
ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ അനാവരണം ചെയ്തു. ഔദ്യോഗിക ഖത്തര്‍ 2022 ലോഗോ ഇന്നലെ രാത്രി ദോഹ സമയം 8.22ന് രാജ്യാന്തര ഡിജിറ്റല്‍ കാമ്പയിന് മുഖേനയാണ് പ്രകാശനം ചെയ്തത്. 2022 ലോകകപ്പിലേക്കുള്ള യാത്രയില്‍ മറ്റൊരു നാഴികക്കല്ലുകൂടിയാണ് ഇന്നലെ ഖത്തര്‍ പിന്നിട്ടത്. സവിശേഷമായ ലോഗോയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വിവിധ അര്‍ഥതലങ്ങളാണ് സുപ്രീംകമ്മിറ്റി അനാവരണം ചെയ്ത ലോഗോക്കുള്ളത്. ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്നതും ഇടപഴകുന്നതുമായ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ് ചിഹ്നം. പ്രാദേശിക, മേഖലാ അറബ് സംസ്കാരത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളും മനോഹരമായ ഗെയിമിലേക്കുള്ള സൂചനകളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ചിഹ്നത്തിന്റെ സ്വൂപ്പിങ് വളവുകള്‍ മരുഭൂമിയിലെ മണ്‍കൂനകളെയും പൊട്ടാത്ത ലൂപ്പ് എട്ട് എന്ന സംഖ്യയെയും പ്രതിനിധാനം ചെയ്യുന്നു. ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന എട്ട് അതിശയകരമായ സ്റ്റേഡിയങ്ങളുടെ ഓര്‍മ്മപ്പടുത്തല്‍ കൂടിയാണ് എട്ട് എന്ന അക്കം.
ലോകകപ്പിന്റെ പരസ്പര ബന്ധിതമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ചിഹ്നം. ഫിഫ ലോകകപ്പ് ട്രോഫിയുടെ ആകൃതിയിലുള്ള ചിഹ്നത്തിന്റെ കേന്ദ്രരൂപം പരമ്പരാഗത കമ്പിളിഷാളില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ശൈത്യകാലത്ത് ലോകമെമ്പാടും പ്രത്യേകിച്ചും അറബ് ഗള്‍ഫ് മേഖലകളില്‍ ജനങ്ങള്‍ ഷാളുകള്‍ ധരിക്കാറുണ്ട്. ഏഷ്യയിലെ വിവിധ സംസ്കാരങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ചിഹ്നത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എംബ്രോയ്ഡറി വിശദാംശങ്ങള്‍. ഭൂഖണ്ഡത്തില്‍ നടക്കുന്ന രണ്ടാമത്തെ ലോകകപ്പും ഖത്തറിന്റെ വൈവിധ്യമാര്‍ന്ന ജനസംഖ്യയും ആഘോഷിക്കുന്നതാണ് ഈ വിശദാംശങ്ങള്‍.
പരമ്പരാഗത അറബി കാലിഗ്രഫിയെ പുതിയതും സമകാലികവുമായ അക്ഷരസഞ്ചയത്തില്‍ പുനര്‍നിര്‍മിക്കുക കൂടി ചെയ്തിരിക്കുകയാണ് ലോഗോയിലൂടെ. പാരമ്പര്യത്തെ ആധുനികതയുമായി സംയോജിപ്പിച്ചിരിക്കുന്ന ലോഗോ മികച്ച പ്രതികരണമാണ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ സൃഷ്ടിച്ചത്. ലോഗോ പ്രകാശന തീയതിയായ സെപ്തംബര്‍ മൂന്ന് ഖത്തറിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനങ്ങളിലൊന്നാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് 1971 സെപ്തംബര്‍ മൂന്നിനാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഖത്തര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. 1971 മധ്യത്തോടെ ബ്രിട്ടീഷ് ഉടമ്പടി അവസാനിച്ചതോടെപുതിയ വ്യവസ്ഥകള്‍ക്ക് തയ്യാറാകാതെ ഖത്തര്‍ സ്വാതന്ത്യ പ്രഖ്യാപനം നടത്തുകയായിരുന്നു. മിഡില്‍ഈസ്റ്റിലെ പ്രഥമ ഫിഫ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും സെപ്തംബര്‍ മൂന്ന് എന്ന തീയതി തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല.
ചരിത്രത്തിലാദ്യമായാണ് ഖത്തറില്‍ ഫിഫ ലോകകപ്പ് നടക്കുന്നത്. മിഡില്‍ഈസ്റ്റ്, അറബ് മേഖലയില്‍ ഇതാദ്യമായാണ് ലോകകപ്പ്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ് ഖത്തര്‍ ലോകകപ്പ് നടക്കുന്നത്. ലോകകപ്പിനു മുന്നോടിയായി ഫിഫ ക്ലബ്ബ് ലോകകപ്പും ഖത്തറില്‍ നടക്കും.