in ,

ഖത്തര്‍ പെട്രോളിയത്തിന്റെ പ്രാദേശികവല്‍ക്കരണ പദ്ധതിക്ക് മികച്ച പ്രതികരണം

ദോഹ: ഊര്‍ജമേഖലയിലെ വ്യവസായങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഖത്തര്‍ പെട്രോളിയം നടപ്പാക്കുന്ന പ്രാദേശികവല്‍ക്കരണ പദ്ധതിയ്ക്ക് മികച്ച പ്രതികരണം. വിതരണ ശൃംഖലയുടെ പ്രാദേശികവല്‍ക്കരണം ശക്തിപ്പെടുത്തുകയെന്നതും ചെറുകിട, ഇടത്തരം വ്യവസായ സംരംഭകത്വ അടിത്തറ വിപുലീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തവ്തീന്‍ പദ്ധതിയില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഔദ്യോഗിക സ്ഥാപനങ്ങള്‍, സേവന ദാതാക്കള്‍, വ്യവസായ സംരംഭങ്ങള്‍ എന്നിവയെല്ലാം സഹകരിക്കുന്നുണ്ട്.

ഊര്‍ജമേഖലയില്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തവ്തീന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കയറ്റുമതിക്ക് പ്രാദേശിക ബദല്‍ സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. പ്രതിവര്‍ഷം പദ്ധതിയുടെ മൂല്യമായി കണക്കാക്കുന്നത് എട്ടു മുതല്‍ ഒന്‍പത് ബില്യണ്‍ ഖത്തരി റിയാലാണ്. ഊര്‍ജം ഉള്‍പ്പടെ വിവിധ മേഖലകളിലായി ഏകദേശം നൂറു പുതിയ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിക്കും.

വിവിധ നിക്ഷേപ മേഖലകളില്‍ നൂറോളം പുതിയ നിക്ഷേപ അവസരങ്ങള്‍ക്കായി പ്രാദേശിക നിക്ഷേപകരില്‍നിന്നും ആഗോള വിതരണക്കാരില്‍നിന്നുമായി ഏകദേശം 1500ഓളം അപേക്ഷകളാണ് ലഭിച്ചത്. തവ്തീന്റെ നിക്ഷേപ പോര്‍ട്ടലിലൂടെയാണ് ഇത്രയധികം അപേക്ഷകള്‍ ലഭിച്ചത്.

ഊര്‍ജ മേഖലാ വിതരണശൃംഖലയിലെ എന്‍ജിനിയറിങ് സേവനങ്ങള്‍, അറ്റകുറ്റപ്പണി, റിപ്പയര്‍- ഓവര്‍ഹോള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഉപരിതല പ്രവര്‍ത്തനങ്ങള്‍, രാസവസ്തുക്കള്‍, ഭാരക്കുറവുള്ള ഉപകരണങ്ങള്‍, ബിസിനസ് സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നീ മേഖലകളിലാണ് നിക്ഷേപാവസരങ്ങള്‍. ലഭിച്ച അപേക്ഷകള്‍ തവ്തീന്റെ പ്രത്യേക വിലയിരുത്തല്‍ ടീം പരിശോധിച്ചുവരികയാണ്.

സ്വീകാര്യമായ അപേക്ഷകളില്‍ പ്രീടെണ്ടറിങ് നടപടിക്രമങ്ങള്‍ ഈ വര്‍ഷം നാലാംപാദത്തിലായിരിക്കും. 15ലധികം ഊര്‍ജകമ്പനികള്‍ തവ്തീന്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

ഈ പദ്ധതിയില്‍ ഖത്തര്‍ പെട്രോളിയവുമായി സഹകരിച്ച് 69 നിക്ഷേപ അവസരങ്ങള്‍ ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഈ അവസരങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അതോറിറ്റി ഭൂമിയും മറ്റു ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലക്കും സ്വയാശ്രിതത്വത്തിലേക്കുമുള്ള റോഡ്മാപ്പ് പ്രാവര്‍ത്തികമാക്കുകയാണ്. രാജ്യത്തെ ഊര്‍ജമേഖലയെ ഒന്നാകെ ശക്തിപ്പെടുത്താനും വിപണി സ്വാധീനം മികച്ചതാക്കാനും സഹായിക്കുന്ന സുപ്രധാന കര്‍മ്മപദ്ധതിയാണ് തവ്തീന്‍.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഖത്തറിനുള്ളില്‍ വിവിധ വ്യവസായ സംരംങ്ങള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകമാണ്. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ കര്‍മ്മപദ്ധതിയുടെ ഭാഗമാണിത്.

രാജ്യത്തെ സ്വകാര്യമേഖലയെ വികസിപ്പിക്കുന്നതില്‍ സഹായിക്കുകയെന്നതാണ് പദ്ധതി പ്രാഥമികമായി ലക്ഷ്യംവെയ്ക്കുന്നത്. ഉത്പാദനം, തൊഴില്‍, നിര്‍മാണമേഖലയിലെ സംഭാവനകള്‍, കയറ്റുമതി, ജിഡിപി എന്നിവയെല്ലാം കണക്കിലെടുത്താന്‍ സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പദ്ധതി ഗുണകരമാകും.

എണ്ണ, വാതക വ്യവസായത്തിന് തവ്തീന്‍ വലിയ പിന്തുണ നല്‍കും. ഖത്തറിലെ പ്രാദേശിക, രാജ്യാന്തര സംരംഭകര്‍ക്ക് മൂല്യമേറെയുള്ള വ്യവസായ അവസരങ്ങള്‍ തുറന്നുനല്‍കും. ഖത്തറില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും സഹായകമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സംസ്‌കൃതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാല്‍നടയാത്രികരുടെ ഉത്തരവാദിത്വങ്ങളും കടമകളും: സെമിനാര്‍ സംഘടിപ്പിച്ചു