
ഒരേ കാര്‍ഗോ കപ്പലില്‍ രണ്ടു തുറമുഖങ്ങളില്‍ എല്‍എന്‍ജി വിതരണം
ദോഹ: ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വിതരണത്തില്‍ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി ഖത്തര്‍ ഗ്യാസ്. സിംഗിള്‍ എല്‍എന്‍ജി കാര്‍ഗോ ഒന്നിലധികം തുറമുഖങ്ങളില്‍ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഈ മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടമെന്നതും ഖത്തര്‍ ഗ്യാസിന്റെ കാര്‍ഗോ വിതരണത്തിന്റെ മാറ്റു കൂട്ടുന്നു.
ഖത്തര്‍ ഗ്യാസിന്റെ ക്യു-മാക്സ കപ്പലാണ് സ്പെയിനിലെ രണ്ടു ടെര്‍മിനലുകളില്‍ എല്‍എന്‍ജി വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചത്. പ്രവര്‍ത്തന വഴക്കത്തിലും വിതരണ ശൃംഖലാ കാര്യക്ഷമതയിലും എല്‍എന്‍ജി വ്യവസായത്തിലെ പ്രമുഖ കമ്പനിയെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാണ് ഈ നേട്ടം.
ലോകത്തിലെ പ്രീമിയര്‍ എല്‍എന്‍ജി കമ്പനിയെന്ന പദവി നിലനിര്‍ത്തുന്നതില്‍ തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ബഹു തുറമുഖ വിതരണത്തിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തര്‍ ഗ്യാസ് ചീഫ് എക്സിക്യുട്ടീവ് ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ഒരു എല്‍എന്‍ജി കാര്‍ഗോ ഒരു സ്ഥലത്ത് എത്തിക്കുകയെന്നതാണ് എല്‍എന്‍ജി വ്യവസായമേഖലയില്‍ പ്രാവര്ത്തികമാക്കിപ്പോന്നിരുന്നത്.
എന്നാല്‍ ഇതിനു മാറ്റം വരുത്തി ഒരു കാര്‍ഗോ കപ്പലില്‍ നിന്നും രണ്ടു തുറമുഖങ്ങളില്‍ വിതരണം നടത്തി വഴികാട്ടിയായിരിക്കുകയാണ് ഖത്തര്‍ ഗ്യാസ്. 2,66,000 ക്യുബിക് മീറ്ററാണ് ക്യു-മാക്സ് കപ്പലിന്റെ ശേഷി. പരമ്പരാഗത രീതിയിലുള്ള രണ്ടു കാര്‍ഗോകളെ ഒരു വെസ്സലില്‍ ഉള്‍ക്കൊള്ളാന്‍ ക്യു-മാക്സിനു ശേഷിയുണ്ട്.
ഖത്തറിലെ റാസ് ലഫാന്‍ ടെര്‍മിനലില്‍ നിന്നും മെയ് 12നാണ് എല്‍എന്‍ജി ലോഡ് ചെയ്തത്. സ്പെയിനിലെ ബാര്‍സലോണ ടെര്‍മിനലില്‍ മെയ് 30നും കാര്ട്ടെഗന എല്‍എന്‍ജി ടെര്‍മിനലില്‍ ജൂണ്‍ ഒന്നിനും കാര്‍ഗോ ഇറക്കി.