Monday, August 10ESTD 1934

ഖത്തര്‍ പൊരുതിത്തോറ്റു

ഖത്തര്‍- സഊദി അറേബ്യ രണ്ടാം സെമി ഫൈനലില്‍ നിന്ന്
ചിത്രം റുബിനാസ് കൊട്ടേടത്ത്‌

ദോഹ: പ്രതീക്ഷിച്ചത് സംഭവിച്ചില്ല. ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ രണ്ടാം സെമിയില്‍ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ കാണികളില്‍ ഭൂരിപക്ഷത്തിന്റേയും ആഗ്രഹം സഫലമാകാതെ അന്നാബികള്‍ക്ക് മടക്കം. ഏകപക്ഷീയമായ ഒരു ഗോളിന് സഊദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും രാജകീയ മത്സരമാണ് ഖത്തര്‍ കാഴ്ചവെച്ചത്. എട്ടാം തിയ്യതി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സഊദി അറേബ്യയും ബഹറൈനും ഏറ്റുമുട്ടും. അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ചരിത്രത്തില്‍ സഊദി അറേബ്യ മൂന്നു തവണ ജേതാക്കളായിട്ടുണ്ട്. ബഹറൈനാവട്ടെ നാലുതവണ റണ്ണേഴ്‌സ് അപ്പും.
ഇരുപത്തിയെട്ടാം മിനുട്ടിലാണ് സഊദിയുടെ അബ്ദുല്ല അല്‍ ഹംദാന്‍ വിജയ ഗോള്‍ നേടിയത്. തൊണ്ണൂറു മിനുട്ടിലും അധികം കിട്ടിയ ഏഴു മിനുട്ടിലും ഗോളടിക്കാന്‍ ഖത്തര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
മികച്ച കളിയാണ് ഖത്തര്‍ പുറത്തെടുത്തത്. കളിയുടെ 62 ശതമാനം സമയത്തും ഖത്തറാണ് പന്ത് കൈകാര്യം ചെയ്തത്. പാസുകളുടെ കൃത്യതയാകട്ടെ 85 ശതമാനമായിരുന്നു. എന്നിട്ടും നിര്‍ഭാഗ്യം ഖത്തറിന് ഫൈനല്‍ പ്രവേശനം തടയുകയായിരുന്നു.

error: Content is protected !!