
ദോഹ: ഖത്തര്‍ ഗ്യാസ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ മുന്ദ്ര ടെര്‍മിനലില്‍ ദ്രവീകൃത പ്രകൃതി വാതകം(എല്‍എന്‍ജി) വിജയകരമായി എത്തിച്ചു. എല്‍എന്‍ജിയുമായി ജനുവരി 17ന് ഖത്തറിലെ റാസ് ലഫാന്‍ തീരത്ത് നിന്ന് യാത്ര തിരിച്ച ക്യു-ഫ്ളെക്സ് എല്‍എന്‍ജി കപ്പല്‍ മുര്‍വാബ് ജനുവരി 22ന് ഗുജറാത്തിലെ കച്ച് ജില്ലയിലെ അദാനി തുറമുഖത്തെ മുന്ദ്ര ടെര്‍മിനലില്‍ എത്തി. 2,16,000 ഘന മീറ്റര്‍ എല്‍എന്‍ജി കാര്‍ഗോ ശേഷിയാണ് കപ്പലിനുള്ളത്.ചെന്നൈയിലെ എന്നൂര്‍ എല്‍എന്‍ജി ടെര്‍മിനലിലേക്കും ഖത്തര്‍ ഗ്യാസ് നേരത്തെ എല്‍എന്‍ജി വിതരണം ചെയ്തിരുന്നു. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ എല്‍എന്‍ജി സ്വീകരണ ശേഷിയാണ് മുന്ദ്ര ടെര്‍മിനലിനുള്ളത്. 75,000നും 2,60,000 ഘനമീറ്ററിനും ഇടയില്‍ ശേഷിയുള്ള ചരക്ക് കപ്പലുകളെ സ്വീകരിക്കാനുള്ള ശേഷിയും ടെര്‍മിനലിനുണ്ട്. ലോകത്തിലെ പ്രീമിയര്‍ എല്‍എന്‍ജി കമ്പനിയായ ഖത്തര്‍ഗ്യാസ് ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ(എല്‍എന്‍ജി) 2000ലധികം കാര്‍ഗോ വിജയകരമായി വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസനീയവും ശുദ്ധവുമായ ഊര്‍ജസ്രോതസ്സ് നല്‍കുന്നത് തുടരുന്നതിലെ ഖത്തര്‍ ഗ്യാസിന്റെ പ്രതിബദ്ധതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണിത്. 1999 ജൂലൈ മുതല്‍ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം ഖത്തര്‍ ഗ്യാസ് കെട്ടിപ്പെടുത്തിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ സാമീപ്യവും വളര്‍ച്ചാ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ഖത്തര്‍ ഗ്യാസിന്റെ സുപ്രധാന വിപണിയാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജ മിശ്രിതത്തില്‍ 15 ശതമാനം പ്രകൃതിവാതകം എന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യ വലിയ മുന്നേറ്റം തുടരുന്നതിനാല്‍, ഈ ശുദ്ധമായ ഇന്ധനത്തിന്റെ വിശ്വസനീയമായ വിതരണത്തിലൂടെ സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിലെ പ്രതിജ്ഞാബദ്ധത ഖത്തര്‍ ഗ്യാസ് വ്യക്തമാക്കി.