ഡിഎഫ്ഐയുടെ ഇന്ത്യന്‍ സിനിമാ ഫെസ്റ്റിവല്‍ ജൂലൈ നാലു മുതല്‍

ദോഹ: ഖത്തര്‍- ഇന്ത്യ സാംസ്കാരികവര്‍ഷത്തോടനുബന്ധിച്ച് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സിനിമാ ഫെസ്റ്റിവല്‍ ജൂലൈ നാലിന് തുടക്കമാകും. ജൂലൈ 20വരെ മൂന്നു വാരാന്ത്യങ്ങളിലായാണ് ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം ഒരുക്കുന്നത്. ഖത്തര്‍ മ്യൂസിയംസ്, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രമുഖരായ മൂന്നു ഇന്ത്യന്‍ ചലച്ചിത്ര സംവിധായകരുടെ സമകാല സിനിമകളാണ് പ്രദര്‍ശനത്തിലുള്ളത്.
മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് ഓഡിറ്റോറിയത്തിലായിരിക്കും പ്രദര്‍ശനം. ഓസ്കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന, റിമ ദാസിന്റെ വില്ലേജ് റോക്ക്സ്റ്റാറിന്റെ പ്രദര്‍ശനത്തോടെയാണ് ഫെസ്റ്റിവല്‍ തുടങ്ങുന്നത്. ജൂലൈ നാലിന് വൈകുന്നേരം ഏഴിനാണ് പ്രദര്‍ശനം. ജൂലൈ അഞ്ച്, ആറ് തീയതികളിലും വൈകുന്നേരം നാലിനും ഏഴിനും സിനിമയുടെ പ്രദര്‍ശനമുണ്ടാകും. വസന് ബാലയുടെ മര്‍ദ് കൊ ദര്‍ദ് നഹി ഹോത ജൂലൈ 11ന് വൈകുന്നേരം ഏഴിന് പ്രദര്‍ശിപ്പിക്കും.

12, 13 തീയതികളില്‍ വൈകുന്നേരം നാലിനും ഏഴിനും ഈ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കും. ശ്രീറാം രാഘവന്റെ അന്താദുന്‍ ജൂലൈ 18ന് രാത്രി ഏഴിന് പ്രദര്‍ശിപ്പിക്കും. 19, 20 തീയതികളില്‍ വൈകുന്നേരം നാലിനും രാത്രി ഏഴിനും വീണ്ടും പ്രദര്‍ശിപ്പിക്കും. 35 റിയാലാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കും ഖത്തര്‍ മ്യൂസിയംസ് കള്‍ച്ചര്‍ പാസ് അംഗങ്ങള്‍ക്കും ഡിസ്ക്കൗണ്ട് ലഭിക്കും. ഇവര്‍ക്ക് 25 റിയാലിന് ടിക്കറ്റ് ലഭിക്കും.
മിയ ഓഡിറ്റോറിയത്തിനു എതിര്‍വശത്തുള്ള ഡിഎഫ്ഐ ടിക്കറ്റ് ഔട്ട്ലെറ്റ് മുഖേനയും ഡിഎഫ്ഐ വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും ടിക്കറ്റ് നേടാം. അസമീസ് സംവിധായിക റിമ ദാസ് വര്‍ഷങ്ങളുടെ ശ്രമഫലമായി ഒരുക്കിയ ചിത്രമാണ് വില്ലേജ് റോക്ക്സ്റ്റാര്‍.
സ്വന്തം ഗ്രാമത്തിലെ കുട്ടികളുടെ ഇല്ലായ്മയുടെയും സ്വയം സന്തോഷം കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളുടെയും കഥപറയുന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശീയപുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടി. അസമിലെ സ്വന്തംഗ്രാമത്തിലെ കുട്ടികളും മുതിര്‍ന്നവരുമാണ് അഭിനേതാക്കള്‍. ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് സിനിമ ഒരുക്കിയത്. സ്വന്തമായി സംഗീതബാന്റ് ഒരുക്കാന്‍ ശ്രമിക്കുന്ന പത്തുവയസ്സുകാരിയുടെ കഥയാണ് സിനിമ പറയുന്നത്.റിമയുടെ കഥ റിമ തന്നെ അഭിനേതാക്കളെ സംഘടിപ്പിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു.
എഡിറ്റിങ്ങും സ്വന്തമായി നിര്‍വഹിച്ചു. പണമില്ലാത്തതിനാല്‍ പകല്‍വെളിച്ചത്തില്‍ മാത്രമായിരുന്നു ചിത്രീകരണം.എഴുപതിലേറെ അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.
44 അന്താരാഷ്ട്രപുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച സിനിമ, മികച്ച ബാലതാരം, ലൊക്കേഷന്‍ ശബ്ദലേഖനം, മികച്ച എഡിറ്റിങ് എന്നീ ദേശീയപുരസ്കാരങ്ങള്‍ ചിത്രം നേടി.കേരളത്തിന്റെ രാജ്യാന്തരമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ജന്മനാലുള്ള നിര്‍വികാരത എന്ന അപൂര്‍വ അവസ്ഥയോടെ ജീവിക്കുന്ന സൂര്യ എന്ന കൗമാരക്കാരന്റെ കഥ പറയുന്ന വിചിത്രമായ ആക്ഷന്‍ കോമഡി സിനിമയാണ് മര്‍ദ് കൊ ദര്‍ദ് നഹി ഹോത.
വേദന അനുഭവിക്കാന്‍ കഴിയാത്ത സൂര്യ കുറ്റവാളികളെ വേട്ടയാടുന്നതിനും പിടിക്കുന്നതിനുമായി ആയോധനകല പഠിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 2018 ടൊറോന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. പീപ്പിള്‍സ് ചോയ്സ് പുരസ്കാരവും ഈ സിനിമ നേടി. ഫ്രഞ്ച് ഹ്രസ്വചിത്രം എല്‍ അകോര്ഡ്യറില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശ്രീറാം രാഘവന് ഒരുക്കിയ സസ്പെന്‍സ് ക്രൈം ത്രില്ലറാണ് അന്താദുന്‍.
മുന്‍ ചലച്ചിത്രനടന്റെ കൊലപാതകത്തിന് സാക്ഷിയാകുമ്പോള്‍ അറിയാതെ നിരവധി പ്രശ്നങ്ങളില്‍ അകപ്പെടുന്ന പ്രതിഭാധനനും അന്ധനുമായ പിയാനിസ്റ്റിന്റെ കഥയാണ് അന്താദുന്‍. ആയുഷ്മാന്‍ ഖുറാന, തബു, രാധികാ ആപ്തെ എന്നിവരാണ് മുഖ്യതാരങ്ങള്‍. ഖത്തറിലെ കാണികള്‍ക്കു മുന്നില്‍ മൂന്നു സുപ്രധാന സമകാല സിനിമകള്‍ അവതരിപ്പിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ ഹസന് അല്‍റുമൈഹി പറഞ്ഞു.