in ,

ഖത്തര്‍- ഫ്രാന്‍സ് വ്യാപാരം 14 ബില്യണ്‍ റിയാലിലേക്കെത്തി

2020 ജനുവരിക്കുള്ളില്‍ റഫാല്‍ യുദ്ധവിമാനങ്ങളുടെ കൈമാറ്റം പൂര്‍ത്തിയാകും

ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗില്ലെറ്റ്

ദോഹ: ഖത്തറിനും ഫ്രാന്‍സിനുമിടയിലെ വാണിജ്യവ്യാപാരം 2018ല്‍ 14 ബില്യണ്‍ റിയാലിലേക്കെത്തി. ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗില്ലെറ്റ് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നതവിദ്യാഭ്യാസം, മറ്റു മേഖലകള്‍ തുടങ്ങിയവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഖത്തര്‍ വളരെ ശക്തമായ രാജ്യമായി തുടരുന്നുവെന്നതാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യവ്യാപാരത്തിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നത്. 2020 ജനുവരിക്കുള്ളില്‍ ഖത്തറിന് റഫാല്‍ യുദ്ധവിമാനങ്ങളുടെ കൈമാറ്റം പൂര്‍ത്തിയാക്കും.

ആകെ 24 റഫാല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സ് ഖത്തറിന് നല്‍കുന്നത്. ഇതില്‍ പത്തു യുദ്ധവിമാനങ്ങള്‍ ഇതിനോടകം കൈമാറുകയും ഇവ ഖത്തറിലെത്തുകയും ചെയ്തിട്ടുണ്ട്. കൃത്യസമയത്താണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ കൈമാറ്റം. ഈ തലമുറയിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളാണ് ഖത്തറിന് നല്‍കുന്നത്. സമയബന്ധിതമായി ഇവര ഖത്തറിന് വിതരണം ചെയ്തുവരുന്നുണ്ട്. എല്ലാ യുദ്ധവിമാനങ്ങളും നിശ്ചയിച്ചതുപോലെ ഖത്തറിലെത്തും.

അവസാനത്തെ റഫാല്‍ യുദ്ധവിമാനം അടുത്തവര്‍ഷം ജനുവരി മധ്യത്തോടെ ഖത്തറിലെത്തുമെന്നും അംബാസഡര്‍ പറഞ്ഞു. ഖത്തറിനും ഫ്രാന്‍സിനുമിടയിലെ തന്ത്രപ്രധാന സംവാദം വര്‍ഷത്തില്‍ രണ്ടുതവണ വീതം നടന്നുവരുന്നുണ്ട്. രണ്ടുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിന്റെ വിവിധ തലങ്ങളാണ് ഈ സംവാദത്തില്‍ ഊന്നല്‍ നല്‍കുന്നത്.

ഭാവിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അവ എങ്ങനെ നടപ്പാക്കുമെന്നതിലും റോഡ്മാപ്പ് സജ്ജമാക്കുന്നതിലും സംവാദം സഹായകമാകുന്നുണ്ട്. ഇത്തരം യോഗങ്ങളില്‍ രണ്ടു രാജ്യങ്ങളിലെയും ഉന്നതഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഖത്തറുമായി സഹകരണം വലിയതോതില്‍ ശക്തിപ്പെടുത്തുന്നതിന് ഫ്രാന്‍സ് താല്‍പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ പഠനം നടത്തുന്നതിനായി കൂടുതല്‍ ഫ്രഞ്ച് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

കൂടുതല്‍ ഫ്രഞ്ച് യുവജനങ്ങള്‍ ഖത്തറിലെത്തുകയും ഈ മേഖലയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ചെയ്യണമെന്ന് താന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് ഫ്രാങ്ക് ഗില്ലെറ്റ് പറഞ്ഞു. കൈമാറ്റ പ്രോഗ്രാമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഖത്തറിലെയും ഫ്രാന്‍സിലെയും യൂണിവേഴ്‌സിറ്റികള്‍ക്കിടയില്‍ തുടരുന്നുണ്ട്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടാണ് ഇത്തരം ചര്‍ച്ചകളെന്നും അദ്ദേഹം പറഞ്ഞു.

2020 ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരികവര്‍ഷത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

സൈബര്‍ സുരക്ഷയില്‍ ഖത്തറും ഫ്രാന്‍സും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും ഗില്ലെറ്റ് പറഞ്ഞു. പാരിസ്ഥിതിക മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംയുക്ത പദ്ധതി നടപ്പാക്കുന്നുണ്ടെന്നും രാഷ്ട്രീയമായി വളരെ പ്രാധാന്യം ഈ പദ്ധതിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക മേഖലയില്‍ ഗ്ലോബല്‍ ആക്ടര്‍ ആകുന്നതിനുള്ള ഖത്തറിന്റെ താല്‍പര്യമാണ് ഇതില്‍ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആദ്യപകുതിയില്‍ കഹ്‌റമ പ്രാദേശിക കമ്പനികള്‍ക്ക് നല്‍കിയത് 34 കരാറുകള്‍

അവധിക്ക്് നാട്ടിലെത്തി; അസ്്‌ലം ഇന്ത്യയെ കാണാന്‍ ബൈക്കില്‍ ചുറ്റുകയാണ്