
ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022ലെ ലോകകപ്പ് ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അല്‍ജീരിയന്‍ താരം റിയാദ് മഹ്‌രെസ്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനു മുന്നോടിയായി ദോഹയില്‍ പരിശീലനത്തിനായി എത്തിയതായിരുന്നു റിയാദ് ഉള്‍പ്പെട്ട അള്‍ജീരിയന്‍ ടീം.
മാഞ്ചസ്റ്റര്‍ സിറ്റി വിംഗറും 2016ലെയും 2019ലെയും പ്രീമിയര്‍ ലീഗ് വിജയിയുമായ റിയാദ് മഹ്‌രെസ് ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകളെ പ്രശംസിച്ചു. മുന്‍ ഖത്തര്‍ ദേശീയ ടീം പരിശീലകനായിരുന്ന ഇപ്പോഴത്തെ അള്‍ജീരിയന്‍ ടീം പരിശീലകന്‍ ജാമെല്‍ ബെല്‍മാദിയും ഖത്തറിന്റെ ഒരുക്കങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഖത്തര്‍ ലോകകപ്പിനായി ഉറ്റുനോക്കുകയാണെന്നും ഏറ്റവും മികച്ചതായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും റിയാദ് പറഞ്ഞു.
റിയാദും ജാമെല്‍ ബെല്‍മാദിയും അള്‍ജീരിയന്‍ താരങ്ങളും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ലെഗസി പവലിയന്‍ സന്ദര്‍ശിച്ചു. ഖത്തറിന്റെ തയാറെടുപ്പുകള്‍ നേരിട്ടുകണ്ടു മനസിലാക്കി.
ഒരുക്കങ്ങളില്‍ മതിപ്പു പ്രകടിപ്പിച്ചു. ലോക ഫുട്‌ബോളിലെ ഏറ്റവും സുപ്രധാനമായ ചാമ്പ്യന്‍ഷിപ്പിന് അറബ് ലോകം ആതിഥ്യം വഹിക്കുന്നതിന്റെ പ്രാധാന്യവും റിയാദ് മഹ്‌രെസ് വിശദീകരിച്ചു. ഖത്തറിന്റെ ഒരുക്കങ്ങള്‍ വിസ്മയകരമാണെന്ന് ബെല്‍മാദി പറഞ്ഞു.