
ദോഹ: ഖത്തര്‍ മ്യൂസിയംസിന്റെ കള്‍ച്ചറല്‍ പാസ് സംവിധാനത്തിന് മികച്ച പ്രതികരണം. നിലവില്‍ 27000 പേരാണ് കള്‍ച്ചറല്‍ പാസ് അംഗത്വമെടുത്തിരിക്കുന്നത്. ഖത്തര്‍ മ്യൂസിയംസില്നിന്നും പാസുകള്‍ നേടാനാകും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്റെ സമ്മര്‍ ഇന്‍ ഖത്തര്‍ പ്രോഗ്രാമിന്ഖെ വിവിധ ആനുകൂല്യങ്ങള്‍ കള്‍ച്ചറല്‍ പാസ് ഉള്ളവര്‍ക്ക് ലഭ്യമാണ്.
ഏത് പ്രായക്കാരായവര്ക്കും സൗകര്യപ്രദമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് കള്‍ച്ചറല്‍ പാസ് കൈവശം ഉള്ളവര്‍ക്ക് ലഭിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ ഫഹദ് അല്‍ ഉബൈദലി പറഞ്ഞു. വനവിതകളും കുട്ടികളും ചെറിയ വരുമാനക്കാരും ഉള്‍പ്പടെയുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. വന്‍കിടകമ്പനികളുടെ സി.ഇ.ഒമാര്‍, രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ അടക്കം ഇതില്‍ അംഗങ്ങളാണ്. 2014ലാണ് കള്‍ച്ചറല്‍ പാസ് പദ്ധതി തുടങ്ങിയത്. ഖത്തറിന്റെ പ്രൗഢമായ ചരിത്രവും കഥകളും സംസ്കാരവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
ഖത്തര്‍ മ്യൂസിയംസിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സൗജന്യപ്രവേശനത്തിനും സൗകര്യമുണ്ടാകും. ഖത്തര്‍ മ്യൂസിയംസിന്റെ വിവിധ ഷോപ്പുകളിലും ഔട്ട്ലെറ്റുകളിലും ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കുന്നുണ്ട്. ഖത്തര്‍ മ്യൂസിയംസിന്റെ വന്പരിപാടികളിലും അംഗത്വമുള്ളവര്‍ക്ക് പങ്കെടുക്കാനാകും. കള്‍ച്ചറല്‍ പാസ് പ്ലസ്, കള്‍ച്ചറല്‍ പാസ് ഫാമിലി എന്നീ അംഗത്വ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിവിധ ആര്‍ട് എക്സിബിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും അറിവുകളും പാസ് കൈവശമുള്ളവര്‍ക്ക് ലഭിക്കുന്നുമുണ്ട്. കള്‍ച്ചറല്‍ പാസ് അംഗത്വമുള്ളവര്‍ക്ക് രാജ്യത്തിന്റെ പൈതൃകകേന്ദ്രങ്ങളിലേക്കും സാംസ്കാരിക സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം സുഗമമാകും.
സമ്മര്‍ ഇന്‍ ഖത്തര്‍ പരിപാടിയുടെ ഭാഗമായി ഖത്തറില്‍ നിരവധി വിനോദവിജ്ഞാന പരിപാടികളാണ് നടക്കുന്നത്. വിനോദനഗരം, ട്രൈമൂ പാര്‍ക്സ്, കിഡ്സ്മോണ്ടോ ദോഹ, മെഗാപോളിസ്, മിനിപോളിസ്, ഗോ ഫണ്‍, സര്‍ക്കസ് ലാന്റ്, പവര്ലോഡ്സ്, ബൗണ്‍സ്, കിഡ്സാനിയ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ വിവിധങ്ങളായ പരിപാടികളും അമ്യൂസ്മെന്റ് പാര്‍ക്കുകളും ഉണ്ട്.
ഇവിടങ്ങളില്‍ സൗജന്യപ്രവേശനവും നിരക്കിളവും കള്ച്ചറല്പാസ് ഉള്ളവര്‍ക്ക് ലഭ്യമാണ്. വിവിധയിടങ്ങളില്‍ പ്രവേശന ടിക്കറ്റുകള്‍ ഉള്ള വിവിധ ഷോകളില്‍ 20 ശതമാനം ടിക്കറ്റ് നിരക്ക് ഇളവും ലഭിക്കും. സ്മര്‍ഫ് ലൈവ്, ഹലോ കിറ്റി, ദി ബ്ല്യു മാന്‍ ഗ്രൂപ്പ്, ദോഹ കോമഡി ഫെസ്റ്റിവല്‍, മാര്‍ഷ്മെലോ കണ്‍സര്‍ട്ട്, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്സ്, കദീം അല്‍സഹര്‍ കണ്‍സര്‍ട്ട് എന്നിവയില്‍ അംഗങ്ങള്‍ക്ക് 20 ശതമാനം നിരക്കിളവ് ലഭ്യമാകും.