in ,

ഖത്തര്‍ സ്റ്റാര്‍സ് ലീഗ്: അല്‍അഹ്‌ലിക്കും അല്‍അറബിക്കും ജയം

ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ഉംസലാലിനെതിരെ ഗോള്‍ നേടിയ അല്‍അറബി താരങ്ങളുടെ ആഹ്ലാദം

ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗിലെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമായി. മൂന്നാം റൗണ്ടില്‍ വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ അല്‍അഹ്‌ലിക്കും അല്‍അറബിക്കും വിജയം. അല്‍ജാനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ഖോറിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അല്‍അഹ്‌ലി തോല്‍പ്പിച്ചത്.

ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്നശേഷമായിരുന്നു അല്‍അഹ്‌ലിയുടെ മടങ്ങിവരവ്. 58-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ നബീല്‍ അല്‍സഹര്‍, 66-ാം മിനുട്ടില്‍ ആബെല്‍ മതിയാസ്, 90-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ ഹെര്‍നന്‍ ഗോണ്‍സാലെസ് എന്നിവരാണ് അല്‍അഹ്‌ലിക്കായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

32-ാം മിനുട്ടില്‍ ഇബ്രാഹിം അമദയും 76-ാം മിനുട്ടില്‍ അഹമ്മദ് ഹമ്മൗദാനുമാണ് അല്‍ഖോറിനായി ഗോളുകള്‍ നേടിയത്. രണ്ടാം വിജയത്തോടെ അല്‍അഹ്‌ലി ലീഗില്‍ ആറു പോയിന്റുകള്‍ നേടി. ഒരു വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നാലു പോയിന്റുകളാണ് അല്‍ഖോറിനുള്ളത്.

വെള്ളിയാഴ്ച നടന്ന മറ്റൊരു ലീഗ് മത്സരത്തില്‍ അല്‍അറബി ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഉംസലാലിനെ തകര്‍ത്തത്. ഇതോടെ ലീഗില്‍ ഒന്നാംസ്ഥാനത്തേക്കെത്താനും അല്‍അറബിക്കായി. രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റുകളാണ് അല്‍അറബിക്കുള്ളത്.

40-ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് അല്‍നീല്‍, 45-ാം മിനുട്ടില്‍ ആരോണ്‍ ഗുന്നാര്‍സണ്‍, 50-ാം മിനുട്ടില്‍ ഹംദി ഹര്‍ബൂയി, 55-ാം മിനുട്ടില്‍ പിയറി ലസോഗ എന്നിവരാണ് അല്‍അറബിക്കായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

65-ാം മിനിട്ടില്‍ ആദില്‍ റെയ്‌ലിയുടെ സെല്‍ഫ് ഗോളിലൂടെ അല്‍അറബിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ഉംസലാലിനായി 25-ാം മിനുട്ടില്‍ യാനിക് സാഗ്‌ബോയാണ് ആശ്വാസഗോള്‍ നേടിയത്. ഒരു ഗോളിനു പിന്നില്‍ നിന്നശേഷമാണ് അല്‍അറബി അഞ്ചുഗോളുകള്‍ തിരിച്ചടിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആംസ്റ്റര്‍ഡാം വാര്‍ഷിക ഐബിസി പ്രദര്‍ശനത്തില്‍ സാന്നിധ്യമായി സുഹൈല്‍സാറ്റ്

ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ മികവുറ്റ നേട്ടങ്ങളുമായി സിദ്ര മെഡിസിന്‍