in , ,

ഖത്തര്‍ 2022 നിര്‍മാണ പദ്ധതികളില്‍ ആരോഗ്യ സുരക്ഷാ നാഴികക്കല്ലുകള്‍ പിന്നിട്ട് സുപ്രീംകമ്മിറ്റി

തുമാമ സ്‌റ്റേഡിയത്തില്‍ പത്തു ദശലക്ഷം സുരക്ഷിത തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടതിന്റെ ആഘോഷ ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍

ദോഹ: 2022 ഫിഫ ലോകകപ്പിനായുള്ള നിര്‍മാണപദ്ധതികളില്‍ ആരോഗ്യ, സുരക്ഷാ നാഴികക്കല്ലുകള്‍ പിന്നിട്ട് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ടൂര്‍ണമെന്റിനായി സജ്ജമാകുന്ന അല്‍തുമാമ സ്‌റ്റേഡിയത്തിന്റെയും പരിശീലന ഗ്രൗണ്ടുകളുടെയും നിര്‍മാണത്തിലാണ് പുതിയ നേട്ടം കൈവരിക്കാനായത്. ഈ പദ്ധതികളിലായി 15 ദശലക്ഷം സുരക്ഷിത തൊഴില്‍മണിക്കൂറുകള്‍ പിന്നിടാന്‍ സുപ്രീംകമ്മിറ്റിക്ക് സാധിച്ചു. അല്‍തുമാമ സ്റ്റേഡിയത്തില്‍ 10 ദശലക്ഷം സുരക്ഷിത മണിക്കൂറുകളും പരിശീലന സൈറ്റുകളില്‍ അഞ്ചുദശലക്ഷം സുരക്ഷിത മണിക്കൂറുകളുമാണ് പിന്നിട്ടത്.
ഈ രണ്ടു പദ്ധതികളിലും നിര്‍മാണം നിര്‍ത്തിവെക്കുന്നതിലേക്കിടയാക്കുന്ന വിധത്തിലുള്ള പരിക്കുകളൊന്നും ആര്‍ക്കും സംഭവിച്ചിട്ടില്ല. ബന്ധപ്പെട്ട തൊഴിലാളികള്‍ക്കായി പുരസ്‌കാരദാന ചടങ്ങുകള്‍ സംഘടിപ്പിച്ചുകൊണ്ട് സുപ്രീംകമ്മിറ്റിയും വിവിധ കരാറുകാരും ഈ നാഴികക്കല്ലുകള്‍ ആഘോഷിച്ചു. നടപ്പാക്കിയ ആരോഗ്യ-സുരക്ഷാ പ്രക്രിയകളും നടപടിക്രമങ്ങളും മികച്ച ഫലങ്ങള്‍ കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ ക്രെഡിറ്റ് ഞങ്ങളുടെ തൊഴിലാളികള്‍ക്കും മുഴുവന്‍ പ്രോജക്ട് ടീമിനുമാണ് നല്‍കുന്നതെന്നും സുപ്രീംകമ്മിറ്റി ആരോഗ്യ സുരക്ഷാ മാനേജര്‍ അബ്ദുല്ല അല്‍ബിഷ്‌രി പറഞ്ഞു. പദ്ധതികളില്‍ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ സുപ്രീംകമ്മിറ്റി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3,500 ല്‍ അധികം തൊഴിലാളികള്‍ നിലവില്‍ അല്‍ തുമാമ സ്റ്റേഡിയം നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യുന്നു. ഓരോരുത്തര്‍ക്കും അവരുടെ നേട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 2000ലധികം പേര്‍ അഭിനന്ദന ചടങ്ങില്‍ പങ്കെടുത്തു.
40,000 ശേഷിയുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു ഡസന്‍ പ്രാദേശിക കമ്പനികള്‍ പങ്കാളികളാണ്. 2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടം വരെയുള്ള മത്സരങ്ങളാണ് തുമാമ സ്റ്റേഡിയത്തില്‍ നടക്കുക. അതേസമയം, ഖത്തരി കമ്പനികളായ നഖീല്‍ ലാന്‍ഡ്സ്‌കേപ്പ്‌സ്, ഗള്‍ഫ് കോണ്‍ട്രാക്റ്റിങ എന്നിവക്കാണ് പരിശീലന സൈറ്റുകളുടെ നിര്‍മാണചുമതല. നിലവില്‍ ഈ പദ്ധതികളില്‍ 1,500ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു.
രണ്ട് പദ്ധതികളിലും ഏര്‍പ്പെട്ടിരിക്കുന്ന കരാറുകാര്‍ ആരോഗ്യത്തിലും സുരക്ഷയിലും സമഗ്രമായ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ഈ നാഴികക്കല്ല് നേടുന്നതിന് സുപ്രീംകമ്മിറ്റയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചികിത്സയിലായിരുന്ന എം ഇ എസ് വിദ്യാര്‍ഥി മരിച്ചു

അമീര്‍- മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് കൂടിക്കാഴ്ച നാളെ