in , ,

ഖത്തര്‍ മ്യൂസിയംസ് സംഘം സുഡാനിലെ പിരമിഡുകള്‍ സന്ദര്‍ശിച്ചു

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-03-10 19:02:16Z | |
ഖത്തര്‍ മ്യൂസിയംസ് സംഘം സുഡാനിലെ പിരമിഡുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

ദോഹ: സുഡാനിലെ പിരമിഡുകളുടെ പരിപാലനത്തിലും സംരക്ഷണത്തിലും നിര്‍ണായക പുരോഗതിയുമായി ഖത്തര്‍ മ്യൂസിയംസ്. ലോകത്തിലെ സുപ്രധാനമായ പൈതൃകകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിലാണ് പുരോഗതി കൈവരിക്കാനായത്. ഖത്തര്‍ മ്യൂസിയംസിന്റെ പ്രതിനിധി സംഘം അല്‍ബര്‍ജാവിയിലെ സുഡാനീസ് പിരമിഡുകളില്‍ സന്ദര്‍ശനം നടത്തി. സുഡാനിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അലി അല്‍കുബൈസിയും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഖത്തര്‍-സുഡാന്‍ പുരാവസ്തു ശാസ്ത്രപദ്ധതി(ഖത്തര്‍ സുഡാന്‍ ആര്‍ക്കിയോളജിക്കല്‍ പ്രൊജക്റ്റ്-ക്യുഎസ്എപി)യുടെ ഭാഗമായാണ് സുഡാന്‍ പൈതൃകസംരക്ഷണം ഖത്തര്‍ മ്യൂസിയംസ് നടപ്പാക്കുന്നത്. ക്യുഎസ്എപിയുടെ ഭാഗമായി ഖത്തര്‍ മ്യൂസിയം നിലവില്‍ 40ലധികം ദൗത്യങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഖത്തരി മിഷന്‍ ഫോര്‍ ദി പിരമിഡ്‌സ് ഓഫ് സുഡാന്‍(ക്യുഎംപിഎസ്). ഖത്തരി മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നൂബിയന്‍ പുരാവസ്തു സൈറ്റുകളിലെ പ്രവര്‍ത്തനങ്ങളക്കുറിച്ചും ഖത്തര്‍ മ്യൂസിയംസ്(ക്യുഎം) സംഘത്തോടു വിശദീകരിച്ചു. ക്യുഎം സിഇഒ അഹമ്മദ് അല്‍നംലയുടെ നേതൃത്വത്തിലായിരുന്നു സംഘം. പദ്ധതിക്കായുള്ള സുപ്രീംകമ്മിറ്റിയുടെ റാപ്പോര്‍ട്ടര്‍ മുഹമ്മദ് ജുമാ അല്‍കുവാരി, ശാസ്ത്രകമ്മിറ്റിയുടെ റാപ്പോര്‍ട്ടര്‍ അബ്ദുല്ലത്തീഫ് അല്‍ജാസ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഖത്തര്‍ മിഷന്‍ കൈവരിച്ച നേട്ടങ്ങളില്‍ അഹമ്മദ് അല്‍നംല സന്തോഷം പ്രകടിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സുഡാനിലെ ടൂറിസം വികസിപ്പിക്കുന്നതിന് വളരെയധികം സംഭാവന നല്‍കിയ ക്യുഎസ്എപിയുടെ നേട്ടങ്ങളും കണ്ടെത്തലുകളും അഹമ്മദ് അല്‍ നംല ചൂണ്ടിക്കാട്ടി. സുഡാനീസ് നാഷണല്‍ കോ-ഓപറേഷന്‍ ഓഫ് ആന്റിക്വിറ്റീസ് ആന്റ് മ്യൂസിയംസ്, ജര്‍മന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ ബെര്‍ലിന്‍ എന്നിവയുടെ സഹകരണം സുഡാനിലെ പൈതൃക പുരാവസ്തു സംരക്ഷണ പരിപാലന പദ്ധതിക്കുണ്ട്. 