in , , ,

ഖത്തര്‍-സഊദി സെമിഫൈനല്‍ നാളെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍

ഖത്തര്‍- സഊദി സെമിഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ നേടാന്‍ ക്യൂ നില്‍ക്കുന്ന ഫുട്‌ബോള്‍ ആസ്വാദകര്‍

ദോഹ: 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഖത്തറും സഊദി അറേബ്യയും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ നാളെ രാത്രി എട്ടിന് വഖ്‌റയിലെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടക്കും. 2022 ഫിഫ ലോകകപ്പിന് വേദിയാകുന്ന സ്റ്റേഡിയമാണിത്. ഗള്‍ഫ് കപ്പില്‍ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ മത്സരമാണിതെന്ന സവിശേഷതയുമുണ്ട്. നാളെ അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇറാഖ് ബഹ്‌റൈനെ നേരിടും. സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങിയിട്ടുണ്ട്.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റ് സ്വന്തമാക്കാം. വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍സിറ്റി, സൂഖ് വാഖിഫ്, കത്താറ എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ വാങ്ങാന്‍ വലിയ തിരക്കാണ് മാളുകളിലെ കൗണ്ടറുകളില്‍ അനുഭവപ്പെടുന്നത്. വിവിധ മാളുകളില്‍ കൗണ്ടറുകള്‍ക്കുമുന്നില്‍ നീണ്ട ക്യൂവായിരുന്നു. ഖത്തര്‍- സഊദി മത്സരത്തിന്റെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്. കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ട് മത്സരത്തില്‍ ഒമാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് സഊദി അറേബ്യ സെമിഫൈനല്‍ യോഗ്യത നേടിയത്. മറ്റൊരു മത്സരത്തില്‍ കുവൈത്തിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി ബഹ്‌റൈനും സെമി യോഗ്യത നേടി. ഗള്‍ഫ് കപ്പില്‍ ഗ്രൂപ്പ് എയില്‍ ആറുുപോയിന്റുമായി രണ്ടാംസ്ഥാനക്കാരായാണ് ഖത്തര്‍ സെമിയിലെത്തിയത്.
ആദ്യ മത്സരത്തില്‍ ഇറാഖിനോടു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോറ്റ ഖത്തര്‍ പക്ഷെ രണ്ടാം മത്സരത്തില്‍ യമനെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ യുഎഇയെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തര്‍ത്താണ് സെമി ഉറപ്പിച്ചത്. സെമിയില്‍ സഊദിക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഖത്തര്‍. ഈ വര്‍ഷം ജനുവരിയില്‍ യുഎഇയില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഖത്തര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സഊദിയെ തോല്‍പ്പിച്ചിരുന്നു. 45, 80 മിനുട്ടുകളില്‍ അല്‍മോയെസ് അലിയായിരുന്നു ഖത്തറിന്റെ വിജയഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഡിസംബര്‍ എട്ടിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍. എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗള്‍ഫ് കപ്പിന് ഇതു നാലാംതവണയാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. നാലാം ഗള്‍ഫ് കപ്പ് കിരീടമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്്. ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കവെ മൂന്നു തവണ കപ്പ് നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇത്തവണം കിരീടം നേടിയാല്‍ ഖത്തറിന് സ്വന്തമാകും. 1976ലാണ് ഖത്തര്‍ ആദ്യമായി ഗള്‍ഫ് കപ്പിന് ആതിഥ്യം വഹിക്കുന്നത്. അന്ന് കുവൈത്തായിരുന്നു ജേതാക്കള്‍. 1992ലും 2004ലും ഖത്തര്‍ ആതിഥ്യം വഹിച്ചപ്പോള്‍ കിരീടവും ഖത്തറിനായിരുന്നു. 2014ല്‍ സഊദിയില്‍ നടന്ന ഗള്‍ഫ് കപ്പിലും ഖത്തര്‍ കിരീടം നേടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യ- ഖത്തര്‍ സാംസ്‌കാരികവര്‍ഷം: ക്യുബിജി മരം നട്ടുപിടിപ്പിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു

കേരള ബിസിനസ് സംഗമം 7,8 തീയതികളില്‍; ഇ.പി.ജയരാജന്‍ പങ്കെടുക്കും