
ദോഹ: മൂന്നാമത് തോര്‍ബ കര്‍ഷക വിപണി അടുത്തയാഴ്ച ഖത്തര്‍ ഫൗണ്ടേഷനിലെ സെറിമോണിയല്‍ കോര്‍ട്ടില്‍ ആരംഭിക്കും. നവംബര്‍ 16ന് തുറക്കുന്ന മാര്‍ക്കറ്റ് ശനിയാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തിക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ കമ്യൂണിറ്റികളില്‍ നിന്നുള്ള കച്ചവടക്കാര്‍ക്ക് പ്രോദേശിക ഭക്ഷ്യ, പച്ചക്കറി ഉത്പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്ന് വിപണനം നടത്താം. ബേക്കറി ഉത്പന്നങ്ങള്‍, പഴങ്ങള്‍, പച്ചകറികള്‍, വീട്ടില്‍ ഉണ്ടാക്കുന്ന ഉപ്പിലിട്ടതോ മധുര ദ്രവ്യങ്ങളോ പോലുള്ളവ, വിവിധ പാനീയങ്ങള്‍, കരകൗശലവസ്തുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇവിടെ കൊണ്ടുവന്ന് വില്‍ക്കാം.
വിവിധ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് ഒരുമിച്ച് ഒരു സ്ഥലത്ത് ഒരുമിച്ചുകൂടാനുള്ള അവസരം കൂടിയാണ് വിപണി നല്‍കുന്നത്. അടുക്കളത്തോടങ്ങളില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ എന്ന പുതിയ വിഭാഗം കൂടി ഇത്തവണ മാര്‍ക്കറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
വീട്ടില്‍നിന്ന് നേരിട്ടുള്ള ഉത്പന്നങ്ങളായിരിക്കണം ഇതെന്ന നിബന്ധന ഇക്കാര്യത്തില്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അഞ്ചുമുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള പ്രത്യേക വിഭാഗമായ തോര്‍ബ ജൂനിയര്‍ വിഭാഗവും മാര്‍ക്കറ്റിന്റെ ഉദ്ഘാടന ദിവസം തുറക്കും. ഇത്തരത്തിലുള്ള അഞ്ച് സ്റ്റാളുകളാണ് ഒരുക്കുന്നത്.