Tuesday, April 7

ഖത്തര്‍ ചാരിറ്റി സൊമാലിയയില്‍ കുഴിച്ചത് 163 കിണറുകള്‍

ഖത്തര്‍ ചാരിറ്റി സൊമാലിയയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളമെടുക്കുന്ന ഗുണഭോക്താക്കള്‍

ദോഹ: കഴിഞ്ഞവര്‍ഷം സൊമാലിയയിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ ഖത്തര്‍ ചാരിറ്റി 163 കുഴല്‍ക്കിണറുകള്‍ കുഴിച്ചു. സൊമാലിയയിലെ ഊര്‍ജ ജലവിഭവ മന്ത്രാലയത്തിന്റെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെയാണ് കിണറുകള്‍ കുഴിച്ചത്. രാജ്യത്തെ 4,46,484 ദുരിതബാധിതര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ദുരിതാശ്വാസ മേഖലയില്‍, ഗ്രാമീണ മേഖലയില്‍ കുടിവെള്ളത്തിനു പുറമേ, ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യസഹായം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള സഹായങ്ങളും ലഭ്യമാക്കി. അറുപത് ലക്ഷം ഖത്തര്‍ റിയാലാണ് ചെലവ്. 1,19,606 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഖത്തര്‍ ചാരിറ്റിയുടെ കഴിഞ്ഞവര്‍ഷത്തെ ജലപദ്ധതികളും റിലീഫ്് കാമ്പയിനുകളും വരള്‍ച്ചാ ബാധിത മേഖലകളിലെ 5,50,000പേര്‍ക്ക് പ്രയോജനം ചെയ്തു.
11.5 മില്യണ്‍ റിയാലാണ് ചെലവ്. ഭൂഗര്‍ഭ, ഉപരിതല കിണറുകളും ജലക്കുളങ്ങളും കുഴിക്കുക, ഭൂഗര്‍ഭക്കിണറുകള്‍ നന്നാക്കുക, കുഴിച്ച കിണറുകള്‍ക്കായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് സൊമാലിയയിലെ ഖത്തര്‍ ചാരിറ്റിയുടെ ജല സേവനങ്ങളില്‍ ഏറ്റവും പ്രധാനം. ഖത്തര്‍ ചാരിറ്റി ഏറ്റവും ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും സൊമാലിയയിലെ ഊര്‍ജ ജലവിഭവ മന്ത്രാലയവും പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ജല പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു. ഖത്തര്‍ ചാരിറ്റി കഴിഞ്ഞവര്‍ഷം സൊമാലിയയില്‍ 2377ലധികം പദ്ധതികള്‍ നടപ്പാക്കി. 10,27,415പേര്‍ക്കാണ് ഈ പദ്ധതികളുടെ പ്രയോജനം ലഭിച്ചത്. വെള്ളം, ശുചിത്വം, വിദ്യാഭ്യാസം, സാംസ്‌കാരികം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം, ഭവനനിര്‍മാണം, സാമൂഹിക ആശ്വാസം, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ വിവിധ മേഖലകളിലാണ് സൊമാലിയയില്‍ പദ്ധതികള്‍ നടപ്പാക്കിയത്. 2018ല്‍ ഖത്തര്‍ ചാരിറ്റി സൊമാലിയയില്‍ 421 ജലപദ്ധതികള്‍ നടപ്പാക്കിയിരുന്നു. പത്തുലക്ഷത്തിലധികം പേര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കുകയും ചെയ്തു.

error: Content is protected !!