
ദോഹ: ഇന്ത്യയിലെ വലിയ എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോയുമായി ഖത്തര്‍ എയര്‍വെയ്സ് കോഡ്ഷെയര്‍ കരാര്‍ ഒപ്പുവെച്ചു. ആദ്യത്തെ കോഡ്ഷെയര്‍ വിമാനം ഡിസംബര്‍ 18നാണ് സര്‍വീസ് നടത്തുകയെങ്കിലും ടിക്കറ്റ് വില്‍പ്പന ഇതിനകം ആരംഭിച്ചു.
ഇന്‍ഡിഗോ വിമാനങ്ങളില്‍ ദോഹയക്കും ഡല്‍ഹി, മുംബൈ, ഹൈദരബാദ് നഗരങ്ങളിലേക്കുമാണ് കരാര്‍ പ്രകാരം ആദ്യഘട്ട സര്‍വീസുകളുണ്ടാവുക. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനും ഇന്ത്യയിലെ മികച്ച ചുരുങ്ങിയ ചെലവില്‍ പറക്കാനാവുന്ന എയര്ലൈനുമായാണ് കരാറെന്ന് ഖത്തര്‍ എയര്‍വെയ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്‍ഡിഗോയുമായി ഇത്തരമൊരു കരാറുണ്ടാക്കാനായതില് അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ബാക്കര്‍ പറഞ്ഞു. ഇത്തരമൊരു കരാര്‍ തങ്ങളുടെ ബന്ധത്തിലെ ആദ്യഘട്ടമാണെന്നും കൂടുതല്‍ ശക്തമാകുന്നതോടെ തങ്ങളുടെ യാത്രക്കാര്‍ക്കെല്ലാം മികച്ച അനുഭവമായിരിക്കും ലഭ്യമാവുകയെന്നും അക്ബര്‍ അല്‍ബാക്കര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കാമ്പനിയുമായി കോഡ്ഷെയര്‍ കരാര്‍ ഒപ്പുവെക്കാന്‍ സാധിച്ചത് ഓര്മിക്കപ്പെടേണ്ടുന്ന നിമിഷമാണെന്ന് ഇന്‍ഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ റോണോജോയ് ദത്ത പറഞ്ഞു. തമ്മിലുള്ള കരാര്‍ അന്താരാഷ്ട്ര സര്‍വീസുകളെ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നും കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ എയര്‍വെയ്സ് നിലവില്‍ 102 സര്‍വീസുകളാണ് ദോഹയ്ക്കും ഇന്ത്യയിലെ 13 നഗരങ്ങളിലേക്കുമായി നടത്തുന്നത്. അഹമ്മദാബാദ്, അമൃതസര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരബാദ്, കൊച്ചി, കൊല്‍ക്കൊത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സിന്റെ സര്‍വീസുള്ളത്.
ഖത്തര്‍ എയര്‍വെയ്സിന്റെ കാര്‍ഗോ വിമാനങ്ങള്‍ പ്രതിവാരം 28 സര്‍വീസുകളാണ് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കായി നടത്തുന്നത്. മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കാര്‍ഗോ കേന്ദ്രങ്ങള്‍.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഏറ്റവും പുതിയ 250ലേറെ വിമാനങ്ങളാണ് ഖത്തര്‍ എയര്വെയ്സിന്റേതായി സര്‍വീസ് നടത്തുന്നത്. ലോകത്തിലെ 160ലേറെ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സിന് സര്‍വീസുണ്ട്.
ഇന്ത്യന്‍ ആഭ്യന്തര സര്‍വീസുകളില്‍ 47 ശതമാനവും ഇന്ഡിഗോയ്ക്കാണെന്നാണ് ആഗസ്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനുകളിലൊന്നാണ് ഇന്‍ഡിഗോ. കുറഞ്ഞ ചെലവില്‍ കൃത്യസമയം എന്നതാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം. 240ലേറെ വിമാനങ്ങളുള്ള ഇന്‍ഡിഗോയ്ക്ക് 60 ആഭ്യന്തര കേന്ദ്രങ്ങളും 23 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുമാണ് സര്‍വീസുള്ളത്.