in , ,

ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷം: പരിപാടികള്‍ പ്രഖ്യാപിച്ചു

ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു

ദോഹ: 2020 ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വര്‍ഷം ഉടനീളം സംഘടിപ്പിക്കുന്ന പ്രധാന പരിപാടികള്‍ സംഘാടകരായ ഖത്തര്‍ മ്യൂസിയംസ് ഫ്രഞ്ച് എംബസിയുമായി ചേര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരിപാടികള്‍ പ്രഖ്യാപിച്ചത്. അടുത്ത പന്ത്രണ്ട് മാസങ്ങളിലായി ഇരുരാജ്യങ്ങളിലുമായി പ്രദര്‍ശനങ്ങള്‍, ഫെസ്്റ്റിവലുകള്‍, ഉഭയകക്ഷികൈമാറ്റങ്ങള്‍, പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ജനുവരി പത്തിന് കത്താറ ഒപ്പേറ ഹൗസിലെ ഉദ്ഘാടന ചടങ്ങുകളോടെയാണ് വര്‍ഷാഘോഷത്തിന് തുടക്കമാകുക. തന്റെ തലമുറയിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്നതും വൈവിധ്യത ഇഷ്്ടപ്പെടുകയും ചെയ്യുന്ന മ്യൂസിക് കണ്ടക്ടര്‍മാരില്‍ ഒരാളായ മാര്‍ക്ക് പിയോലെറ്റിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര ഫ്രഞ്ച് ക്ലാസിക്കുകള്‍ അടങ്ങിയ പ്രോഗ്രാം അവതരിപ്പിക്കും. ഫെബ്രുവരിയില്‍ പാലസ് ഡി ടോക്കിയോയില്‍ നമ്മുടെ ലോകം കത്തുന്നു എന്ന പ്രമേയത്തില്‍ സമകാല കലാപ്രദര്‍ശനം സംഘടിപ്പിക്കും.
സമകാലീന കലാകേന്ദ്രവും മാത്തഫ്-അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടും സഹകരിച്ചു നടത്തുന്ന പ്രദര്‍ശനത്തില്‍ ഖത്തറിലെയും ഗള്‍ഫ് മേഖലയിലെയും കലാകാരന്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹ്രസ്വചത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ കാന്‍സ് രാജ്യാന്തര ഫെസ്റ്റിവലിലും ക്ലെര്‍മോണ്ട് ഫെറാന്‍ഡിലെ ഹ്രസ്വചിത്ര ഫെസ്്റ്റിവലിലും പ്രദര്‍ശിപ്പിക്കും. മാര്‍ച്ചില്‍ ദോഹ ഫയര്‍ സ്റ്റേഷന്‍ ഗ്യാരേജ് ഗ്യാലറിയില്‍ പിക്കാസോ സ്റ്റുഡിയോയിലെ മികച്ച സൃഷ്ടികളുടെ പ്രദര്‍ശനമുണ്ടാകും. പാബ്ലോ പിക്കാസോയുടെ നിരവധി സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയായിരിക്കും പ്രദര്‍ശനം. പാരീസിലെ മ്യൂസി നാഷണല്‍ പിക്കാസോയില്‍ നിന്നും അസാധാരണമായ വായ്പാടിസ്ഥാനത്തിലാണ് ഇവ ഖത്തറിലേക്ക് കൊണ്ടുവരുന്നത്. വൈറ്റോ ബരാഡയുടെ പ്രദര്‍ശനം മതാഫില്‍ നടക്കും. ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ താല്‍ക്കാലിക എക്‌സിബിഷന്‍ ഗ്യാലറിയില്‍ പ്രശസ്ത ഫ്രഞ്ച് കലാ ചരിത്രകാരിയായ കാതറീന്‍ ഗ്രെനിയര്‍ ക്യുറേറ്റ് ചെയ്യുന്ന പ്രദര്‍ശനമുണ്ടാകും. ഖത്തര്‍ മ്യൂസിയംസിന്റെ അല്‍റിവാഖ് ഗ്യാലറിയില്‍ സമകാല ഫ്രഞ്ച് കലാകാരന്‍ ഫിലിപ്പെ പരേനോയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. പാരീസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്യു മൊണ്ടെ അറബെയില്‍ ഖത്തര്‍ സാംസ്‌കാരികവാരം ഒക്ടോബറില്‍ നടക്കും. മറ്റു പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ വരും ആഴ്ചകളിലും മാസങ്ങളിലുമായി പ്രഖ്യാപിക്കും. പരിപാടികള്‍ ഖത്തര്‍ മ്യൂസിയംസ് സാംസ്‌കാരികവര്‍ഷത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.
സാംസ്‌കാരികവര്‍ഷം വിജയകരമായി നടപ്പാക്കുന്നത് ഫ്രാന്‍സുമായി മറ്റുമേഖലകളിലെ സഹകരണം ഊര്‍ജിതപ്പെടുത്താന്‍ സഹായിക്കും. പ്രത്യേകിച്ചും സാമ്പത്തിക, വിനോദ, വ്യവസായ മേഖലകളില്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇതു പ്രേരണയാകും. ഖത്തറിലെ മികച്ചത് ഫ്രാന്‍സിലും ഫ്രാന്‍സിലെ മികച്ചത് ഖത്തറിലും അവതരിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളെ അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും പരസ്പര ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും സാംസ്‌കാരിക വര്‍ഷത്തിലൂടെ സാധിക്കുമെന്ന് സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി പറഞ്ഞു. സാംസ്‌കാരികവര്‍ഷത്തിലുടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പരസ്പരധാരണ, സൗഹൃദം പിന്തുണ എന്നിവയിലെ പുരോഗതി തുടരുമെന്ന് ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗില്ലെറ്റ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിവ്യാപാരത്തില്‍ 33 ശതമാനം വര്‍ധനവുണ്ടായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്രാങ്കെയിസ് ഡ്യു ഖത്തര്‍ 13-ാം വാര്‍ഷികം ആഘോഷിച്ചു.
സാംസ്‌കാരികവര്‍ഷം സഹകരണം കൂടുതല്‍ വിശാലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഫ്രഞ്ച് എംബസി, ഫ്രാന്‍സിലെ ഖത്തര്‍ എംബസി, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍, ദേശീയ ടൂറിസം കൗണ്‍സില്‍, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, കത്താറ, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സാംസ്‌കാരിക വര്‍ഷം സംഘടിപ്പിക്കുന്നത്.
2012 മുതലാണ് വിവിധ രാജ്യങ്ങളുമായി സഹകരിച്ച് ഖത്തര്‍ സംസ്‌കാരികവര്‍ഷം നടപ്പാക്കിവരുന്നത്. ഖത്തര്‍ മ്യൂസിയംസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2012ല്‍ ജപ്പാനുമായും 2013ല്‍ ബ്രിട്ടണുമായും 2014ല്‍ ബ്രസീലുമായും 2015ല്‍ തുര്‍ക്കിയുമായും 2016ല്‍ ചൈനയുമായും 2017ല്‍ ജര്‍മനിയുമായും 2018ല്‍ റഷ്യയുമായും കഴിഞ്ഞവര്‍ഷം ഇന്ത്യയുമായും സഹകരിച്ച് സാംസ്‌കാരികവര്‍ഷം വിജയകരമായി നടപ്പാക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം കുവൈത്തില്‍ ഫെബ്രുവരിയില്‍

വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍ ഇന്ത്യയെ തോല്‍പ്പിച്ചു