
ദോഹ: ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തൊട്ടാകെ 23 രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും 2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോയുടെ പ്രദര്‍ശനം ഒരേപോലെ നടന്നുവെന്നത് സവിശേഷതയായി. നിരവധി ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളിലാണ് ഔദ്യോഗിക ചിഹ്നം ഒരേസമയം അനാവരണം ചെയ്തത്.
ദോഹയില്‍ കത്താറ ആംഫിതിയെറ്റര്‍, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തരമന്ത്രാലയം കെട്ടിടം എന്നിവിടങ്ങളില്‍ ലോഗോ പ്രകാശനം ചെയ്തു. ഇവിടങ്ങളിലെല്ലാം കൂറ്റന്‍ സ്ക്രീനുകളില്‍ ലോഗോയുടെ അവതരണം കാണാന്‍ ജനബാഹുല്യമായിരുന്നു. ബിഇന്‍ സ്പോര്‍ട്സ് ചാനലില്‍ ഔദ്യോഗിക ചിഹ്നത്തിന്റെ അവതരണത്തിന്റെ തല്‍സമയ സംപ്രേഷണവും നടന്നു.
ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോയുടെ അവതരണത്തിന്റെ പ്രദര്‍ശനം നടന്നത്.കുവൈത്തില്‍ കുവൈത്ത് ടവേഴ്സ്, മസ്ക്കറ്റ ഒപ്പേറ ഹൗസ്, ബെയ്റൂത്ത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അള്‍ജീരിയയില്‍ ഒപേറ ഹൗസ്, ടുണീഷ്യയില്‍ ഹമ്മാമെറ്റ്, റാബത്തില്‍ കോര്‍ണീഷ് റാബത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്ക്വയര്‍ എന്നിവിടങ്ങളിലും തുര്‍ക്കിയിലെ പത്തു സ്ഥലങ്ങളിലും ലോഗോയുടെ പ്രദര്‍ശനം ഒരേസമയം നടന്നു.
ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളിലും കൂറ്റന്‍ സ്ക്രീനില്‍ ലോഗോയുടെ പ്രദര്‍ശനം നടന്നു. അമേരിക്ക, ബ്രസീല്‍, ചിലി, മെക്സിക്കോ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചു.