Friday, July 3ESTD 1934

ഖത്തര്‍ ഫൗണ്ടേഷനില്‍ 787പേര്‍ ബിരുദധാരികളായി; ബിരുദദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

ഖത്തര്‍ ഫൗണ്ടേഷന്‍ ബിരുദദാന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിവിധ സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 787 വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സാന്നിധ്യത്തില്‍ എജ്യൂക്കേഷന്‍ സിറ്റി സെറിമോണിയല്‍ കോര്‍ട്ടിലായിരുന്നു ബിരുദദാന ചടങ്ങ് നടന്നത്.

ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി, ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്രതലവന്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു. ബിരുദധാരികളെ ശൈഖ ഹിന്ദ് അഭിനന്ദിച്ചു.

ബിരുദധാരിക്ക് മോതിര വളയം സമ്മാനിക്കുന്ന ക്യുഎഫ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി

ഖത്തര്‍ ഫൗണ്ടേഷന്റെ എട്ടു പങ്കാളിത്ത സര്‍വകലാശാലകള്‍, വിവിധ ബിരുദകോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബിരുദം നേടിയത്. ശൈഖ ഹിന്ദില്‍നിന്നും ബന്ധപ്പെട്ട ക്യാമ്പസുകളുടെ ഡീനുമാരില്‍ നിന്നും മോതിരങ്ങള്‍ സ്വീകരിച്ചാണ് അവര്‍ ഭാവിയിലേക്കുള്ള കവാടങ്ങളിലേക്ക് നടന്നുനീങ്ങിയത്. ഈ വര്‍ഷം ബിരുദധാരികളായ787 പേരില്‍ 378പേര്‍ ഖത്തരികളാണ്. 409പേര്‍ നോണ്‍ ഖത്തരികള്‍.

484 പെണ്‍കുട്ടികളും 303 ആണ്‍കുട്ടികളും ഇത്തവണ ബിരുദധാരികളായി. 70 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇത്തവണ ബിരുദം നേടി. ഇതോടെ ഖത്തര്‍ ഫൗണ്ടേഷനില്‍ നിന്നും ബിരുദംനേടി പുറത്തിറങ്ങിയവരുടെ എണ്ണം 5059 ആയി.

1995ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ സ്ഥാപിതമായതിനുശേഷം ഏറ്റവുമധികം വിദ്യാര്‍ഥികള്‍ ബിരുദം നേടി പുറത്തിറങ്ങിയ വര്‍ഷങ്ങളിലൊന്നാണ് ഇത്തവണ. കഴിഞ്ഞവര്‍ഷം 778പേരായിരുന്നു ബിരുദം നേടി പുറത്തിറങ്ങിയത്. 2017ല്‍ 765 വിദ്യാര്‍ഥികളാണ് ബിരുദം നേടി പുറത്തിറങ്ങിയത്. 2008 മുതലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ ബിരുദദാന ചടങ്ങ് ആഘോഷപൂര്‍വം സംഘടിപ്പിക്കുന്നത്.

ഇതിനോടകം 5000ലധികം വിദ്യാര്‍ഥികളാണ് ബിരുദധാരികളായി പുറത്തിറങ്ങിയത്. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 179, ടെക്‌സാസ് എ ആന്റ് എം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 111, നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 68, വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് 84, വെയ്ല്‍കോര്‍ണല്‍ മെഡിസിനില്‍ നിന്നും 49, , കാര്‍ണീജ് മെലന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 78, യുസിഎല്‍ ഖത്തറില്‍ നിന്ന് 30, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 64, എച്ച്ഇസി പാരീസില്‍ നിന്ന് 129 വിദ്യാര്‍ഥികള്‍ വീതം ബിരുദം നേടി പുറത്തിറങ്ങി.

കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈന്‍, ഇസ്ലാമിക് സ്റ്റഡീസ്, എന്‍ജിനീയറിങ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, മെഡിസിന്‍, ആര്‍ട്‌സ് ഉള്‍പ്പടെ വിവിധ വിഷയങ്ങളിലാണ് ബിരുദം നല്‍കുന്നത്. അക്കാഡമിക് മികവിന്റെയും സ്വയം വികസനത്തിന്റെയും ആഘോഷമാണ് ബിരുദദാന ചടങ്ങെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ മായന്‍ സിബെബ് പറഞ്ഞു.

error: Content is protected !!