
ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാ അല്സദ്ദിനും രണ്ടാംസ്ഥാനക്കാരായ അല്ദുഹൈലിനും വിജയത്തുടക്കം. സ്റ്റാര്‍സ് ലീഗിന്റെ പുതിയ എഡീഷന് കഴിഞ്ഞദിവസമാണ് തുടക്കമായത്.
ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടനമത്സരത്തില്‍ കരുത്തരായ സദ്ദ് അല്വഖ്റയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് തകര്‍ത്തത്. ഫിഫ ലോകകപ്പിനായി വഖ്റയില്‍ സജ്ജമായ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ദുഹൈല്‍ വിജയിച്ചത്.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ദുഹൈലിന്റെ വിജയം. വിഖ്യാത സ്പാനിഷ് ഇതിഹാസവും മുന്‍ സദ്ദ് താരവുമായ സാവി ഹെര്‍ണാണ്ടസ് സദ്ദിന്റെ പരിശീലകനായി ചുമതലയേറ്റശേഷം പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്. എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടുപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിലും ശൈഖ് ജാസിം കപ്പിലും ദുഹൈലിനെ വീഴ്ത്തിയ സദ്ദ് ലീഗിലും വിജയത്തുടക്കംകുറിച്ചു.
വഖ്റക്കെതിരെ സദ്ദിനുവേണ്ടി അഹമ്മദ് സയ്യേര് രണ്ടു ഗോളുകളും അസീസ് അല്അന്സാരിയും അബ്ദുല്കരീംഹസനും ഓരോ ഗോള്‍വീതം നേടി. കഴിഞ്ഞ സീസണിലെ ടോപ്സ്കോററായിരുന്ന ബാഗ്ദാദ് ബൗനെദ്ജയും പുതിയതായി ക്ലബ്ബിലേക്കെത്തിയ നാം തയി ഹീയുമില്ലാതെയാണ് സദ്ദ് മത്സരത്തിനിറങ്ങിയത്. ആദ്യ പകുതിയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് അക്രം അഫീഫിനു പുറത്തുപോകേണ്ടിവന്നു.
രണ്ടാംമത്സരത്തില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ദുഹൈല്‍ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് വഖ്റയായിരുന്നു. ഗോള്‍രഹിത ആദ്യപകുതിക്കുശേഷം 60-ാംമിനുട്ടില്‍ ജൂനിയര്‍ കബനന്ഗയാണ് ഖത്തര്‍ ക്ലബ്ബിനെ മുന്നിലെത്തിച്ചത്. മത്സരം അവസാനിക്കാന്‍ രണ്ടു മിനുട്ട് മാത്രം ശേഷിക്കെ യൂസുഫ് മസാകിനി ദുഹൈലിനായി സമനില ഗോള്‍ നേടി.
ഇഞ്ച്വറി ടൈമില്‍ അല്‍മോയെസ് അലി നേടിയ ഗോളിലൂടെ ദുഹൈല്‍ മൂന്നുപോയിന്റ് നേടുകയായിരുന്നു. സ്റ്റാര്‍സ് ലീഗില്‍ ഇന്നു രണ്ടു മത്സരങ്ങള്‍. അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.20നു നടക്കുന്ന ആദ്യ മത്സരത്തില്‍ അല്‍അറബി അല്അഹ്ലിയെയും അല്‍സദ്ദ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരക്ക് നടക്കുന്ന രണ്ടാംമത്സരത്തില്‍ അല്‍റയ്യാന്‍ ഉംസലാലിനെയും നേരിടും.