
ദോഹ: ലോകത്തിലെ പ്രീമിയര്‍ എല്‍എന്‍ജി കമ്പനിയായ ഖത്തര്‍ഗ്യാസ് മറ്റൊരു ചരിത്രപരമായ നാഴികക്കല്ലു കൂടി പിന്നിട്ടു. ജപ്പാനിലേക്ക് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ(എല്‍എന്‍ജി) 3000-ാമത് കാര്‍ഗോ വിജയകരമായി വിതരണം ചെയ്തു. 1997 ജനുവരി പത്തിനായിരുന്നു ഖത്തറില്‍ നിന്നും ജപ്പാനിലെ കവാഗോ എല്‍എന്‍ജിയിലേക്ക് ആദ്യ ഷിപ്പ്മെന്റ് കയറ്റിഅയച്ചത്.
അതിനുശേഷം പിന്നിട്ട കാലയളവിനുള്ളില്‍ എല്‍എന്‍ജി കാര്‍ഗോ വിജയകരമായി വിതരണം ചെയ്യാനായി. ജപ്പാനിലേക്കുള്ള 30000-ാമത് എല്‍എന്‍ജി കാര്‍ഗോ വിതരണം പൂര്‍ത്തീകരിക്കാനായതില്‍ അത്യധികമായ ആഹ്ലാദമുണ്ടെന്ന് ഊര്ജകാര്യസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയും ഖത്തര്‍ ഗ്യാസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനിയര്‍ സാദ് ബിന്‍ ഷെരിദ അല്‍കഅബി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദകരെന്ന നിലയില്‍ ഖത്തര്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് എല്‍എന്‍ജി സുരക്ഷിതമായും വിശ്വസനീയമായും എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ജപ്പാനുമായി ഭാവി സഹകരണം വര്‍ധിപ്പിക്കുന്നതിലും ജാപ്പനീസ് ഉപഭോക്താക്കളുമായും സുഹൃത്തുക്കളുമായും കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ഗ്യാസിന്റെ വഴക്കമുള്ളതും വിശ്വസനീയവുമായ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് 3000-ാമത് എല്‍എന്‍ജി കാര്‍ഗോ ജപ്പാനിലേക്ക് തടസമില്ലാതെ വിതരണം ചെയ്യുന്നത് ആഘോഷിക്കുകയാണെന്നും ജാപ്പനീസ് ഉപഭോക്താക്കളുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണിതെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു.
ജപ്പാനിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസനീയവും ശുദ്ധവുമായ ഊര്‍ജസ്രോതസ്സ് നല്‍കുന്നത് തുടരുന്നതിലെ ഖത്തര്‍ ഗ്യാസിന്റെ പ്രതിബദ്ധതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 1,35,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള പരമ്പരാഗത എല്‍എന്‍ജി കപ്പലായ അല്ജസ്റയിലാണ് 3000-ാമത് എല്‍എന്‍ജി കാര്‍ഗോ എത്തിച്ചത്.
ചുബു ഇലക്ട്രോണികും ടോക്കിയോ ഇലക്ട്രികും തമ്മിലുള്ള സംയുക്ത സംരംഭമായ ജെരയ്ക്കാണ് കാര്‍ഗോ കൈമാറിയത്. ജെരയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കവാഗോ എല്‍എന്‍ജി ടെര്‍മിനലിലാണ് ചരക്ക് എത്തിച്ചത്. നിരവധി ജാപ്പനീസ് കമ്പനികളുമായി എല്‍എന്‍ജി വിതരണത്തിനായി ഖത്തര്‍ ഗ്യാസ് കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്.
ജെര, തുഹോകു ഇലക്ട്രിക്, കന്‍സായി ഇലക്ട്രിക്, ചുഗോകു ഇലക്ട്രിക്, ടോക്കിയോ ഗ്യാസ്, ഒസാക ഗ്യാസ്, തോഹോ ഗ്യാസ്, ഷിസുവോക ഗ്യാസ് എന്നിവയുമായെല്ലാം കരാറുകളുണ്ട്. ഇവയുമായുള്ള ടേം കരാറുകള്‍ക്കു പുറമെ ജപ്പാനിലെ സ്പോട്ട് എല്‍എന്‍ജി ആവശ്യതകളില്‍ ഗണ്യമായ പങ്കും ഖത്തര്‍ ഗ്യാസ് നിറവേറ്റുന്നുണ്ട്. ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക വ്യവസായത്തിനു തുടക്കവും വഴികാട്ടിയുമായി 1984ലാണ് ഖത്തര്‍ ഗ്യാസ് സ്ഥാപിതമായത്.
ഇന്ന എല്‍എന്‍ജിയുടെ ഏറ്റവും വലിയ ഉത്പാദകരമാണ്. നിലവില്‍ വാര്‍ഷിക ഉത്പാദനശേഷി 77 മില്യണ്‍ ടണ്ണാണ്. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഉത്പാദനം. 1996ലായിരുന്നു ആദ്യ ഉത്പാദനം.
ഖത്തര്‍ ഗ്യാസ് 31 രാജ്യങ്ങളിലേക്ക് വിജയകരമായി കാര്‍ഗോ വിതരണം ചെയ്യുന്നുണ്ട്. സുരക്ഷിതവും വിശ്വസനീയവും ശുദ്ധവുമായ ഊര്‍ജ്ജത്തിനുള്ള ലോകത്തിന്റെ ആവശ്യം നിറവേറ്റുന്നതില്‍ ഖത്തര്‍ ഗ്യാസ് പ്രതിജ്ഞാബദ്ധമാണ്. എല്‍എന്‍ജി സൗകര്യങ്ങള്‍ക്കു പുറമെ ജെട്ടി ബോയില്‍ ഓഫ് ഗ്യാസ് സൗകര്യം, അല്‍ഖലീജ് ഗ്യാസ്, രണ്ടു ഹീലിയം പ്ലാന്റുകള്‍, രണ്ടു ലഫാന്‍ റിഫൈനറികള്‍, റാസ് ലഫാന്‍ ടെര്‍മിനല്‍ എന്നിവയും ഖത്തര്‍ ഗ്യാസ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.