in , , , , ,

ഖത്തര്‍ കപ്പ് 2020 ജനുവരിയില്‍: ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2020 ജനുവരിയില്‍ നടക്കും. ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. 2018- 2019 സീസണില്‍ മുന്നിലെത്തിയ അല്‍സദ്ദ്, അല്‍ദുഹൈല്‍, അല്‍സെയ്‌ലിയ, അല്‍ റയ്യാന്‍ ടീമുകളായിരിക്കും ഖത്തര്‍ കപ്പിനായി മത്സരിക്കുക. ടൂര്‍ണമെന്റിന് അനുയോജ്യ സമയം തെരഞ്ഞെടുക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളുമായി കൂടിയാലോചന നടത്തിയശേഷമാണ് ജനുവരിയില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.ദേശീയ ടീമിന്റെയും 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്ത ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബ്ബുകളുടെയും തിരക്കേറിയ ഷെഡ്യൂള്‍ കണക്കിലെടുത്താണ് ജനുവരിയിലേക്ക് മാറ്റിയത്. മാര്‍ക്കറ്റിങിന്റെയും പ്രമോഷന്റെയും കാര്യത്തില്‍ ടൂര്‍ണമെന്റിനു കൂടുതല്‍ ഇടം നല്‍കുന്നതിനും മാധ്യമങ്ങളില്‍നിന്നും കൂടുതല്‍ മികച്ച കവറേജ് ഉറപ്പാക്കാനും ജനുവരി തീയതി അന്തിമമാക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റില്‍ മാറ്റമില്ല. നാലു ടീമുകള്‍ സെമിഫൈനലിലും തുടര്‍ന്ന് ഫൈനലും നടക്കും. ജനുവരി പത്തിന് വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലില്‍ അല്‍ ദുഹൈല്‍ അല്‍സെയ്‌ലിയയെ നേരിടും. ജനുവരി 11ന് നടക്കുന്ന രണ്ടാം സെമിയില്‍ അല്‍സദ്ദ് അല്‍റയ്യാനെ നേരിടും. ജനുവരി 17നാണ് ഫൈനല്‍. എല്ലാ മത്സരങ്ങളും അല്‍സദ്ദ് സ്റ്റേഡിയത്തിലായിരിക്കും. നിശ്ചതിസമയത്തില്‍ ഇരുടീമുകളും തുല്യത പാലിക്കുകയാണെങ്കില്‍ പെനാലിറ്റി ഷൂട്ടൗട്ടിലൂടെയായിരിക്കും വിജയികളെ തീരുമാനിക്കുക. അധികസമയം അനുവദിക്കില്ല. 90മിനിട്ടിനു ശേഷവും തുല്യതയിലാണെങ്കില്‍ നേരെ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് കടക്കും. 2018- 19 സീസണില്‍ ഖത്തര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കേണ്ടതില്ലെന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നു.
സീസണിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സീസണിനു തുടക്കമായത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ നടക്കവെ തന്നെ ജനുവരിയില്‍ ഏഷ്യന്‍കപ്പ് ഫുട്‌ബോളില്‍ ഖത്തര്‍ ദേശീയ ടീമിന് മത്സരിക്കേണ്ടിവന്നിരുന്നു. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പ് കിരീടം ഖത്തര്‍ നേടുകയും ചെയ്തു. ഖത്തറിന്റെ വിവിധ ദേശീയ ടീമുകളിലും ക്ലബ്ബുകളിലും താരങ്ങള്‍ സജീവമായി മത്സരിക്കുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴുവരെ ബ്രസീലില്‍ നടന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ഖത്തര്‍ മത്സരിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഖത്തറിന്റെ ഒളിമ്പിക് ടീം 2020 ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ റൗണ്ടിലും മത്സരിക്കുന്നുണ്ട്. അല്‍ദുഹൈല്‍, അല്‍സദ്ദ്, അല്‍റയ്യാന്‍ എന്നീ ഖത്തരി ക്ലബ്ബുകള്‍ 2019 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ മത്സരിച്ചിരുന്നു. തുടര്‍ന്ന് ഗള്‍ഫ് കപ്പും അല്‍സദ്ദിന് ഫിഫ ക്ലബ്ബ് ലോകകപ്പുമുണ്ടായിരുന്നു.
ഇത്തരത്തില്‍ ക്ലബ്ബുകള്‍ക്കും താരങ്ങള്‍ക്കും തിരക്കേറിയ ഫുട്‌ബോള്‍ സീസണും സവിശേഷമായ സാഹചര്യങ്ങളുമായതിനാലാണ് ഖത്തര്‍ കപ്പ് നീട്ടിയത്. ഖത്തര്‍ ദേശീയ ടീമുകളില്‍ കളിക്കുന്ന താരങ്ങളില്‍ ബഹുഭൂരിപക്ഷവും മുന്‍നീര ക്ലബ്ബുകളുടെ താരങ്ങള്‍ കൂടിയാണ്. ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഖത്തര്‍ കപ്പ്. നേരത്തെ ഹെയര്‍ അപ്പാരന്റ്‌സ് കപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നതാണ് പിന്നീട് ഖത്തര്‍ കപ്പായി മാറിയത്. 1994-95 സീസണിലായിരുന്നു ആദ്യ ടൂര്‍ണമെന്റ് നടന്നത്. ഖത്തര്‍ ഭരണാധികാരികളോടുള്ള ബഹുമാനാര്‍ഥമായിരുന്നു ഹെയര്‍ അപ്പാരന്റ്‌സ് കപ്പ് സംഘടിപ്പിക്കപ്പെട്ടത്. കലാശപ്പോരാട്ടത്തില്‍ അല്‍അറബിയെ പരാജയപ്പെടുത്തി റയ്യാനാണ് പ്രഥമ കിരീടം സ്വന്തമാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി എഫ്ഇസി

ഖത്തരി പൗരന്‍മാര്‍ക്ക് റഷ്യന്‍ പ്രവേശനം വിസയില്ലാതെ