
ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയിലെ വിമാന സര്‍വീസായ ഇന്‍ഡിഗോയും നാളെ ബിസിനസ് പ്രഖ്യാപനത്തിന് ഒരുങ്ങുന്നു. കോഡ്‌ഷെയറിംഗുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ചായിരിക്കും പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്‍ഡിഗോയില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിദേശ നിക്ഷേപത്തില്‍ താത്പര്യമില്ലെന്ന സമീപനമായിരുന്നു ഇന്‍ഡിഗോ സ്വീകരിച്ചത്. ഇന്‍ഡിഗോയില്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും കോഡ്‌ഷെയറിംഗിനെ കുറിച്ച് സംസാരം തുടരുകയാണെന്നും കഴിഞ്ഞ ആഗസ്തില്‍ റോയിട്ടേഴ്‌സിന് നല്കിയ അഭിമുഖത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാകര്‍ പറഞ്ഞിരുന്നു. ഇന്‍ഡിഗോ വിദേശ നിക്ഷേപത്തിന് നിലവില്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ തയ്യാറാവുകയാണെങ്കില്‍ ഖത്തര്‍ എയര്‍വെയ്‌സിന് താത്പര്യമുണ്ടെന്നും അന്നത്തെ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസില്‍ 40 ശതമാനവും ഇന്‍ഡിഗോയാണ് കൈകാര്യം ചെയ്യുന്നത്. മാത്രമല്ല അന്താരാഷ്ട്ര സര്‍വീസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് റോണോ ദത്തയും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അല്‍ ബാക്കറും സംബന്ധിക്കുന്ന ചര്‍ച്ചയില്‍ ഇരു വിമാനക്കമ്പനികളുടേയും കാഴ്ചപ്പാടുകളും ഭാവികാര്യങ്ങളും വിഷയമാകും. തുര്‍ക്കി, ചൈന, വിയറ്റ്‌നാം, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്‍പ്പെടെ 60 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. ഇന്‍ഡിഗോ കഴിഞ്ഞ വാരത്തില്‍ 300 എയര്‍ബസ് എ 320 നിയോ ഫാമിലി വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയിരുന്നു.