in ,

ഖത്തര്‍- ചൈന ബന്ധം കരുത്താര്‍ജ്ജിച്ചതെന്ന് ചൈനീസ് അംബാസഡര്‍

ചൈനീസ് അംബാസഡര്‍ ഷൂ ജിയാന്‍

ദോഹ: ഖത്തര്‍- ചൈനീസ് ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്ന് ചൈനീസ് അംബാസഡര്‍ ഷൂ ജിയാന്‍. ശക്തവും ദൃഢവുമായ ബന്ധത്തിന്റെ ഭാഗമായി കൂടുതല്‍ ചൈനീസ് നിര്‍മാതാക്കള്‍ ഖത്തറില്‍ നിക്ഷേപത്തിന് സന്നദ്ധമാകുന്നുണ്ട്. ഫാക്ടറികള്‍ തുറക്കുന്നതിനും താല്‍പര്യപ്പെടുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

ഒരുമാസം മുന്‍പാണ് ഇദ്ദേഹം ഖത്തറില്‍ ചൈനയുടെ പുതിയ അംബാസഡറായി ചുമതലയേറ്റത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മികച്ചതും ആഴത്തിലുള്ളതുമായ ബന്ധമാണുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും രണ്ടു തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

തന്ത്രപ്രധാനസഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ധാരണയായിരുന്നു. കൂടുതല്‍ ചൈനീസ് ഉദ്യോഗസ്ഥരും ഉന്നതനേതാക്കളും ഖത്തര്‍ സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യുമെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജമേഖലയിലെ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ സിഇഒ അടുത്തമാസം ഖത്തര്‍ സന്ദര്‍ശിക്കും.

വിവിധ രാജ്യാന്തര വിഷയങ്ങളില്‍ ചൈനയുടെ നിലപാടിന് ഖത്തറിന്റെ ഭാഗത്തുനിന്നുള്ള പിന്തുണക്ക് നന്ദിയുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഖത്തറിന്റെ സ്വാതന്ത്ര്യം, സുസ്ഥിരത, പരമാധികാരം എന്നിവയെ ചൈന ശക്തമായി പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ പ്രധാന എല്‍എന്‍ജി വിതരണക്കാരാണ് ഖത്തര്‍. ഖത്തറിന്റെയും മേഖലയുടെയും സുസ്ഥിരതയും സുരക്ഷയും പരിപാലിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ചൈന പ്രതിജ്ഞാബദ്ധമാണെന്ന് അംബാസഡര്‍ പറഞ്ഞു.

ചൈന കല്‍ക്കരിയെ അധികമായി ആശ്രയിക്കുന്നത് കുറക്കുകയാണ്. കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും ശുദ്ധമായ പരിസ്ഥിതി പരിപാലിക്കുന്നതിനും ചൈന പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഖത്തറില്‍ നിന്നും കൂടുതല്‍ ഊര്‍ജവിതരണം ആവശ്യമാണെന്നും അംബാസഡര്‍ പറഞ്ഞു.

വിനോദസഞ്ചാരം ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഖത്തറിലെത്തുന്ന ചൈനീസ് സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഖത്തരികള്‍ക്ക് ചൈനീസ് സന്ദര്‍ശനത്തിനും ചൈനീസ് സ്വദേശികള്‍ക്ക് ഖത്തര്‍ സന്ദര്‍ശനത്തിനും പ്രവേശനവിസ ഒഴിവാക്കിയിട്ടുണ്ട്.

ജിസിസി പ്രതിസന്ധി എത്രയും വേഗത്തില്‍ പരിഹരിക്കപ്പെടണമെന്ന ശക്തമായ ആഗ്രഹമാണ് ചൈനക്കുള്ളതെന്നും അംബാസഡര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മികവുറ്റവരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്വം: അല്‍ഹമ്മാദി

പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ മാതൃകയായി ഹമദ് തുറമുഖം