in ,

ഖത്തര്‍ ദേശീയ മ്യൂസിയത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം

ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ മ്യൂസിയവും

ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി. മ്യൂസിയത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ദേശീയ മ്യൂസിയവും ഇടംനേടി.

2019ല്‍ ലോകത്തെ മികച്ച നൂറു സ്ഥലങ്ങള്‍ തെരഞ്ഞെടുത്തപ്പോഴാണ് ദേശീയ മ്യൂസിയവും ഇടംനേടിയത്. വലിയവാര്‍ത്തയാണിതെന്ന് ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി ട്വിറ്ററില്‍ കുറിച്ചു. ടൈം മാഗസിന്റെ പട്ടികയില്‍ മ്യൂസിയങ്ങള്‍, പാര്‍ക്കുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം ഇടംനേടിയിട്ടുണ്ട്.

ടൈം മാഗസിന്‍ മൂന്നു വിഭാഗങ്ങളിലായാണ് ഏറ്റവും മികച്ച നൂറു സ്ഥലങ്ങളെ തിരിച്ചിരിക്കുന്നത്. ഇതില്‍ സന്ദര്‍ശിക്കേണ്ട 37 മ്യൂസിയങ്ങളുടെയും പാര്‍ക്കുകളുടെയും പട്ടികയിലാണ് ഖത്തര്‍ ദേശീയ മ്യൂസിയമുള്ളത്. താമസിക്കേണ്ട മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ 44 ഹോട്ടലുകളും മികച്ച ഭക്ഷണം ആസ്വദിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ 19 റസ്റ്റോറന്റുകളും ഇടംനേടി.

ലോകപ്രശസ്തമായ മ്യൂസിയങ്ങള്‍ക്കൊപ്പമാണ് ഖത്തര്‍ ദേശീയ മ്യൂസിയവും ഇടംനേടിയതെന്നതും ഖത്തറിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. ലോകത്തൊട്ടാകെയുള്ള എഡിറ്റര്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും നാമനിര്‍ദേശങ്ങളില്‍നിന്നാണ് ടൈം മാഗസിന്‍ മികച്ച പട്ടിക നിര്‍ണയിക്കുന്നത്.

വ്യവസായ വിദഗ്ദ്ധരുടെ വിലയിരുത്തലും ഇക്കാര്യത്തില്‍ സഹായകമാകാറുണ്ട്. ഗുണനിലവാരം, തനിമ, സുസ്ഥിരത, നൂതനത, സ്വാധീനം എന്നിവയെല്ലാം കണക്കിലെടുത്താണ് പട്ടിക തയാറാക്കുന്നത്. ടൈം മാഗസിന്‍ ലേഖകന്‍ കാരി വിക്കിന്റെ ലേഖനത്തില്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ രൂപകല്‍പ്പന, ഘടന എന്നിവയുടെ മികവിനെ പ്രശംസിച്ചിട്ടുണ്ട്.

പത്തുവര്‍ഷത്തോളം നീണ്ട നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും അത്യധ്വാനത്തിന്റെയും ഫലമാണ് ദേശീയ മ്യൂസിയം. ചലനങ്ങളും ശബ്ദവും നിറങ്ങളും സമ്മേളിച്ച പതിനൊന്ന് ഗ്യാലറികള്‍ സവിശേഷമായ അനുഭവമാണ് സമ്മാനിക്കുന്നത്.

ഈ പതിറ്റാണ്ടിലെ ഏറ്റവും അസാധാരണമായ കെട്ടിടമാണ് ഖത്തര്‍ ദേശീയ മ്യൂസിയമെന്ന് യുകെ ദിനപത്രമായ ദി ടൈംസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ജീന്‍ നൗവലിന്റെ അസാധാരണവും പാരത്രികവുമായ കെട്ടിടം ആ പ്രത്യേകത കൊണ്ടുമാത്രം സന്ദര്‍ശിക്കാവുന്നതാണ്.

മൂന്ന് അധ്യായങ്ങളിലായാണ് മ്യൂസിയയത്തിന്റെ ചരിത്രവും വര്‍ത്തമാനവും ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, കഥാകഥനം, ചിത്രങ്ങള്‍, വായ്‌മൊഴികള്‍, പൂര്‍വ്വകാല സ്മൃതികള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ആരംഭം, ഖത്തറിലെ ജീവിതം, രാജ്യം കെട്ടിപ്പടുക്കല്‍ എന്നീ മൂന്ന് അധ്യായങ്ങളാണ് ഈ ഗ്യാലറികളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

പൗരാണികവും പാരമ്പര്യവും സംയോജിക്കുന്ന കൈയ്യെഴുത്തു പ്രതികള്‍, രേഖകള്‍, ഫോട്ടോകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വ്യത്യസ്തമാര്‍ന്ന ശേഖരമാണുള്ളത്. ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ കൊട്ടാരമാണ് ദേശീയ മ്യൂസിയത്തിന്റെ ഹൃദയഭാഗം.

ബൃഹത്തായതും വിശ്വസനീയവുമായ സൃഷ്ടിയാണിത്. ഇത്തരത്തില്‍ വേറിട്ട കാഴ്ചകളാണ് മ്യൂസിയം സമ്മാനിക്കുന്നത്. ഖത്തറിന്റെ ഭൂതവും വര്‍ത്തമാനവും മനസിലാക്കാന്‍ മ്യൂസിയം സഹായകമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വൊഡാഫോണ്‍ ഖത്തര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും 5ജി ലഭ്യമാക്കി

ഡിഇസിസി വിനോദനഗരം സന്ദര്‍ശിച്ചത് 75,000 പേര്‍