
ദോഹ: ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് 2026 നയം ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭായോഗം. 2020 ലെ ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് നയം, ഖത്തര്‍ സ്മാര്‍ട് പ്രോഗ്രാമായ തസ്മു എന്നിവയെക്കുറിച്ചായിരുന്നു ഗതാഗത മന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചത്.
വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ തോത് ശക്തിപ്പെടുത്തുക, സര്‍ക്കാര്‍ ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ സുതാര്യത വര്‍ധിപ്പിക്കുക എന്നിവയാണ് ഡിജിറ്റല്‍ ഗവണ്‍മെന്റ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ 2020 നയത്തില്‍ സേവന പദ്ധതികള്‍, ഇ-സര്‍വീസുകള്‍, ജോയിന്റ് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍സ്, നയങ്ങള്‍ നടപ്പാക്കുന്നതില്‍ പിന്തുണ, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുക, 1,000ത്തോളം ഇ-സേവനങ്ങള്‍ നടപ്പാക്കല്‍ എന്നിവയെല്ലാം ഡിജിറ്റല്‍ ഗവണ്‍മെന്റ് നയത്തിന്റെ ഭാഗമാണ്.
വ്യാവസായിക, വാണിജ്യ, ലോജിസ്റ്റിക് മേഖലകളുടെ വാടക ഏകീകരിക്കുന്നത് സംബന്ധിച്ച വാണിജ്യ വ്യവസായ മന്ത്രിയുടെ ശുപാര്‍ശ നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു.
ഫാമുകള്‍ക്കും ഫാമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച 2017 ലെ 43-ാം നമ്പര്‍ റസലൂഷനിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിനും അംഗീകാരം.