
ദോഹ: പ്രായമേറിയവര്‍ക്കായുള്ള ശാക്തീകരണ- പരിരക്ഷാ കേന്ദ്രമായ ഇഹ്‌സാന്‍ സെന്ററില്‍(സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എല്‍ഡര്‍ലി കെയര്‍) ഖത്തര്‍ എയര്‍വേയ്‌സിന്റെ പൈലറ്റുമാരും കാബിന്‍ ക്രൂവും ഉള്‍പ്പെട്ട സംഘം സന്ദര്‍ശനം നടത്തി. സെന്ററിലെ അന്തേവാസികള്‍ക്ക് സമ്മാനപ്പൊതികളുമായാണ് സംഘമെത്തിയത്.
ഖത്തര്‍ എയര്‍വേയ്‌സ് പ്രതിനിധികള്‍ അവരുമായി ആശയവിനിമയം നടത്തുകയും കൂടുതല്‍സമയം ചെലവഴിക്കുകയും ചെയ്തു. പ്രായമാവരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, മുതിര്‍ന്നവരുടെ ശാക്തീകരണം എന്നിവയെക്കുറിച്ചും സംസാരിച്ചു.
സെന്ററിലെത്തിയ ഖത്തര്‍ എയര്‍വേയ്‌സ് സംഘത്തെ ഇഹ്‌സാന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുബാറക് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഖലീഫ സ്വീകരിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് പ്രതിനിധികളോടു നന്ദിയുണ്ടെന്നും സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തോടുള്ള സാമൂഹികഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിന് ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായകമാകും.
രാജ്യത്തെ സര്‍ക്കാറുമായും സ്വകാര്യ മേഖലയുമായും സിവില്‍ സംഘടനകളുമായും സഹകരിച്ച് പ്രായമായവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയുമാണ് ഇഹ്‌സാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തര്‍ എയര്‍വേയ്‌സിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും ഖത്തറിനെ കെട്ടിപ്പെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പൂര്‍വികന്മാരെ അഭിനന്ദിക്കുന്നുവെന്നും അവര്‍ക്ക് ആശംസകളറിയിക്കുന്നുവെന്നും ഖത്തര്‍ എയര്‍വേയ്‌സ് മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ സലാം അല്‍ ശവ്വാ പറഞ്ഞു.