25 സ്ഥാപനങ്ങളും 12 രാജ്യങ്ങളും ഉള്‍പ്പെട്ട, പൈതൃക സ്ഥലങ്ങളുടെ ഖനന പരിപാലന പദ്ധതിയാണ് ഖത്തറിന്റെ സഹായത്തോടെ സുഡാനില്‍ പുരോഗമിക്കുന്നത്. സുഡാനില്‍ സാംസ്‌കാരിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തര്‍ നടപടികളെടുക്കുന്നുണ്ട്. യുനസ്‌കോ മാനദണ്ഡങ്ങള്‍ പ്രകാരം രണ്ടു ലോക പൈതൃക സ്ഥലങ്ങളായ മിറോയും ജബല്‍ ബര്‍ക്കലും വികസിപ്പിക്കുന്നു. സുഡാനില്‍ 2012 മുതല്‍ ഇതുവരെയായി പുരാവസ്തു ദൗത്യങ്ങള്‍ക്കായി ഖത്തര്‍ 50 മില്യണിലധികം ഡോളറിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ട്.
അത്യസാധാരണമായ ഈ നിക്ഷേപം സുഡാനിന്റെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കു ചുറ്റു നാടകീയമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഗവേഷണം, പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയവ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനായി.പൈതൃകപ്രാധാന്യമുള്ള മിറോയിലെ പിരമിഡ് ഒന്‍പതിലെ ശവമടക്ക് ചേംബര്‍ പദ്ധതിയുടെ മുഖ്യ ഭാഗമാണ്. ആദികലമാനി രാജാവിന്റെ പിരമിഡ് നമ്പര്‍ ഒന്‍പതിനി കീഴില്‍ പത്തുമീറ്റര്‍ ആഴത്തിലാണ് ഈ ബറിയല്‍ ചേംബറുള്ളത്. മിറോ രാജ്യം 207 ബിസിഇ മുതല്‍ 186 ബിസിഇ വരെ ഭരിച്ചിരുന്നത് ആദികലമാനിയായിരുന്നു. ക്യുഎംപിഎസിന്റെ ഗവേഷണ, പരിപാലന പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ശവകുടീരം വീണ്ടും തുറന്നത്. മിറോയിലെ രാജാക്കന്‍മാര്‍ക്കായുള്ള ശ്മശാനങ്ങളിലെ നൂറിലധികം പിരമിഡുകള്‍ പരിപാലിക്കുകയും അവയില്‍ അന്വേഷണം നടത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യാന്തര വിദഗ്ദ്ധരുള്‍പ്പെട്ട ടീമാണ് പിരമിഡുകളില്‍ ഗവേഷണത്തിനു നേതൃത്വം നല്‍കുന്നത്.
ചരിത്രപ്രാധാന്യമുള്ള സ്ഥലം പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കുന്നതിനായി പരിപാലന, സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സുഡാനിന്റെ പ്രൗഢമായ സാംസ്‌കാരിക പൈതൃകം ശ്രദ്ധ അര്‍ഹിക്കുന്നതാണ്. സാംസ്‌കാരിക ചരിത്രം പരിപാലിക്കുന്നതിനും ആഘോഷിക്കുന്നതിനും ഖത്തര്‍ മ്യൂസിയംസ് പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട്.
ജനങ്ങളെ തങ്ങളുടെ ഭൂതകാലവുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. ക്യുഎസ്എപിയുമായി ബന്ധപ്പെട്ട് വിജയകരമായ കുറേയധികം വര്‍ഷങ്ങള്‍ പിന്നിടാന്‍ കഴിഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിന്റെ രണ്ടു താരങ്ങള്‍ക്ക് ലോക അണ്ടര്‍-20 അത്‌ലറ്റിക്‌സിന് യോഗ്യത

നാലാമത് ആസ്പയര്‍ എംബസീസ് ഫുട്‌സാല്‍ 17 മുതല്‍