മത്സരവും കളിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൗരത്വ ഭേദഗതി നിയമം: കെഎംസിസി വിശദീകരണ യോഗം സംഘടിപ്പിച്ചു

ഫോട്ടോഗ്രഫി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു