
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള പ്രീ-യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍(പിയുഇ) 2019-2020 അക്കാഡമിക് വര്‍ഷത്തിന് തുടക്കംകുറിച്ചു. നാലാമത് വാര്‍ഷിക ഫോറത്തോടെയാണ് പുതിയ അധ്യയനവര്‍ഷം തുടങ്ങിയത്.
ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പിയുഇ ഫോറം 2019ല്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ജീവനക്കാര്‍ക്ക് ആശയങ്ങള്‍ക്ക് പങ്കുവയ്ക്കുന്നതിനും അക്കാഡമിക് നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും ക്യുഎഫിന്റെ പിയുഇ സ്‌കൂളുകളിലെയും സെന്ററുകളിലെയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധം കെട്ടിപ്പെടുക്കുന്നതിനുമുള്ള അവസരമായിരുന്നു ഫോറം.
അടുത്തിടെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പിയുഇ പ്രസിഡന്റ് ബുഥൈന എ അല്‍നുഐമി സംസാരിച്ചു. പുതിയ അക്കാഡമിക് വര്‍ഷത്തെ അവര്‍ സ്വാഗതം ചെയ്തു. പന്ത്രണ്ട് പിയുഇ സ്‌കൂളുകളിലായി 5000ലധികം വിദ്യാര്‍ഥികളാണ് പുതിയ അധ്യയനവര്‍ഷത്തില്‍ പ്രവേശനം നേടിയിരിക്കുന്നത്.

വരുംവര്‍ഷത്തില്‍ രണ്ടു പുതിയ പിയുഇ സ്‌കൂളുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങും. താരിഖ് ബിന്‍ സിയാദ് സ്‌കൂളും അ്ക്കാഡമിയാറ്റിയും. എല്ലാവരുടെയും കൂട്ടായ ശ്രമങ്ങളുടെ പിന്‍ബലമാണ് പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്റെ വിജയത്തിനാധാരമെന്ന് അവര്‍ പറഞ്ഞു.
ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനിയറിങ്, ഗണിതം(സ്റ്റെം) എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഖത്തര്‍ അക്കാഡമി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പിയുഇയുടെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള പ്രൊഫഷണല്‍ ഫാക്വല്‍റ്റിയും ശക്തമായ ഭരണനിര്‍വഹണ ടീമും ലക്ഷ്യങ്ങളും വീക്ഷണങ്ങളും നിറവേറ്റാന്‍ സഹായകമാകുന്നുണ്ട്.

കഴിഞ്ഞവര്‍ഷം മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരസമര്‍പ്പണവും നടന്നു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് മികച്ച സംഭാവന നല്‍കിയവര്‍, മികച്ച വിദ്യാഭ്യാസ കര്‍മപദ്ധതി, മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകര്‍, അക്കാഡമിക്- നോണ്‍ അക്കാഡമിക് പ്രാക്ടീഷണേഴ്‌സ് വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരം.
ക്യുഎഫ് വിദ്യാര്‍ഥികളുടെ കഴിവും ശേഷിയും പ്രതിഫലിപ്പിക്കുന്ന പ്രകടനങ്ങളും ചടങ്ങില്‍ നടന്നു. മുബാറക്ക് അല്‍ഹജിരി, മയ അല്‍മസ്‌രി, ജോദ് ശൈഖ്, സുല്‍ത്താന്‍ അല്‍അബ്ദുല്ല, ഇസ്സ അല്‍ബുഐനൈന്‍ എന്നിവരുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. പന്ത്രണ്ട് സ്‌കൂളുകളും അക്കാഡമിക് സ്ഥാപനങ്ങളുമാണ് പിയുഇയുടെ കീഴിലുള്ളത്.