
ദോഹ: ശക്തമായ വിനോദ, സാംസ്കാരിക ഭൂപ്രകൃതി കെട്ടിപ്പെടുക്കുന്നതിനായി രാജ്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഹമദ് രാജ്യാന്തര വിമാനത്താവളവും ഖത്തര്‍ മ്യൂസിയംസും ഒത്തുചേര്‍ന്നു.
ഖത്തര്‍ മ്യൂസിയംസിന്റെ സാംസ്കാരിക പാസുള്ളവര്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള വിഖ്യാതങ്ങളായ കലാസൃഷ്ടികള്‍ കാണുന്നതിനും അവയുടെ പ്രത്യേകതകള്‍ മനസിലാക്കുന്നതിനും അവസരമൊരുക്കി. പ്രാദേശിക, രാജ്യാന്തര കലാകാരന്മാരുടെ സൃഷ്ടികളാല് ശ്രദ്ധേയമാണ് വിമാനത്താവളം.
ഖത്തര്‍ മ്യൂസിയത്തിന്റെ ഗൈഡഡ് ടൂറില്‍ പങ്കെടുക്കുന്നവര്‍ക്ക് ലോകപ്രശസ്തരായ നിരവധി കലാകാരന്മാരുടെ ശില്പങ്ങളും സൃഷ്ടികളും അടുത്തറിയാനാകും. കള്ച്ചറല്പാസ് പ്രോഗ്രാമില്‍ പങ്കെടുത്ത 27 കലാകാരന്മാരും കലാആസ്വാദകരും വിമാനത്താവളത്തിലെ വിവിധ കലാരൂപങ്ങളും ശില്പങ്ങളും നേരിട്ടുകണ്ടു.
അമേരിക്കന്‍ കലാകാരനായ കാവ്സിന്റെ ‘സ്മാള്ലൈ’ എന്ന ശില്പവും ഫ്രഞ്ച് കലാകാരനായ ജീന്മൈക്കല് ഒതോനിയേലിന്റെ ‘കോസ്മോസ്’ ഇന്‍സ്റ്റലേഷനും ഉള്‍പ്പടെയുള്ളവ സന്ദര്‍ശകരെ ആകര്‍ഷിച്ചു. മരംകൊണ്ടുള്ള കളിപ്പാട്ടങ്ങളോടുള്ള കലാകാരെന്റ സ്നേഹവും ബന്ധവുമാണ് ‘സ്മാള്‍ ലൈ’ എന്ന സൃഷ് ടിക്ക് പിന്നില്‍.
മരംകൊണ്ട് നിര്‍മിച്ച കൂറ്റന്‍ പാവയാണ് ‘സ്മാള്‍ ലൈ’ ശില്പം. അഫ്രോമോസിയ എന്ന മരത്തിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. 15 ടണ്‍ഭാരവും 32 അടി ഉയരവുമുണ്ട്. മ്യുസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിലെ ഒരു കരകൗശല വസ്തുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘കോസ്മോസ്’ എന്ന കലാസൃഷ്ടി ജീന്മൈക്കല് തീര്‍ത്തിരിക്കുന്നത്.
ലോകത്തിന്റെ മുഴുവന്ഭാഗങ്ങളില് നിന്നുമുള്ള യാത്രക്കാരുടെ യാത്രാപഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ആശയത്തിലുള്ള കലാസൃഷ്ടിയാണിത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഒരുമിച്ചുകൂടുന്ന വടക്ക് ഇ, ഡി ഭാഗത്താണ് രണ്ട് കലാസൃഷ്ടികളും. വിവിധ ഭാഗങ്ങളിലായി 20ലധികം സ്ഥിരം കലാരൂപങ്ങളും ശില്പങ്ങളും ഒരുക്കിയിട്ടുണ്ട്.
പെയിന്റിങ്, ശില്പം, മരംകൊണ്ടുള്ള നിര്‍മിതികള്‍, ഇലക്ട്രോണിക്സ് ആന്റ് ഇന്ററാക്ടീവ് ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. സമ്മര്‍ ഇന്‍ ഖത്തര്‍’കാമ്പയിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സാംസ്കാരിക പരിപാടികളുമാണ് വിമാനത്താവളത്തില്‍ നടക്കുന്നത്. വര്‍ഷം ഉടനീളം മാസാടിസ്ഥാനത്തില്‍ ഖത്തര്‍ മ്യൂസിയംസ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
50വരെ പേര്‍ക്കാണ് ഓരോ ടൂറിസം സന്ദര്‍ശന സൗകര്യം ലഭിക്കുക. ഖത്തര്‍ മ്യൂസിയംസിന്റെ വെബ്സൈറ്റില്‍ കള്‍ച്ചറല്‍ പാസ് അംഗങ്ങള്‍ രജിസ്റ്റര്‍ചെയ്യണം.