in ,

ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഹോങ്കോങുമായി ബന്ധം ശക്തിപ്പെടുത്തുന്നു

ഹോങ്കോങ് ജനറല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ക്യുഎഫ്‌സി ബിസിനസ് ഡെവലപ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ ശൈഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി പങ്കെടുത്തപ്പോള്‍

ദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യുഎഫ്‌സി) ഹോങ്കോങുമായി ബന്ധം ശക്തിപ്പെടുത്തുന്നു. സുപ്രധാന ഹോങ്കോങ് സ്ഥാപനങ്ങളുമായി ക്യുഎഫ്‌സി നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കുകയും ഉന്നതതല ബിസിനസ് ടു ബിസിനസ് യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

ഹോങ്കോങില്‍ നടന്ന വെബ് ഉച്ചകോടിയുടെ ഭാഗമായി നടന്ന റൈസ് ഉച്ചകോടിയിലാണ് ഹോങ്കോങ് സ്ഥാപനങ്ങളുമായി ക്യുഎഫ്‌സി കരാറിലേര്‍പ്പെട്ടത്. ലോകത്തില്‍ ദ്രുതഗതയില്‍ ലറുന്ന സാങ്കേതിക സമ്മേളനമാണ് റൈസ് ഉച്ചകോടി.

ഹോങ്കോങിനും ഖത്തറിനുമിടയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ക്യുഎഫ്‌സി ഇന്‍വെസ്റ്റ്എച്ച്‌കെ, ഹോങ്കോങ് ജനറല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പൊതുതാല്‍പര്യങ്ങള്‍, സഹകരണ സംരംഭങ്ങള്‍, ക്യുഎഫ്‌സിയിലെ കമ്പനികള്‍ക്ക് ഹോങ്കോങ്, ചൈനയിലെ പ്രധാനകമ്പനികള്‍ എന്നിവയെ മുന്‍കൂട്ടി തുറന്നുകാട്ടല്‍ തുടങ്ങിയവ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.

ഖത്തറിലും മേഖലയിലും നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ക്ലസ്റ്റര്‍ വ്യവസായങ്ങളുമായി അര്‍ഥവത്തായ സംഭാഷണവും ആശയവിനിമയവും സുഗമമാക്കുകയെന്നതും ലക്ഷ്യമിടുന്നു. ഖത്തറും ഹോങ്കോങും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പിന്തുണയ്ക്കുന്ന നിക്ഷേപ പ്രോത്സാഹനപരിപാടികള്‍ക്ക് ക്യുഎഫ്‌സിയും ഇന്‍വെസ്റ്റ്എച്ച്‌കെയും സംയുക്തമായി ആതിഥ്യം വഹിക്കും.

അതാത് വിപണികളില്‍ വ്യവസായസംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രാദേശിക കമ്പനികളെ സംയുക്തമായി പിന്തുണയ്ക്കും. ഹോങ്കോങും ഖത്തറും തമ്മില്‍ വര്‍ഷങ്ങളായി ശക്തമായ ഉഭയകക്ഷിബന്ധം ആസ്വദിക്കുന്നുണ്ടെന്നും ഈ ചരിത്രപരമായ ബന്ധത്തിന്റെ തെളിവാണ് കരാറുകളെന്നും ക്യുഎഫ്‌സി ബിസിനസ് ഡെവലപ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ ശൈഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി പറഞ്ഞു.

ഈ ധാരണാപത്രങ്ങളിലൂടെ ഖത്തര്‍, ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കായി കൂടുതല്‍ വ്യവസായ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനുളള ക്യുഎഫ്‌സിയുടെ ശേഷി വിശാലമാക്കുകയാണെന്നും അവര്‍ പറഞ്ഞു.

പരസ്പരം പ്രയോജനപ്പെടുന്ന സഹകരണത്തിനായി കൂടുതല്‍വഴിയൊരുക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി സുപ്രധാനമായ പുരോഗതിയുണ്ടാകുമെന്ന് വിശ്വാസമുണ്ട്. സംയോജിത പരിശ്രമത്തിന്റെ ഫലമായുണ്ടാകുന്ന നിരവധി അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഖത്തറിന്റെ പ്രധാന പങ്കാളിയായി ഹോങ്കോങ് തുടരുമെന്ന് ഹോങ്കോങിലെ ഖത്തര്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍കുവാരി അഭിപ്രായപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ഖോര്‍ എക്‌സ്പ്രസ് വേയിലെ എആര്‍ടി പരീക്ഷണ സര്‍വീസില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍ സ്ഥാപിക്കുന്നു