
ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി (ക്യുയു) കോളേജ് ഓഫ് എന്‍ജിനീയറിങിലെ നാല് വനിതാ ബിരുദധാരികള്‍ അടുത്തിടെ അഗ്നിശമന റോബോട്ടിക് വാഹനം രൂപകല്‍പ്പന ചെയ്ത് പരീക്ഷിച്ചു. ഖത്തരി വനിതാ എന്ജീനിയര്മാര് പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്ത് ഖത്തറില്‍ നിര്‍മ്മിച്ച ആദ്യത്തെ റോബോട്ടിക് വാഹനമെന്ന സവിശേഷതയും ഇതിനുണ്ട്.കോളേജിന്റെ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ എന്‍ജീനീയറിങ് വിഭാഗത്തിലെ നാല് ബിരുദധാരികള്‍ വാഹനം പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും സംയോജിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു.
ഇത് റിമോട്ട് ഉപയോിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതും 360 പനോരമിക് ക്യാമറ ഘടിപ്പിച്ചുകൊണ്ടു മൊബൈല്‍ ഫോണിലേക്കോ സെന്‍ട്രല്‍ കണ്ട്രോള് റൂമിലേക്കോ തത്സമയ വീഡിയോ സ്ട്രീം ചെയ്യാനുമാകും. ഗ്യാസ് ഡിറ്റക്റ്ററും റോബോട്ടില്‍ സംവിധാനിച്ചിട്ടുണ്ട്. ഡോ.ജമീല്‍ റെന്നോയുടെ മേല്‍നോട്ടത്തില്‍ മഹാ അല്‍ശമ്മാരി, ജവഹര്‍ അല്‍സുലൈതി, ഘാദര്‍ അല്ശര്ബാനി, ബഷെയര്‍ അല്മെഹൈസ എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റോബോട്ട് വികസിപ്പിച്ചത്.
നാല് എന്‍ജീനീയര്‍മാരെ ഖത്തര്‍ സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്ക്(ക്യുഎസ്ടിപി) സ്വീകരിച്ചിട്ടുണ്ട്. എണ്ണ, വാതക സൗകര്യങ്ങളില്‍ തീ കെടുത്താന്‍ പര്യാപ്തമായ വിധത്തില്‍ കൂടുതല്‍ അനുയോജ്യമാക്കുന്നതിനായി അവര്‍ ഡിസൈന്‍ പരിഷ്കരിക്കുകയാണ്. ഈ റോബോട്ടിക് വാഹനങ്ങള്‍ നിര്‍മ്മിച്ച് നിര്‍മാണ സൈറ്റുകളില്‍ വിന്യസിക്കുന്നതിനായി ഖത്തരി കമ്പനി തുടങ്ങുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സര്‍ക്കാര്‍- വാണിജ്യ പങ്കാളികളുമായി നിരവധി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.