
ദോഹ: 2020 ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കത്താറയിലെ ഒപ്പേറ ഹൗസില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതോടനുബന്ധിച്ച് സവിശേഷമായ സംഗീതപരിപാടിയും അരങ്ങേറി.
സഹമന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരി, ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗില്ലെറ്റ്, ഖത്തര്‍ മ്യൂസിയംസ് സിഇഒ അഹമ്മദ് അല്‍നംല തുടങ്ങിയവരും വിശിഷ്ടാതിഥികളും പങ്കെടുത്തു. തന്റെ തലമുറയിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്നതും വൈവിധ്യത ഇഷ്്ടപ്പെടുകയും ചെയ്യുന്ന മ്യൂസിക് കണ്ടക്ടര്‍മാരില്‍ ഒരാളായ മാര്‍ക്ക് പിയോലെറ്റിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര ഫ്രഞ്ച് ക്ലാസിക്കുകള്‍ അടങ്ങിയ പ്രോഗ്രാം അവതരിപ്പിച്ചു. ലിസെ ഡെ ലാ സല്ലെ പിയാനോയില്‍ വിസ്മയം തീര്‍ത്തു. ഖത്തരി സംഗീതസംവിധായകന്‍ ഹമീദ് ഹുസൈന്‍ നാമയുടെ ദോഹ സീക്രട്ട്‌സ് സിംഫണിയുടെ പ്രകടനവും സംഗീതക്കച്ചേരിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഖത്തറിന്റെ തുടക്കം മുതല്‍ ആഗോളതലത്തില്‍ ഇന്നു രാജ്യം നിലകൊള്ളുന്ന സ്ഥാനം വരെ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വീക്ഷണം പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ സംഗീതപരിപാടി.
ഫ്രാന്‍സുമായി ചേര്‍ന്നുള്ള സാംസ്‌കാരികവര്‍ഷാഘോഷംവിജയകരവും വ്യതിരിക്തവുമായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഡോ. ഹമദ് ബിന്‍ അബ്ദുല്‍അസീസ് അല്‍കുവാരി പറഞ്ഞു.