
ദോഹ: 2019 ഖത്തര്‍ ഡിജിറ്റല്‍ ബിസിനസ് അവാര്‍ഡിനായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. നേരത്തെ ഖത്തര്‍ ഐടി ബിസിനസ് അവാര്‍ഡ്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഖത്തറിലെ ഡിജിറ്റല്‍ വ്യവസായ മേഖലയിലെ ഏറ്റവും സുപ്രധാനമായ പുരസ്‌കാരമാണിത്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ സന്നദ്ധതയുടെ ഭാഗമാണ് പുരസ്‌കാരം. രാജ്യത്ത് ഡിജിറ്റല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും പുരസ്‌കാരത്തിനായി അപേക്ഷിക്കാം. ഒക്ടോബര്‍ പത്തിനകം www.qitba.qa മുഖേന ഓണ്‍ലൈനായി നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
ഈ വര്‍ഷം പത്തു വിഭാഗങ്ങളിലാണ് പുരസ്‌കാരം. ഐസിടി സേവനദാതാവ്, സിസ്റ്റംസ് ഇന്റഗ്രേറ്റര്‍, മൊബൈല്‍ ആപ്പ്, ക്ലൗഡ് സൊലൂഷന്‍, ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സൊലൂഷന്‍, എസ്എംഇ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഇ-കൊമേഴ്‌സ് സൊലൂഷന്‍, ഇന്നവേറ്റീവ് ഫിന്‍ടെക് സൊലൂഷന്‍, ഐസിറ്റി എക്‌സ്‌പോര്‍ട്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ചവയ്ക്കാണ് പുരസ്‌കാരം.
ഖത്തറില്‍ ഡിജിറ്റല്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയിലുള്ളവരെ തിരിച്ചറിയുന്നതിനുള്ള പ്രധാന വേദിയാണ് പുരസ്‌കാരമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി രീം അല്‍മന്‍സൂരി പറഞ്ഞു. മന്ത്രാലയം ഈ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയുന്നുണ്ട്.
പ്രാദേശിക സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും അന്തര്‍ദേശീയമായി അവരുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.
ഡിജിറ്റല്‍ വ്യവസായ മേഖലയിലെ പ്രമുഖ വിദഗ്ദ്ധരടങ്ങുന്ന ഒരു പാനലാണ് നാമനിര്‍ദേശങ്ങള്‍ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നത്. നവംബര്‍ ഒന്നിന് നടക്കുന്ന ക്വിറ്റ്‌കോം 2019 ഗാല ഡിന്നറിലായിരിക്കും പ്രഖ്യാപനം.