in ,

ഖത്തര്‍ ഫ്രീസോണുകളും മാധ്യമ നഗരവും വെവ്വേറെ സ്ഥാപനങ്ങള്‍: ക്യുഎഫ്ഇസെഡ്എ

ദോഹ: വ്യത്യസ്ത നിയമങ്ങളാല്‍ സ്ഥാപിതമായ വെവ്വേറെ സ്ഥാപനങ്ങളാണ് ഖത്തര്‍ ഫ്രീസോണുകളും മാധ്യമ നഗരവും. ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റിയാണ്(ക്യുഎഫ്ഇസെഡ്എ) ഇക്കാര്യം വ്യക്തമാക്കിയത്.

റാസ് അബുഫൊന്താസ്, ഉംഅല്‍ഹൗല്‍ സ്വതന്ത്ര മേഖലകള്‍ ഖത്തര്‍ സ്വതന്ത്രമേഖലകളുടെ ഭാഗമാണ്. മുഷൈരിബ് ഡൗണ്‍ടൗണില്‍ മറ്റൊരു സ്വതന്തര മേഖല സ്ഥാപിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

പുതിയ മാധ്യമ നഗരത്തിന്റെ ആസ്ഥാനമായി മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയെ ആസൂത്രണം ചെയ്യുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള മാധ്യമറിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയാായിരുന്നു ക്യുഎഫ്ഇസെഡ്എ.

പുതിയ മാധ്യമ നഗരത്തിന്റെ ആസ്ഥാനം എവിടെയായിരിക്കണമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം പുറപ്പെടുവിച്ചിട്ടില്ലെന്ന് ക്യുഎഫ്ഇസെഡ്എ അറിയിച്ചു. വെവ്വേറെ നിയമങ്ങളാല്‍ സ്ഥാപിതമായ പ്രത്യേക സ്ഥാപനങ്ങളാണ് ഖത്തര്‍ ഫ്രീസോണുകളും മാധ്യമനഗരവുമെന്നും അടിവരയിട്ട് വ്യക്തമാക്കി.

2005ലെ 34-ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2017ലെ 21-ാം നമ്പര്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രീ സോണ്‍സ് അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്. വ്യാവസായിക ലക്ഷ്യത്തോടു കൂടിയുള്ള ഭൂമി, ഇന്‍സ്റ്റലേഷന്‍, സൗകര്യങ്ങള്‍ എന്നിവയടങ്ങുന്ന മേഖലകളെയാണ് വ്യവസായിക സോണ്‍ എന്ന നിലയില്‍ നിര്‍വചിച്ചിരിക്കുന്നത്.

ഖത്തറില്‍ ലോകോത്തര നിലവാരത്തിലുള്ള സ്വതന്ത്ര മേഖലകളുടെ വികസനത്തിനും നിയന്ത്രണത്തിനും ഉത്തരവാദിത്വം അതോറിറ്റിക്കാണ്. വാണിജ്യ വ്യവസായിക സാങ്കേതിക മേഖലകളിലെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. രാജ്യത്തിന്റെ കര്‍മ്മപദ്ധതിക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും സ്വകാര്യമേഖലയില്‍ പങ്കാളിത്തം സ്ഥാപിക്കാന്‍ കമ്പനികളെ പ്രാപ്തരാക്കുകയും സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു.

അതേസമയം രാജ്യത്തെ ആദ്യ സ്വതന്ത്ര മേഖല റാസ് അബുഫൊന്താസില്‍ സജ്ജമായിട്ടുണ്ട്. അടിസ്ഥാനസൗകര്യലവികസന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. സെപ്തംബറില്‍ സ്വതന്ത്ര മേഖലയ്ക്ക് തുടക്കംകുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര മേഖലയിലെ ബഹുഭൂരിപക്ഷം പ്ലോട്ടുകളും അനുവദിക്കുന്നതിനുള്ള നടപടികളും ഏറെക്കുറെ പൂര്‍ത്തിയായി. കാര്യങ്ങളെല്ലാം ദ്രുതഗതിയിലാണ് മുന്നോട്ടുപോകുന്നത്.

സ്വതന്ത്ര മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യമൊരുക്കുന്നതിന് വിദഗ്ദ്ധരുള്‍പ്പെട്ട ടീം പ്രവര്‍ത്തിച്ചുവരികയാണ്. സ്വതന്ത്രമേഖലയിലെ നിക്ഷേപകര്‍ക്ക് പരമാവധി പ്രയോജനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. റാസ് അബുഫൊന്താസില്‍ നേരത്തെ നിര്‍മിച്ച കെട്ടിടങ്ങളില്‍ 110 മില്യണ്‍ ഡോളറിന്റെ ഒയാസിസ് കെട്ടിടവും ഉള്‍പ്പെടും.

ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റിയുടെ ആസ്ഥാനം ഒയാസിസിലായിരിക്കും. ഉംഅല്‍ഹൗല്‍ സ്വതന്ത്ര സാമ്പത്തികമേഖലയും ഉടന്‍ പൂര്‍ണതോതില്‍ സജ്ജമാകും. പ്രാദേശിക വിദേശ നിക്ഷേപകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഖത്തറില്‍ മീഡിയ സിറ്റി(മാധ്യമ നഗരം) രൂപീകരണം വ്യവസ്ഥ ചെയ്യുന്ന 2019ലെ 13-ാം നമ്പര്‍ നിയമത്തിന് അമീര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

സമഗ്രമായ മാധ്യമ കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ധാര്‍മ്മികമൂല്യങ്ങളിലൂന്നിയും സ്വതന്ത്ര ബജറ്റില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒന്നിനെയാണ് മീഡിയാ സിറ്റിയായി നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ അതിരുകളും കൂട്ടിച്ചേര്‍ക്കലുകളും മന്ത്രിസഭാ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും.

മാധ്യമപ്രവര്‍ത്തനങ്ങളെ വികസിപ്പിക്കുകയും മാനേജ് ചെയ്യുകയും രാജ്യാന്തരക മാധ്യമങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുകയെന്നതും മീഡിയ സിറ്റി ലക്ഷ്യമിടുന്നു. രാജ്യാന്തര മാധ്യമങ്ങള്‍ക്കു പുറമെ ടെക്‌നോളി കമ്പനികള്‍, മാധ്യമ, ഡിജിറ്റല്‍ മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ-പരിശീലന സ്ഥാപനങ്ങള്‍ എന്നിവയെയും ഖത്തറിലേക്ക് ആകര്‍ഷിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

24-ാമത് ഗള്‍ഫ് കപ്പ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ ദോഹയില്‍

കരള്‍ അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി എച്ച്എംസി