in ,

ഖത്തര്‍ ലോകകപ്പ് ഹരിതാഭമാക്കാന്‍ ഉംസലാല്‍ ടര്‍ഫ് നഴ്‌സറി

ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഹരിതാഭമാക്കാന്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വികസിപ്പിച്ച ഉംസലാല്‍ ടര്‍ഫ് നഴ്‌സറിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. ഖത്തര്‍ വിഭാവനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ ലോകകപ്പിനു താങ്ങും തണലുമാകുന്നത് ഉംസലാല്‍ നഴ്‌സറിയാണ്. ഇവിടെനിന്നുള്ള വിവിധങ്ങളായ മരങ്ങളും സസ്യങ്ങളുമാണ് സ്‌റ്റേഡിയങ്ങള്‍ക്കു ചുറ്റും ഹരിതഭംഗി സൃഷ്ടിക്കുന്നത്.

ലോകകപ്പിനായി തയാറാക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്കു സമീപങ്ങളിലും മരങ്ങളുടെ സാന്നിധ്യമുണ്ടാകും. നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റും മുന്‍നിര്‍ത്തി ഒഴിവാക്കുന്ന മരങ്ങളെ സംരക്ഷിച്ച് ഉപയോഗിക്കുന്ന വിധത്തിലുള്ള പദ്ധതിയും സുപ്രീംകമ്മിറ്റി നടപ്പാക്കുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളും സമീപപ്രദേശങ്ങളും ഹരിതാഭമാക്കാന്‍ ഈ മരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായി സജ്ജമാക്കുന്ന സ്റ്റേഡിയങ്ങള്‍ക്കു ചുറ്റുമായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത പച്ചപ്പുല്ലും മരങ്ങളും നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സുപ്രീംകമ്മിറ്റിയുടെ അത്യാധുനിക ടര്‍ഫ് നഴ്‌സറിയില്‍നിന്നും വികസിപ്പിച്ച പുല്‍ത്തകിടിയാണ് നടുന്നത്.

മേഖലയില്‍തന്നെ ഇത്തരമൊരു നഴ്‌സറി ഇതാദ്യമാണ്. ലോകകപ്പ് സ്‌റ്റേഡിയം മൈതാനങ്ങളില്‍ ഖത്തറില്‍ തന്നെ വികസിപ്പിച്ചെടുത്ത പച്ചപ്പുല്ലുകളാണ് വിരിക്കുന്നത്. രാജ്യത്തിന്റെ കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും അനുയോജ്യമായ രീതിയില്‍ പരീക്ഷിച്ച് വികസിപ്പിച്ചെടുത്ത പുല്ലാണ് നട്ടുപിടിപ്പിക്കുന്നത്. ലോകകപ്പിന്റെ ടര്‍ഫ് ആവശ്യകത നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നഴ്‌സറി പദ്ധതി നടപ്പാക്കിയതെന്ന് സുപ്രീം കമ്മിറ്റി ലാന്‍ഡ്‌സ്‌കേപ് സ്‌പോര്‍ട് ടര്‍ഫ് സീനിയര്‍ മാനേജര്‍ യാസര്‍ അല്‍ മുല്ല പറഞ്ഞു.

ഖത്തറില്‍ കോസ്‌മെറ്റിക് ടര്‍ഫുകളുടെ ദൗര്‍ലഭ്യവും ഇത്തരമൊരു പദ്ധതിയിലേക്ക് നയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ഖത്തറിലാണ് പൂര്‍ത്തിയാക്കിയത്. 22,000 സ്‌ക്വയര്‍മീറ്റര്‍ സ്ഥലത്തായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പുല്ല് നട്ടുപിടിപ്പിച്ചത്.

തുടര്‍ന്ന് 4,23,000 സ്‌ക്വയര്‍മീറ്ററിലേക്ക് വ്യാപിപ്പിച്ചു. പ്രതിവര്‍ഷം മൂന്നു പ്രാവശ്യം വിളവെടുക്കാനാകും. ആകെ 12ലക്ഷം സ്‌ക്വയര്‍മീറ്ററില്‍ വിളവെടുക്കാനാകും. 8.80ലക്ഷം സ്‌ക്വയര്‍മീറ്ററിലധികം വിസ്തീര്‍ണത്തിലാണ് സുപ്രീംകമ്മിറ്റി ട്രീ നഴ്‌സറി. ആസ്പയര്‍ പാര്‍ക്കിന്റെ വലുപ്പത്തിനു തുല്യമാണിത്. ദോഹയുടെ വടക്ക് ഉംസലാല്‍ മുഹമ്മദ് ഏരിയയിലാണ് നഴ്‌സറി. ഇവിടെ ഖത്തര്‍, തായ്‌ലാന്‍ഡ്.

സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 60ലധികം വിവിധ വിഭാഗങ്ങളിലായി 16,000ലധികം മരങ്ങളും 6.79ലക്ഷത്തിലധികം കുറ്റിച്ചെടികളുമാണുള്ളത്. മേഖലയിലെ ഏറ്റവും വലുതും വൈവിധ്യവുമാര്‍ന്ന നഴ്‌സറിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ലാന്‍ഡ്‌സ്‌കേപ്പ് ടര്‍ഫ് ഫാം കൂടിയാണ് ഉംസലാലിലേത്. സമീപത്തെ ദോഹ നോര്‍ത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് വര്‍ക്ക്‌സ് പ്ലാന്റില്‍നിന്നും പുനസംസ്‌കരിച്ച വെള്ളമാണ് നഴ്‌സറിയില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നത്.

നഴ്‌സറിയില്‍ രണ്ടു വലിയ തടാകങ്ങളുമുണ്ട്. 30,000 സ്‌ക്വയര്‍മീറ്ററിലായാണ് ഈ തടാകങ്ങള്‍. നഴ്‌സറിക്ക് ഒന്‍പത് ദിവസത്തേക്ക് ആവശ്യമായ ജലം കരുതല്‍ശേഖരമായി തടാകത്തിലുണ്ടാകും.

ടൂര്‍ണമെന്റിനുശേഷം കമ്യൂണിറ്റികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ നഴ്‌സറി പൊതുപാര്‍ക്കായി പരിവര്‍ത്തിപ്പിക്കും. ലോകകപ്പിനായി എട്ടു പ്രധാന സ്റ്റേഡിയങ്ങളും പരിശീലന കേന്ദ്രങ്ങളില്‍ 48 സ്റ്റേഡിയങ്ങളും ഖത്തര്‍ സജ്ജമാക്കുന്നുണ്ട്. ഈ സ്റ്റേഡിയങ്ങളുടെ ഔട്ട്‌ഡോര്‍ മേഖല കവര്‍ ചെയ്യുന്നതിന് 16,000 മീറ്റര്‍ കോസ്‌മെറ്റിക് ടര്‍ഫാണ് ആവശ്യമായിവരിക. ഓരോ സ്‌റ്റേഡിയത്തിന്റെയും ഔട്ട്‌ഡോര്‍മേഖലകളില്‍ നട്ടുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.

പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചുറ്റുമുള്ള ഹരിതസ്ഥലവും പൂര്‍ത്തിയാകും. അല്‍ബയ്ത്ത് സ്റ്റേഡിയത്തില്‍ 4,20,000 സ്‌ക്വയര്‍മീറ്റര്‍ സ്ഥലത്ത് കോസ്‌മെറ്റിക് ടര്‍ഫ് ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍വഖ്‌റ സ്റ്റേഡിയത്തില്‍ പച്ചപ്പുല്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഉടന്‍ പൂര്‍ത്തിയാകും. അല്‍റയ്യാന്‍ സ്റ്റേഡിയത്തിലും ലുസൈല്‍ സ്റ്റേഡിയത്തിലും നട്ടുുപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

കോസ്‌മെറ്റിക് ടര്‍ഫിന്റെ അറ്റകുറ്റപ്പണികളില്‍ നിന്നും വ്യത്യസ്തമാണ് സ്‌പോര്‍ട്‌സ് ടര്‍ഫിന്റേത്. കോസ്‌മെറ്റിക് ടര്‍ഫിന് ആഴത്തിലുള്ള വേരുകളുണ്ടാകും. സ്‌പോര്‍ട്‌സ് ടര്‍ഫില്‍ പുല്ല് പ്രതിദിനം ചെറുതായി കട്ട് ചെയ്യേണ്ടിവരും.

ലോകകപ്പിനായി പുല്‍ത്തകിടിയൊരുക്കുന്നതിന് ഖത്തര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ശൈത്യകാലത്തോ വേനലിലോ, സൂര്യപ്രകാശത്തിലോ ഇന്‍ഡോറിലോ ഏതു സാഹചര്യത്തിലും ഉപയോഗിക്കാനാകുന്നതും തണല്‍ അനുയോജ്യമായവ, നല്ല വെയിലില്‍ വളരുന്നവ, ജലത്തിന്റെ ഉപയോഗം കുറച്ചു വേണ്ടവ, ദീര്‍ഘകാലം നിലനില്‍ക്കുന്നവ തുടങ്ങി വിവിധ സാഹചര്യങ്ങള്‍ക്കനുയോജ്യമായ പുല്ലുകളാണ് വികസിപ്പിക്കുന്നത്.

യുകെ കേന്ദ്രമായുള്ള സ്‌പോര്‍ട്‌സ് ടര്‍ഫ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (എസ്ടിആര്‍ഐ) മേല്‍നോട്ടം വഹിക്കുന്നത്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് ഇറിഗേഷന്‍ ട്രയല്‍ ഏരിയ ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ മികച്ച ചാമ്പ്യന്‍ഷിപ്പിനായി ഏറ്റവും മികച്ച ടര്‍ഫ് തന്നെയാണ് ഇവിടെ വളരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിഎഫ്ക്യൂ വോളിബോള്‍: സ്വാഗത സംഘം രൂപീകരിച്ചു

ലണ്ടന്‍ ഡയമണ്ട്‌ലീഗ്: ഹൈജമ്പില്‍ മുതാസ് ബര്‍ഷിം രണ്ടാമത്