Monday, August 10ESTD 1934

ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ലാറയും കല്ലിസും പങ്കെടുക്കും

ദോഹ: ഡിസംബര്‍ 20നു നടക്കുന്ന ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍(ക്യുസിസിഎല്‍) ഇതിഹാസ താരങ്ങളായ വെസ്റ്റ്്ഇന്‍ഡീസിന്റെ ബ്രയന്‍ ലാറയും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസ് എന്നിവര്‍ പങ്കെടുക്കും. സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ കഴിവുകളെയും സംഭാവനകളെയും കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും വ്യാപകമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്.
ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു ലീഗ്. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്റെ(ക്യുസിഎ) പിന്തുണയോടെ ഇവന്റ്‌സ് മാനേജ്‌മെന്റ് കമ്പനിയായ ക്യു-മിഷനാണ് സംഘടിപ്പിക്കുന്നത്. ലാറയുടെയും കല്ലിസിന്റെയും പങ്കാളിത്തമുണ്ടാകുമെന്ന് ക്യുസിഎ പ്രസിഡന്റ് യൂസുഫ് ജെഹാം കുവാരിയും ക്യു മിഷന്‍ സ്ഥാപകയും സിഇഒയുമായ ശൈഖ സാറാ നാസര്‍ എ അല്‍താനിയും പറഞ്ഞു. ഓസ്‌ട്രേലിയ, വെസ്റ്റ്ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ രാജ്യങ്ങളിലെ പതിനാല് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ലീഗില്‍ മത്സരിക്കാനെത്തുന്നുണ്ടെന്നതാണ് സവിശേഷത. ടീം ഹോപ്, ടീം ചലഞ്ചേഴ്‌സ് എന്നീ ടീമുകളായിരിക്കും ലീഗില്‍ ഏറ്റുമുട്ടുക. ഒരു ടീമില്‍ ഓഴു വീതം രാജ്യാന്തര ഇതിഹാസ താരങ്ങളും ഏഴു പ്രാദേശിക താരങ്ങളും ഉണ്ടാകും. ടി20 മത്സരമായിരിക്കും നടക്കു. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ്, ന്യൂസിലാന്‍ഡ് താരം ഡാനിയല്‍ വെറ്റോറി, ബംഗ്ലാദേശിന്റെ മുഹമ്മദ് അഷ്‌റഫുള്‍, ഷരിയാര്‍ നഫീസ്, പാകിസ്താന്റെ അബ്ദുല്‍ റസാഖ്, റാണ നവീദ്, മോയിന്‍ ഖാന്‍, ഇമ്രാന്‍ നസീര്‍, ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍, ചമര കപുഗദേര, ഒമാന്‍ താരങ്ങളായ അദ്‌നന്‍ ഇല്യാസ്, ആമിര്‍ അലി, മുന്‍ കെനിയര്‍ രാജ്യാന്തര താരം ടോം ടിക്ലോ എന്നിവര്‍ സാന്നിധ്യമറിയിക്കും. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും പരിശീലകനുമായ ടോം മൂഡി, മുന്‍ ഇംഗ്ലീഷ് വനിതാടീം ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സ് എ്ന്നിവരായിരിക്കും കമന്റേറ്റര്‍. ഖത്തറിലെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇതിഹാസതാരങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനുള്ള അവസരമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഒരുക്കുന്നത്. ബൗളര്‍മാര്‍ക്കുള്ള ട്രയല്‍ ഡിസംബര്‍ ആറിനായിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ക്കുള്ള ട്രയല്‍ ഡിസംബര്‍ 13ന് രാവിലെ ഏഴു മുതല്‍ 11.30വരെയും ഉച്ചക്കുശേഷം രണ്ടുമുതല്‍ എട്ടുവരെയും വുഖൈര്‍ എസ്ദാന്‍ ഒയാസിസിലെ ബ്രാവോ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കും.

error: Content is protected !!